ടാറ്റ മോട്ടോർസിന് പിന്നാലെ മഹീന്ദ്രയും വിഭജിക്കുന്നു
text_fieldsമുംബൈ: രാജ്യത്തെ ശക്തരായ വാഹന നിർമാതാക്കളായ മഹീന്ദ്ര വിഭജിക്കാൻ ഒരുങ്ങുന്നു. ഇലക്ട്രിക് അടക്കമുള്ള യാത്ര വാഹനങ്ങളെ ഒരു വിഭാഗവും ട്രാക്ടർ മറ്റൊരു വിഭാഗവുമായി രണ്ട് സ്വതന്ത്ര കമ്പനികളാക്കാനാണ് പദ്ധതി. ഇതാദ്യമായാണ് ഇത്രയും സുപ്രധാനമായ മാറ്റത്തിന് മഹീന്ദ്ര ഗ്രൂപ്പ് ഒരുങ്ങുന്നത്. വിഭജനം സംബന്ധിച്ച ചർച്ച പ്രാരംഭ ഘട്ടത്തിലാണെന്ന് ഇകണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ കീഴിലെ വ്യത്യസ്ത വിഭാഗങ്ങളാണ് ട്രാക്ടർ ബിസിനസും പാസഞ്ചർ വാഹന നിർമാണവും. അഞ്ച് വർഷത്തിനിടെ ശക്തമായ വളർച്ചയാണ് ഇരു വിഭാഗം ബിസിനസും കൈവരിച്ചത്. സ്പോർട്സ് യൂടിലിറ്റി വെഹിക്കിൾ (എസ്.യു.വി), ട്രാക്ടർ വിഭാഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് മഹീന്ദ്ര തന്നെയാണ്.
മൺസൂൺ, സർക്കാർ സബ്സിഡി, ഗ്രാമീണ സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട ട്രാക്ടർ ബിസിനസ് നിലനിൽക്കുന്നത്. ഏറെ അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന ട്രാക്ടർ ബിസിനസിൽനിന്ന് ശക്തമായ വളർച്ച സാധ്യതയുള്ള യാത്ര വാഹന വിഭാഗത്തെ മാറ്റുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഭാവി വളർച്ച മുന്നിൽ കണ്ട് വ്യത്യസ്ത പദ്ധതികൾ തയാറാക്കുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനും വേണ്ടിയാണ് ട്രാക്ടർ, പാസഞ്ചർ വാഹനങ്ങളെ വിഭജിക്കുന്നതെന്ന് ഗ്രൂപ്പുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം രാജ്യത്തെ ട്രാക്ടർ വിപണിയുടെ 43 ശതമാനവും മഹീന്ദ്രയുടെ നിയന്ത്രണത്തിലാണ്. പാസഞ്ചർ വാഹന വിഭാഗത്തിൽ സ്കോർപിയോ, ഥാർ, എക്സ്‍യുവി തുടങ്ങിയ ജനപ്രിയ മോഡലുകളും പുത്തൻ ഇലക്ട്രിക് കാറുകളും മഹീന്ദ്രയുടെ ശക്തിയാണ്. ഈയിടെ ഏറ്റെടുത്ത എസ്.എം.എൽ ഇസുസുവിനെ ആസ്ഥാനമാക്കി വാണിജ്യ വാഹനങ്ങളുടെ പ്രത്യേക കമ്പനിയാക്കാനും ആലോചനയുണ്ട്.
പാസഞ്ചർ വാഹനങ്ങളെയും വാണിജ്യ വാഹനങ്ങളെയും വിഭജിച്ച് വ്യതസ്ത കമ്പനികളാക്കാൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചതിന് പിന്നാലെയാണ് മഹീന്ദ്രയുടെയും നീക്കം. ഒക്ടോബർ 14നാണ് ടാറ്റ മോട്ടോർസ് വിഭജനം നിലവിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

