വോട്ട് ചെയ്യുന്നത് അദാനിക്കും അംബാനിക്കും അനുകൂലമായി മാത്രം; എൽ.ഐ.സി വീണ്ടും സംശയമുനയിൽ
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ ലൈഫ് ഇൻഷൂറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി) നിക്ഷേപങ്ങൾ വൻ വിവാദമായതിന് പിന്നാലെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളുമായി പുതിയ റിപ്പോർട്ട്. ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ കമ്പനിയിലെ നിക്ഷേപമാണ് നേരത്തെ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചത്. എന്നാൽ, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികളും കൊണ്ടുവരുന്ന മിക്ക പ്രമേയങ്ങൾക്കും അനുകൂലമായി മാത്രമാണ് എൽ.ഐ.സി വോട്ടു ചെയ്യുന്നതെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. മറ്റെല്ലാ കമ്പനികളുടെയും സമാന പ്രമേയങ്ങളും വോട്ട് ചെയ്ത് തള്ളുമ്പോഴാണ് അദാനിയുടെയും റിലയൻസിന്റെയും പ്രമേയങ്ങൾ എൽ.ഐ.സി കണ്ണടച്ച് അംഗീകരിക്കുന്നത്. 2022 ഏപ്രിൽ ഒന്ന് മുതൽ അദാനിയുടെയും മുകേഷ് അംബാനിയുടെയും ഒഴികെയുള്ള ഒരു വൻകിട കമ്പനിയുടെ പ്രമേയത്തെയും എൽ.ഐ.സി അനുകൂലിച്ചിരുന്നില്ലെന്നും ലൈവ് മിന്റ് തയാറാക്കിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോടിക്കണക്കിന് രൂപയുടെ ആസ്തി കൈകാര്യം എൽ.ഐ.സിയുടെ നിക്ഷേപ തീരുമാനങ്ങളിൽ വ്യവസായ പ്രമുഖർ സ്വാധീനം ചെലുത്തുന്നുണ്ടെന്ന സംശയം ഉണർത്തുന്നതാണ് റിപ്പോർട്ട്. മാത്രമല്ല, മറ്റു കമ്പനികളിൽനിന്ന് വ്യത്യസ്തമായി അതിസമ്പന്നരുടെ കമ്പനികളിൽ വോട്ടു ചെയ്യുന്നതിന് എൽ.ഐ.സിക്ക് പ്രത്യേക നയമുണ്ടോയെന്നാണ് വിദഗ്ധർ ചോദിക്കുന്നത്.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, അദാനിയുടെ അദാനി എന്റർപ്രൈസസ്, അംബുജ സിമന്റ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, എ.സി.സി, അദാനി ഗ്രീൻ എനർജി തുടങ്ങിയ കമ്പനികളിലാണ് എൽ.ഐ.സിക്ക് വൻ ഓഹരി പങ്കാളത്തിമുള്ളത്.
റിലയൻസ് ഇൻഡസ്ട്രീസിലെയും ജിയോ ഫിനാൻഷ്യൽ സർവിസസിലെയും ഏറ്റവും വലിയ പൊതു ഓഹരി ഉടമയാണ് എൽ.ഐ.സി. റിലയൻസ് ഇൻഡസ്ട്രീസിൽ എൽ.ഐ.സിക്ക് 6.94 ശതമാനം ഓഹരിയാണുള്ളത്. അതായത് 1.47 ലക്ഷം കോടി രൂപയുടെ നിക്ഷേപം. എൽ.ഐ.സിയുടെ മൊത്തം നിക്ഷേപത്തിൽ മൂന്ന് ശതമാനത്തോളം വരുമിത്. എന്നാൽ, റിലയൻസും ജിയോയും മൂന്നര വർഷത്തിനിടെ കൊണ്ടുവന്ന 63 പ്രമേയങ്ങളിലും അനുകൂലമായി എൽ.ഐ.സി വോട്ടു ചെയ്തു. എന്നാൽ, ഇതേകാലയളവിൽ മറ്റു കമ്പനികൾ തയാറാക്കിയ പ്രമേയങ്ങളെ എൽ.ഐ.സി എതിർക്കുകയോ വോട്ടെടുപ്പിൽനിന്ന് മാറിനിൽക്കുകയോ ചെയ്തെന്ന് രേഖകൾ വ്യക്തമാക്കുന്നു.
അതുപോലെ, അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ തയാറാക്കിയ 368 പ്രമേയങ്ങളിൽ 351 എണ്ണത്തിലും എൽ.ഐ.സി അനുകൂലമായി വോട്ടു ചെയ്തു. ബാക്കി 17 പ്രമേയങ്ങളുടെ വോട്ടെടുപ്പിൽനിന്ന് മാറിനിന്ന എൽ.ഐ.സി, ഒരു ഷെയർഹോൾഡർ പ്രൊപോസൽ പോലും എതിർത്തിട്ടില്ല. എന്നാൽ, ഇതേകാലയളവിൽ മറ്റു പല സമ്പന്നരുടെ കമ്പനികളും മുന്നോട്ടുവെച്ച പ്രമേയങ്ങളെ എതിർത്തിരുന്നു എന്നതും ഞെട്ടിക്കുന്നതാണ്.
ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്ന 300 ലധികം കമ്പനികളിൽ എൽ.ഐ.സിക്ക് ഒന്നിലധികം ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ, 2023 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ 9,000 പ്രമേയങ്ങളിൽ 92 ശതമാനത്തിലും എൽ.ഐ.സി അനുകൂലമായി വോട്ട് ചെയ്തു. ആറ് ശതമാനം പ്രമേയങ്ങളിൽ വോട്ട് ചെയ്യുന്നതിൽനിന്ന് വിട്ടുനിന്നു. രണ്ട് ശതമാനത്തിൽ താഴെ പ്രമേയങ്ങൾ മാത്രമാണ് തള്ളിയത്. 57.23 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന എൽ.ഐ.സി, ഓഹരികൾ, മ്യൂച്ച്വൽ ഫണ്ടുകൾ, സർക്കാർ കടപ്പത്രങ്ങൾ തുടങ്ങിയവയിലാണ് നിക്ഷേപം നടത്തുന്നത്. കമ്പനികളുടെ പ്രമേയങ്ങളിൽ വോട്ട് ചെയ്യുന്നതിൽ പൊരുത്തക്കേടും അപകട സാധ്യതയുണ്ടെന്നുമാണ് എൽ.ഐ.സിയുടെ സെപ്റ്റംബർ വരെയുള്ള വോട്ടിങ് രേഖകൾ വ്യക്തമാക്കുന്നത്.
ഉദാഹരണത്തിന്, രണ്ട് വർഷം മുമ്പ് 2023 ആഗസ്റ്റിൽ മുകേഷ് അംബാനിയെ റിലയൻസ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറായി പുനർനിയമിക്കാനുള്ള തീരുമാനത്തിന് അനുകൂലമായി എൽ.ഐ.സി വോട്ടു ചെയ്തു. എന്നാൽ, 1.14 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നിട്ടും ഈ വർഷം മാർച്ചിൽ ടി.വി.എസ് മോട്ടോർ കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചെയർമാൻ എമിറേറ്റസുമായി വേണു ശ്രീനിവാസനെ പുനർനിയമിക്കാനുള്ള വോട്ടെടുപ്പിൽനിന്ന് എൽ.ഐ.സി വിട്ടുനിൽക്കുകയാണുണ്ടായത്.
കഴിഞ്ഞ വർഷം ജൂണിൽ അദാനിയുടെ സഹോദരൻ രാജേഷ് അദാനിയെ മാനേജിങ് ഡയറക്ടറായി അഞ്ച് വർഷത്തേക്ക് വീണ്ടും നിയമിക്കുന്നതിനും അദ്ദേഹത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നതിനുമായി അദാനി എന്റർപ്രൈസസ് ഓഹരി ഉടമകളുടെ അനുമതി തേടിയിരുന്നു. ഒപ്പം അദാനിയുടെ അനന്തരവൻ പ്രണവ് അദാനിയെ അഞ്ച് വർഷത്തേക്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിനും പ്രതിഫലം നിശ്ചയിക്കുന്നതിനുമുള്ള പ്രമേയവുമുണ്ടായിരുന്നു.
എന്നാൽ, രണ്ട് പ്രമേയങ്ങളിലും വോട്ട് ചെയ്യുന്നതിൽനിന്ന് എൽ.ഐ.സി വിട്ടുനിന്നു. പ്രമേയം നിയമാനുസൃതമാണെന്നും ഇരുവർക്കും പ്രതിഫലം നിശ്ചയിക്കുന്നതിൽ പരിധിയില്ലെന്നുമായിരുന്നു എൽ.ഐ.സിയുടെ വാദം.
ഇതേ കാലയളവിൽ മുരുഗപ്പ ഗ്രൂപ്പ് കമ്പനിയായ കൊറൊമാൻഡൽ ഇന്റർനാഷനൽ ലിമിറ്റഡ് കൊണ്ടുവന്ന രണ്ട് പ്രമേയങ്ങളെ എൽ.ഐ.സി തള്ളുകയാണുണ്ടായത്. അരുണാചലം വെള്ളായനെ ഡയറക്ടറായി നിയമിക്കാനും അദ്ദേഹത്തിന്റെ പ്രതിഫലം നിശ്ചയിക്കാനും നാരായണൻ വെള്ളായനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാനും അദ്ദേഹത്തിന്റെ പ്രതിഫലം നിശ്ചയിക്കാനുമായിരുന്നു പ്രമേയങ്ങൾ. പ്രതിഫലം നിശ്ചയിക്കുന്നതിന് പരിധിയില്ലാത്തതിനാൽ ഭരണപരമായ ആശങ്കയുണ്ടെന്നായിരുന്നു പ്രമേയത്തെ എതിർത്തതിൽ എൽ.ഐ.സിയുടെ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

