Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലാറ്റുകൾ കൂടുതൽ ആരുടെ കൈയിൽ? കേരളത്തിൽ ഞെട്ടിക്കുന്ന മാറ്റം

text_fields
bookmark_border
റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവാസി നിക്ഷേപത്തിൽ ഇടിവ്
https://www.madhyamam.com/tags/real-estate
cancel

കോഴിക്കോട്: കേരളത്തിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്രവണതകൾ മാറുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിൽ പ്രവാസികളെ പിന്നിലാക്കി സ്വദേശികൾ മുന്നിലെത്തിയിരിക്കുകയാണ്.

മുൻകാലങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വങ്ങൾ ഈ മേഖലയെ നേരിട്ട് ബാധിച്ചിരുന്നെങ്കിൽ, ഇന്ന് അതല്ല സ്ഥിതി. പ്രധാന നിക്ഷേപകർ പ്രവാസികളല്ല എന്നതാണ് അതിനു കാരണം. അതുകൊണ്ടുതന്നെ, ഇന്നത്തെ ഗൾഫ് പ്രതിസന്ധികൾ റിയൽ എസ്റ്റേറ്റ് രംഗത്തെ കാര്യമായി ബാധിക്കുന്നില്ല.

കേരളത്തിലെ ഫ്ലാറ്റുകളുടെ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം ഇപ്പോൾ സ്വകാര്യ-സർക്കാർ മേഖലകളിലെ ജീവനക്കാരാണെന്നാണ് പുതിയ റിപ്പോർട്ട്. മുമ്പ് ഫ്ലാറ്റ് വാങ്ങുന്നവരിൽ ഏകദേശം 80 ശതമാനവും പ്രവാസികളും 20 ശതമാനം സ്വദേശികളും ആയിരുന്നുവെങ്കിൽ, ഇപ്പോൾ 80 ശതമാനം പേരും നാട്ടിലെ ഉപഭോക്താക്കളും 20 ശതമാനം പ്രവാസികളുമാണെന്ന് ക്രെഡായ് (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപേഴ്സ് അസോസിയേഷൻ) എക്സിക്യൂട്ടിവ് കൗൺസിൽ അംഗം എസ്.എൻ. രഘുചന്ദ്രൻ നായർ വ്യക്തമാക്കുന്നു.

സർക്കാർ ജീവനക്കാരുടെയും സ്വകാര്യ മേഖലയിലുള്ളവരുടെയും വരുമാനം വർധിച്ചതാണ് ഇതിന് പ്രധാന കാരണമായി കരുതപ്പെടുന്നത്. സംസ്ഥാന സർക്കാർ സർവിസിലെ ശരാശരി വാർഷിക ശമ്പളം ഇപ്പോൾ ഏകദേശം പത്ത് ലക്ഷം രൂപയു​ടെ അടുത്തുവരും. സംസ്ഥാനത്തെ 5.54 ലക്ഷം സർക്കാർ ജീവനക്കാരിൽ രണ്ട് ലക്ഷത്തിലധികം പേർ പ്രതിവർഷം 12 ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്നവരാണ്.

ആകർഷകമായ ഭവന വായ്പകളും, ഭവന വായ്പകൾക്കുള്ള ആദായനികുതി ഇളവുകളും ഈ മേഖലയിൽ നിക്ഷേപം നടത്താൻ സ്വദേശികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. 2026 മാർച്ച് വരെയുള്ള സാമ്പത്തിക വർഷം കേരളത്തിലെ ബാങ്കുകൾ 6,61,426 ഗുണഭോക്താക്കൾക്കായി 56,491 കോടി രൂപ ഭവന വായ്പയായി അനുവദിച്ചതായാണ് കണക്ക്. 2025 മാർച്ചിൽ, ഇത് 6,09,010 ഗുണഭോക്താക്കൾക്ക് 43,359 കോടി രൂപയായിരുന്നു. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രവാസികൾ വിദേശത്തേക്ക് സ്ഥിരമായി കുടിയേറുന്നതും, സ്വർണത്തിലോ ബിസിനസ് സംരംഭങ്ങളിലോ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റിലോ നിക്ഷേപം നടത്തുന്നതും, കേരളത്തിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്രവണത മാറുന്നതിന് കാരണമാകുന്നുണ്ട്.

പ്രവാസി നിക്ഷേപങ്ങളിലെ സ്തംഭനാവസ്ഥ കാരണം പലരും സ്വർണം പോലുള്ള എളുപ്പമുള്ള മാർഗങ്ങളിൽ നിക്ഷേപിക്കുന്നതായാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവാസി നിക്ഷേപം കുറയാൻ കാരണമാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ചെയർമാൻ എസ്. ഇരുദയ രാജൻ ചൂണ്ടിക്കാട്ടുന്നു.

പ്രവാസികൾ വാങ്ങിക്കൂട്ടിയ പല ഫ്ലാറ്റുകളും ഒഴിഞ്ഞുകിടക്കുമ്പോൾ, സ്വദേശികളിൽ പലരും ഫ്ലാറ്റുകൾ വാടകക്ക് നൽകി വരുമാനം കണ്ടെത്തുകയാണ്. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി 2021-ൽ രജിസ്ട്രേഷൻ ആരംഭിച്ചതുമുതൽ ഇതുവരെ ആകെ 60,526 റസിഡൻഷ്യൽ യൂനിറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story