Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

5,000 ഹെക്ടർ ഓറഞ്ച് തോട്ടങ്ങൾ വെട്ടിമാറ്റി, കരിഞ്ഞുണങ്ങി മുന്തിരി വള്ളികൾ; കടുത്ത വരൾച്ച‍യിൽ മഹാരാഷ്ട്ര

text_fields
bookmark_border
5,000 ഹെക്ടർ ഓറഞ്ച് തോട്ടങ്ങൾ വെട്ടിമാറ്റി, കരിഞ്ഞുണങ്ങി മുന്തിരി വള്ളികൾ; കടുത്ത വരൾച്ച‍യിൽ മഹാരാഷ്ട്ര
cancel

മുംബൈ: പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ വരൾച്ചകളിലൊന്നാണ് മഹാരാഷ്ട്രയിലെ കർഷകരും പഴവർഗ ഉത്പാദകരും നേരിടുന്നത്. 1972ലേതിനെക്കാൾ ഭീകരമാണ് നിലവിലെ സാഹചര്യമെന്നാണ് അവർ പറയുന്നത്. എൽ നിനോ മൂലം മഴ കുറഞ്ഞത് സംസ്ഥാനത്തുടനീളമുള്ള വിളകളെ നശിപ്പിച്ചു. തോട്ടങ്ങൾ നശിച്ചുപോയാൽ, പുതിയ തോട്ടങ്ങൾ വെച്ചു പിടിപ്പിച്ച് ഫലം തരുന്നതുവരെ കർഷകർക്ക് വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരും.

ഇന്ത്യൻ വീഞ്ഞ് വ്യവസായത്തിന്റെ കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ മുന്തിരിവള്ളികൾ ഉണങ്ങാൻ തുടങ്ങിയത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കിണറുകളും മറ്റ് ജലസ്രോതസുകളും വറ്റിവരണ്ടതോടെ മാതളം, വാഴ, മാവ് എന്നിവ കൃഷി ചെയ്യുന്ന കർഷകർ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഈ സീസണിലെ വിളവെടുപ്പ് ഭൂരിഭാഗവും നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ, വൃക്ഷങ്ങളും വള്ളികളും പോലെ വിലപ്പെട്ട സ്വത്തുക്കൾ രക്ഷിക്കുക എന്നതിനാണ് കർഷകർ ഇപ്പോൾ മുൻഗണന നൽകുന്നത്.

മഹാരാഷ്ട്രയിലെ 358 താലൂക്കുകളിൽ 265 എണ്ണവും (സംസ്ഥാനത്തിന്റെ മുക്കാൽ ഭാഗത്തോളം) വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 18.8% മഴയുടെ കുറവും നീണ്ടുനിന്ന വരണ്ട കാലാവസ്ഥയുമാണ് ഇതിന് കാരണം. മറാത്തവാഡ, വിദർഭ എന്നീ മേഖലകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പഴവർഗ ഉത്പാദക സംസ്ഥാനമായതിനാൽ മഹാരാഷ്ട്രയിലെ കച്ചവടവിളകൾക്കുണ്ടാകുന്ന നാശം മറ്റ് സംസ്ഥാനങ്ങളെയും ബാധിക്കും. 2024-25 ലെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ മൊത്തം മുന്തിരി ഉത്പാദനത്തിന്റെ 69 ശതമാനത്തിലധികവും മഹാരാഷ്ട്രയിൽ നിന്നായിരുന്നു. കൂടാതെ, ഇന്ത്യയുടെ പഴവർഗ കയറ്റുമതിയിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് മുന്തിരി, മാതളം, മാങ്ങ, വാഴപ്പഴം എന്നിവ.

വായ്പാ പുനഃക്രമീകരണം, ഭൂനികുതി ഇളവുകൾ, കാർഷിക വായ്പകൾ ഈടാക്കുന്നത് താൽക്കാലികമായി നിർത്തുക, വൈദ്യുതി ഇളവുകൾ എന്നിവ അടങ്ങുന്ന ആശ്വാസനടപടികൾ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിളനാശത്തിനുള്ള നഷ്ടപരിഹാരം ഫീൽഡ് പരിശോധനകൾക്ക് വിധേയമായി മാത്രമേ നൽകൂ. അടിയന്തര സാമ്പത്തിക സഹായം നേരിട്ട് നൽകുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്ക് ഏറ്റവും അടിയന്തരമായി വേണ്ടത് വെള്ളമാണെന്നും, തോട്ടങ്ങൾ നിലനിർത്താൻ ടാങ്കർ വിതരണവും 'വാട്ടർ ട്രെയിനുകളും' (കുടിവെള്ള തീവണ്ടികൾ) ഏർപ്പെടുത്തണമെന്നും പഴവർഗ കർഷകർ ആവശ്യപ്പെടുന്നു.

വിള നഷ്ടപ്പെട്ടു, ഇനി വള്ളികൾ രക്ഷിക്കണം

മഹാരാഷ്ട്രയിലെ മുന്തിരിത്തോട്ടങ്ങളിൽ ഒക്ടോബർ മാസം നിർണായകമാണ്. ഈ സമയത്താണ് മുന്തിരിവള്ളികൾ വെട്ടി അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്ന പ്രക്രിയയ്ക്ക് തുടക്കമിടുന്നത്. ഈ വിളവെടുപ്പ് ചക്രത്തിലുണ്ടാകുന്ന തടസം കൃഷിയിടങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപിച്ച് വ്യവസായ ഉത്പാദനത്തെയും സാമ്പത്തിക രംഗത്തെയും ബാധിക്കും

മുന്തിരി കൃഷിക്ക് വലിയ നിക്ഷേപം ആവശ്യമാണ്. ഇൻപുട്ടുകൾക്ക് മാത്രമായി കർഷകർ ഒരു ഏക്കറിന് 50,000 മുതൽ 60,000 രൂപ വരെ ചിലവഴിക്കുന്നു. ഇത് തോട്ടങ്ങൾ നശിച്ചാലുണ്ടാകുന്ന ഭീമമായ നഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. നാസിക്, സാംഗ്ലി, സോലാപൂർ, പുനെ എന്നിവയാണ് പ്രധാന മുന്തിരി ഉത്പാദന ജില്ലകൾ. 2025-26 ൽ ഇന്ത്യ 368 ദശലക്ഷം ഡോളർ മൂല്യമുള്ള 2.24 ലക്ഷം ടൺ മുന്തിരി കയറ്റി അയച്ചു. നെതർലാൻഡ്‌സ്, റഷ്യ, യുകെ, യുഎഇ, ബംഗ്ലാദേശ് എന്നിവയായിരുന്നു പ്രധാന വിപണികൾ. ഈ വരൾച്ചയ്ക്ക് മുമ്പ് തന്നെ ഈ വ്യവസായം സമ്മർദ്ദത്തിലായിരുന്നു. നീണ്ടുനിന്ന മഴയും ആലിപ്പഴ വീഴ്ചയും തോട്ടങ്ങളെ നശിപ്പിക്കുകയും കയറ്റുമതി നിലവാരമുള്ള ഉത്പാദനം കുറയ്ക്കുകയും ചെയ്തതിനെത്തുടർന്ന് നാസിക്കിലെ മുന്തിരി കയറ്റുമതി 2025-26 ൽ 9.6% കുറഞ്ഞിരുന്നു.

മാങ്ങ, മാതളം, വാഴ തോട്ടങ്ങളും ഭീഷണിയിൽ

മഹാരാഷ്ട്രയിലെ മറ്റ് പഴവർഗ കൃഷി മേഖലകളിലും ഇതേ ഭീതി പടരുകയാണ്. മാവ്, മാതളം, വാഴ എന്നിവ കൃഷി ചെയ്യുന്ന കർഷകരും തങ്ങളുടെ വർഷങ്ങളുടെ പ്രയത്നം രക്ഷിച്ചെടുക്കാൻ പാടുപെടുകയാണ്. മഹാരാഷ്ട്രയിലെ ഓറഞ്ച് മേഖലയിലേക്കും പ്രതിസന്ധി പടർന്നു. ഏതാണ്ട് 5,000 ഹെക്ടറിലധികം പ്രദേശത്തെ മരങ്ങൾ വെട്ടിമാറ്റിയതായും, ബാക്കിയുള്ള തോട്ടങ്ങളിൽ പൂവിടുന്നതിലും കായ്ക്കുന്നതിലും പ്രശ്നങ്ങൾ നേരിടുന്നതായും റിപ്പോർട്ടുകൾ പറയുന്നത്.

സൂര്യപ്രകാശത്തിന്റെ പകുതി തടയുന്ന 50% കാർഷിക തണൽ വലയ്ക്ക് ചതുരശ്ര മീറ്ററിന് 17 രൂപയോളമാണ് വില. ഒരു ഏക്കർ മറയ്ക്കുന്നതിനുള്ള വലക്ക് മാത്രം ഏകദേശം 69,000 രൂപ ചിലവാകും. കമ്പികൾ, തൂണുകൾ, ഇൻസ്റ്റലേഷൻ എന്നിവക്ക് പുറമെയാണിത്. ഒരു കർഷകന് ശരാശരി ഒന്നു മുതൽ രണ്ടേക്കർ വരെ മുന്തിരിത്തോട്ടമുണ്ടെന്ന കണക്ക് വെച്ച് നോക്കുമ്പോൾ, വലയ്ക്ക് മാത്രം 69,000 മുതൽ 1.38 ലക്ഷം രൂപ വരെ ചിലവ് വരും.

മഹാരാഷ്ട്ര സർക്കാറിന്റെ ഹോർട്ടികൾച്ചർ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച്, 2024-25 ൽ സംസ്ഥാനത്ത് 1.67 ലക്ഷം ഹെക്ടർ മാവും, 1.41 ലക്ഷം ഹെക്ടർ വാഴയും, 1.19 ലക്ഷം ഹെക്ടർ മുന്തിരിയും, 1.07 ലക്ഷം ഹെക്ടർ മാതളവും കൃഷിയുണ്ടായിരുന്നു.മാമ്പഴ കർഷകർ ഇതിനകം തന്നെ കടുത്ത പ്രതിസന്ധി അനുഭവിച്ചവരാണ്. 2026-ന്റെ തുടക്കത്തിൽ രൂക്ഷമായ കാലാവസ്ഥ ദേവ്ഗഡിലെ അൽഫോൻസോ മാമ്പഴ വിളവെടുപ്പിനെ 85 മുതൽ 90% വരെ ബാധിച്ചിരുന്നു.

സോലാപൂർ, അഹില്യാനഗർ, പുനെ എന്നീ മേഖലകളിലെ മാതള ഉത്പാദനവും ആശങ്കയിലാണ്. ഒരു സീസണിൽ മാത്രം കൃഷി ചെയ്യുന്ന വിളകളെപ്പോലെയല്ല, വർഷങ്ങളുടെ നിക്ഷേപമാണ് ഒരു തോട്ടം. അതുകൊണ്ട് തന്നെ ചെടിയെ സംരക്ഷിക്കുക എന്നത് കർഷകന് വളരെ പ്രധാനമാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ വാഴ ഉത്പാദന ജില്ലയായ ജൽഗാവിൽ സെപ്റ്റംബറിലെ കുറഞ്ഞ മഴ കാരണം പഴത്തിന്റെ ഗുണനിലവാരം കുറയുകയും മൊത്തവ്യാപാര വില ഇടിയുകയും ചെയ്തു. വ്യാപാരികൾ കിലോയ്ക്ക് 3 രൂപ മാത്രം വില പറഞ്ഞതിനെത്തുടർന്ന് ഒരു കർഷകൻ തന്റെ നാല് ഏക്കർ വാഴത്തോട്ടം നശിപ്പിച്ചു കളഞ്ഞു.

തോട്ടങ്ങൾ നിലനിർത്താൻ വെള്ളം വണ്ടികൂലി കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് കർഷകർ. മുൻ വരൾച്ചാ സമയങ്ങളിൽ ചെയ്തതുപോലെ സർക്കാർ അടിയന്തര വാട്ടർ ട്രെയിനുകൾ ഏർപ്പെടുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഛത്രപതി സംബാജിനഗറിലെ ഷഹാപൂരിൽ, കിണർ വറ്റിയതിനെത്തുടർന്ന് രണ്ട് ടാങ്കർ വെള്ളത്തിനായി ദിവസവും 3,000 രൂപ ചിലവാക്കുന്നുണ്ടെന്ന് ബദരിനാഥ് ഭരത് എന്ന കർഷകൻ പറഞ്ഞു. പരുത്തിയും ചോളവും ഇതിനകം നഷ്ടപ്പെട്ട ഇദ്ദേഹം വാങ്ങുന്ന വെള്ളം ഉപയോഗിച്ചാണ് ഇഞ്ചി കൃഷിയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുന്നത്.

മറാത്തവാഡയിലെ 76 താലൂക്കുകളിൽ 74 എണ്ണവും വരൾച്ച ബാധിതമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ അവസാനത്തോടെ 160 ഗ്രാമങ്ങളിലേക്ക് 277 ടാങ്കറുകൾ വഴിയാണ് ജലവിതരണം നടത്തിയിരുന്നത്. പഴങ്ങൾക്ക് പുറമെ സോയാബീൻ, പരുത്തി, ചോളം എന്നിവയെയും വരൾച്ച സാരമായി ബാധിച്ചിട്ടുണ്ട്. സോയാബീൻ വിളനാശം ഒരു സീസണിനെ മാത്രമേ ബാധിക്കൂ, എന്നാൽ മുന്തിരിവള്ളിയോ മാതളച്ചെടിയോ മാവോ നശിച്ചാൽ അത് വർഷങ്ങളുടെ നിക്ഷേപത്തെയും കർഷകരുടെ ഭാവി വരുമാനത്തെയുമാണ് ഇല്ലാതാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - maharashtra draught
Next Story