ഓഹരി വിപണിയിൽ വീണ്ടും കൊറിയൻ വൈബ്; എൽ.ജി ഐ.പി.ഒ ഏഴിന് എത്തും
text_fieldsമുംബൈ: ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് നിർമാണ കമ്പനിയായ എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രഥമ ഓഹരി വിൽപ്പനക്ക് ഒരുങ്ങുന്നു. അടുത്ത ആഴ്ച നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ഒക്ടോബർ ഏഴ് മുതൽ ഓഹരിക്ക് വേണ്ടി അപേക്ഷ നൽകി തുടങ്ങാം. ഒമ്പതോടെ സബ്സ്ക്രിപ്ഷൻ സമയം അവസാനിക്കും. 1,080-1,140 രൂപയായിരിക്കും ഒരു ഓഹരിയുടെ വില. ചെറുകിട നിക്ഷേപകർക്ക് ഐ.പി.ഒയിലൂടെ 13 ഓഹരികൾ സ്വന്തമാക്കാം.
കാർ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോർസിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ഏറ്റവും വലിയ ദക്ഷിണ കൊറിയൻ കമ്പനിയാണ് എൽ.ജി. സാംസങ്, കിയ തുടങ്ങിയ കമ്പനികളും ഐ.പി.ഒക്ക് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് എൽ.ജിയുടെ വരവ്. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നിട്ടും നഷ്ടത്തിലാണ് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ വിപണിയിൽ ലിസ്റ്റ് ചെയ്തത്.
11,607 കോടി രൂപയാണ് ഐ.പി.ഒയിലൂടെ സമാഹരിക്കാൻ എൽ.ജി ലക്ഷ്യമിടുന്നത്. പത്ത് കോടിയിലേറെ ഓഹരികൾ അതായത് 15 ശതമാനം ഓഹരികൾ വിൽക്കും. രാജ്യത്തെ മുൻനിര ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഉത്പന്ന നിർമാതാക്കളാണ് ദക്ഷിണ കൊറിയൻ കമ്പനിയുടെ സബ്സിഡിയറിയായ എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യ. കമ്പനിയുടെ വരുമാനത്തിന്റെ 78.37 ശതമാനവും ഹോം അപ്ലയൻസസ്, എയർ സൊല്യൂഷൻ വിഭാഗത്തിൽനിന്നാണ്. 21.63 ശതമാനം വരുമാനം ഹോം എന്റർടെയിൻമെന്റ് വിഭാഗമാണ് സംഭാവന ചെയ്യുന്നത്. 2025-26 സാമ്പത്തിക വർഷത്തെ ഏപ്രീൽ-ജൂൺ പാദവാർഷിക കണക്ക് പ്രകാരം 513.255 കോടി രൂപയാണ് കമ്പനിയുടെ ലാഭം. അതുപോലെ കഴിഞ്ഞ സാമ്പത്തിക വർഷം 2,203.348 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

