നിർബന്ധിത തൂക്ക പരിശോധനയില്ല, മിനി റെയ്ക്കുകൾ വരുന്നു! റെയിൽവേ ചരക്ക് ഗതാഗതത്തിൽ വൻ ഇളവുകൾ
text_fieldsന്യൂഡൽഹി: കൂടുതൽ കയറ്റുമതി ചരക്കുകളെ ആകർഷിക്കുന്നതിനായി കണ്ടെയ്നർ ഗതാഗത സംവിധാനം പൂർണമായി പരിഷ്കരിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. കണ്ടെയ്നറുകൾ തൂക്കിനോക്കുന്നതിലുള്ള ഇളവുകൾ, മൂല്യമുള്ള വസ്തുക്കൾ കൊണ്ടുപോകുന്നതിനായി ചെറിയ റെയ്ക്കുകൾ, ഹബ് ആന്‍റ് സ്പോക്ക് മാതൃകയിലൂടെ താരിഫിൽ ഇളവുകൾ, ഫ്ലാറ്റ്ബെഡ് വാഗണുകളുടെ (കണ്ടെയ്നർ ഗതാഗതത്തിന് ഉപയോഗിക്കുന്നത്) അറ്റകുറ്റപ്പണികൾ സ്വകാര്യവത്കരിക്കൽ എന്നിവയാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
കണ്ടെയ്നറുകളിലൂടെയുള്ള കയറ്റുമതി ചരക്കുകളെ നിർബന്ധിത 100% തൂക്കം പരിശോധിക്കുന്നതിൽ നിന്ന് ഒഴിവാക്കും. ചില പ്രത്യേക ചരക്കുകൾക്കായിരിക്കും ഈ ഇളവെന്നും, എങ്കിലും 5% റെയ്ക്കുകളിൽ ചില സാഹചര്യങ്ങളിൽ പരിശോധനകൾ നടത്തും.
ട്രെയിൻ യാത്രക്ക് മുമ്പും ശേഷവും കണ്ടെയ്നറുകൾ തൂക്കിനോക്കാറുണ്ട്. അതിനാൽ റെയിൽവേ നടത്തുന്ന തൂക്ക പരിശോധന അധിക ഒരു നടപടിക്രമമാണ്. ഇനി മുതൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്‍റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള 'വേരിഫൈഡ് ഗ്രോസ് മാസ്' പകർപ്പ് സമർപ്പിച്ചാൽ മാത്രം മതിയാകും.
നടപടിക്രമങ്ങളിലെ ഇളവുകൾക്ക് പുറമെ, കുറഞ്ഞത് 25 വാഗണുകളുള്ള മിനി കണ്ടെയ്നർ റെയ്ക്കുകൾ അവതരിപ്പിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. നിലവിൽ ഇന്ത്യൻ റെയിൽവേയിൽ 45 വാഗണുകൾ വീതമുള്ള 750ഓളം കണ്ടെയ്നർ റെയ്ക്കുകളാണ് (ട്രെയിനുകൾ) ഉള്ളത്. കൂടുതൽ മൂല്യമുള്ള ഉൽപന്നങ്ങൾ കണ്ടെയ്നറുകളിലൂടെ കൊണ്ടുപോകുന്നത് പ്രോത്സാഹിപ്പിക്കാനാണ് മിനി റെയ്ക്കുകൾ ലക്ഷ്യമിടുന്നത്.
വാഗണുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ സ്വകാര്യ മേഖലയെ അനുവദിക്കണമെന്ന വ്യവസായ ലോകത്തിന്റെ നിർദ്ദേശം റെയിൽവേ പരിഗണിക്കുന്നുണ്ട്. ഇത് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പുതിയ ബിസിനസ് അവസരങ്ങൾ തുറന്നുനൽകും. കണക്കുകൾ പ്രകാരം ഏകദേശം 20% വാഗണുകളും എപ്പോഴും മെയിന്‍റനൻസ് ഡിപ്പോകളിലാണ്. കണ്ടെയ്നർ വാഗണുകൾ പരി പാലിക്കുന്നതിനായി മൊത്തം ഫ്രൈറ്റ് താരിഫിന്റെ (ചരക്കുകൂലി) 5% ആണ് ഇന്ത്യൻ റെയിൽവേ ഈടാക്കുന്നത്.
തങ്ങളാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെങ്കിൽ ചരക്കുകൂലിയിൽ ഇളവ് വേണമെന്നാണ് കണ്ടെയ്നർ ട്രെയിൻ ഓപ്പറേറ്റർമാരുടെ ആവശ്യം. കൂടുതൽ വേഗത്തിൽ വാഗണുകൾ ലഭ്യമാക്കാൻ തങ്ങൾക്ക് സാധിക്കുമെന്നും അവർ അവകാശപ്പെടുന്നു.
ഇതിനുപുറമെ, 'ഹബ്ബ് ആന്റ് സ്പോക്ക്' ടെർമിനലുകൾ ലഭ്യമാകുന്ന റൂട്ടുകളുടെ എണ്ണം വർധിപ്പിക്കാനും ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. ഇത് ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർമാർക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കണ്ടെയ്നറുകൾ ഒന്നിച്ച് ശേഖരിച്ച് ട്രെയിനുകളിൽ കൊണ്ടുപോകാൻ സഹായിക്കും. ഹബ്ബ് പോയിന്റുകളിൽ വച്ച് ചരക്കുകൾ വീണ്ടും ബുക്ക് ചെയ്യുമ്പോൾ വരുന്ന ഉയർന്ന ഹ്രസ്വദൂര നിരക്കുകൾക്ക് പകരം, ദീർഘദൂര ചരക്ക് ഗതാഗതത്തിനുള്ള താരിഫ് ആനുകൂല്യങ്ങൾ നിലനിർത്താനും ഇത് വഴിയൊരുക്കും.

