മെസ്സിയുടെ ഇടത്തേ കാലിന് 8,151 കോടി ഇൻഷൂറൻസ്; ഒരു നിബന്ധന പാലിച്ചില്ലെങ്കിൽ നഷ്ടമാകും
text_fieldsമുംബൈ: ഇതിഹാസ താരം ലയണല്‍ മെസ്സി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിലാണ്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളിലാണ് 38കാരനായ താരം സന്ദർശനം നടത്തുന്നത്. ഇന്ത്യയിലെത്തിയ മെസ്സി ഒരു സൗഹൃദ മത്സരത്തിനായി പോലും ബൂട്ടണിയാത്തത് എന്തുകൊണ്ടാണെന്നാണ് ആയിരക്കണക്കിന് ആരാധകരുടെ സംശയം. അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലുള്ള ഇൻഷൂറൻസ് പോളിസിയാണ്.
ലോകത്ത് ഏറ്റവും വലിയ സ്പോർട്സ് ഇൻഷൂറൻസ് പോളിസി ഉടമയാണ് മെസ്സി. 900 ദശലക്ഷം ഡോളർ അതായത് 8,151 കോടി രൂപക്കാണ് അദ്ദേഹത്തിന്റെ ഇടത്തേ കാൽ ഇൻഷൂർ ചെയ്തിരിക്കുന്നത്. പോളിസിയുള്ളതിനാൽ ഫുട്ബാൾ കരിയറിനെ ബാധിക്കുന്ന പരിക്ക് സംഭവിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ, ഒരു നിബന്ധന ബാധകമാണ്. സ്വന്തം ക്ലബിനോ രാജ്യത്തിനോ വേണ്ടിയല്ലാതെ ഫുട്ബാൾ കളിക്കരുത്. അർജന്റീനയുടെ ദേശീയ ഫുട്ബാൾ ടീം അംഗവും അമേരിക്കൻ ഫുട്ബാൾ ക്ലബായ ഇന്റർ മിയാമിയുടെ താരവുമാണ് മെസ്സി.
ഇൻഷൂറൻസ് പോളിസിയുടെ നിബന്ധന കാരണം സ്വന്തം രാജ്യത്തിനും ക്ലബിനും വേണ്ടിയല്ലാതെ അദ്ദേഹത്തിന് ബൂട്ട് അണിയാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യയിൽ സന്ദർശന ഭാഗമായി ഒരു സൗഹൃദ മത്സരം പോലും സംഘടിപ്പിക്കാതിരുന്നത്. ഇന്ത്യൻ മണ്ണിൻ കളിച്ച് പരിക്കേറ്റാൽ കോടിക്കണക്കിന് രൂപയുടെ ഇൻഷൂറൻസ് തുക മെസ്സിക്ക് നഷ്ടമാകും. വൻ തുകയുടെ ഇൻഷൂറൻസ് ആയതിനാൽ പോളിസി നൽകിയ കമ്പനിയുടെ വിവരങ്ങൾ പോലും പുറത്തുവിട്ടിട്ടില്ല.
ഇൻഷുറൻസ് പോളിസികൾ സൗഹൃദ മത്സരങ്ങൾക്ക് പരിരക്ഷ നൽകാത്തതിനാൽ പരിക്കേൽക്കുന്ന കായിക താരങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമാകാനുള്ള സാധ്യതയുണ്ട്. പക്ഷെ, ബാസ്കറ്റ് ബാൾ ഇതിഹാസം മൈക്കൽ ജോർഡനെ ഇൻഷൂർ ചെയ്ത ചിക്കാഗോ ബുൾസ് എന്ന കമ്പനി പ്രത്യേകിച്ച് ഒരു നിബന്ധനയും മുന്നിൽവെച്ചിരുന്നില്ല. ഏത് രാജ്യത്തും എപ്പോൾ വേണമെങ്കിലും ഇൻഷൂറൻസ് കമ്പനിയുടെ അനുവാദമില്ലാതെ കളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നു. സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റാൽ പോലും നഷ്ടപരിഹാരം നൽകുമെന്നതായിരുന്നു ചിക്കാഗോ ബുൾസിന്റെ കരാർ.
ഫുട്ബാൾ താരങ്ങളായ ഡേവിഡ് ബെക്കാമിന്റെ കാലുകൾ 195 ദശലക്ഷം ഡോളറിനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലുകൾ 90 ദശലക്ഷം ഡോളറിനും ഇൻഷൂർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

