ലുലു മാളിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് യു.പിക്കാര്‍; ആദ്യ ദിനം തന്നെ മാളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്
text_fieldsലഖ്നോ: ഉദ്ഘാടനത്തിന് പിന്നാലെ ഷോപ്പിങ് ആഘോഷമാക്കി യു.പിയിലെ ലഖ്നോ ലുലു മാൾ. മാള്‍ തുറന്ന ആദ്യ ദിനം തന്നെ സന്ദര്‍ശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ കാണാന്‍ യു.പിക്ക് പുറത്ത് നിന്നും ആളുകള്‍ എത്തുന്നതായി മാനേജ്മെന്റ് അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വമ്പന്‍ ഒാഫറുകള്‍ സ്വന്തമാക്കാന്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം വന്‍ തിരക്കായിരുന്നു. ലുലു ഫാഷന്‍ സ്റ്റോറിലും ലുലു കണക്ടിലും 50 ശതമാനം വരെ ഇളവുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്.
മാളിലെ ഏറ്റവും വലിയ എന്‍റര്‍ടെയ്ന്‍മെന്‍റ് സെന്‍ററായ ഫണ്‍ ടൂറയിലെ വിദേശ റൈഡുകളടക്കം പരിചയപ്പെടാന്‍ മുതിര്‍ന്നവരും കുരുന്നുകളും ഒരുപോലെയെത്തി. വൈകീട്ട് തിരക്ക് കൂടിയതോടെ മാളിലെ അതിവിശാലമായ ഫുഡ് കോര്‍ട്ടും നിറഞ്ഞു.
22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്നോ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. പി.വി.ആറിന്‍റെ 11 സ്ക്രീനുകളുള്ള അത്യാധുനിക തിയറ്ററുകളും വൈകാതെ മാളില്‍ തുറക്കും. 3000 വാഹനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പാര്‍ക്കിങ് ഏരിയയാണ് മാളിനെ തുടക്കത്തില്‍ തന്നെ ജനപ്രിയമാക്കിയ മറ്റൊരു ഘടകം.

