ടാറ്റാ ടീയെ ബ്രാൻഡാക്കി മാറ്റി, ടാറ്റാ കെമിക്കൽസിൽ വിപ്ലവം സൃഷ്ടിച്ചു; ആരാണീ ദർബാരി സേത്ത്..?
text_fieldsരാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ശൃംഖലയെന്ന നിലയിലും ഗാർഹികോപകരണങ്ങളുടെ പേരായി മാറിയ ബ്രാൻഡുകളുടെ ഉടമസ്ഥർ എന്ന നിലയിലും ടാറ്റാ കമ്പനിയെക്കുറിച്ച് പറയുമ്പോൾ ജെ.ആർ.ടി ടാറ്റയെക്കുറിച്ചാണ് നാം വാചാലരാകുക. എന്നാൽ, ടാറ്റാ കമ്പനിയുടെ വളർച്ച എന്നത് അദ്ദേഹത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നിരവധി വ്യക്തികൾ വികസിപ്പിച്ചെടുത്ത നൂതന ആശയങ്ങൾ അടിസ്ഥാനമാക്കി വളർന്നു വന്ന സംരഭങ്ങൾക്കും അതിൽ വലിയ പങ്കുണ്ട്. അതിലൊരാളാണ് ജെയആർ.ഡി ടാറ്റയുടെ ആത്മസുഹൃത്തായ ദർബാരി സേത്ത്. ടാറ്റാ കെമിക്കൽസിനെയും ടാറ്റാ ടീയെയും പ്രശസ്തിയിലെത്തിച്ച ആൾ.
1920ൽ നൗഷേറയിൽ (ഇന്നത്തെ പാകിസ്ഥാനിൽ) ജനിച്ച ദർബാരി സേത്ത് അമേരിക്കയിലെ സിൻസിനാത്തി സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ മാസ്റ്റർ ബിരുദവും കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദാന്തരബിരുദവും നേടിയ ശേഷം അമേരിക്കയിലെ ഡൗ കെമിക്കൽസ് കമ്പനിക്ക് വേണ്ടി ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യയിൽ തിരികെയെത്തിയ ശേഷം 1943ൽ ടാറ്റാ ഗ്രൂപ്പിൽ ജോലി തുടർന്നു. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ശേഷമാണ് ദർബാരി തന്റെ ബിസിനസിനോടുള്ള താൽപര്യവും നേതൃത്വപാടവവും തിരിച്ചറിയുന്നത്. താമസിയാതെ തന്നെ ടാറ്റാ ബിസിനസ് ശൃംഖലയുടെ അറിയപ്പെടുന്ന വ്യക്തിത്വമായി അദ്ദേഹം മാറി.
1957ൽ ടാറ്റാ കെമിക്കൽസ് സോഡാ ആഷിന്റെ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിദിനം 400 ടൺ ആയി ഉയർത്താൻ ദർബാരി ധീരമായ തീരുമാനം എടുത്തു. കമ്പനിയുടെ യഥാർഥ ടാർഗറ്റിന്റെ ഇരട്ടിയായിരുന്നു ഇത്. എന്നാൽ ദർബാരിയുടെ ഈ തീരുമാനത്തെ ഗ്രൂപ്പിലുള്ളവർ തന്നെ സംശയത്തോടെ നോക്കി കണ്ടപ്പോൾ ജെ.ആർ.ഡി ടാറ്റാ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകി. അതികം വൈകാതെ ടാറ്റയുടെ പവർ പ്ലാന്റുകളിൽ പരമാവധി ഉൽപാദനം ഉറപ്പ് വരുത്തുകയും 400 ടൺ സോഡാ ആഷ് എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു. പ്രോജക്ട് വലിയ വിജയമായതോടെ 1959ൽ ടാറ്റാ കെമിക്കൽസ് രണ്ടാമത്തെ കുമ്മായചൂള സ്ഥാപിക്കുകയും പ്രതിദിന ടാർഗറ്റ് 545 ആയി ഉയർത്തുകയും ചെയ്തു.
1960ലാണ് ദർബാരി സേത്തിൻറെ നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്റ്റീം ട്യൂബ് ഡൈയർ കൊണ്ടു വരുന്നത്. പ്രതിദിനം 300 ടൺ സോഡാ ആഷായിരുന്നു ഉൽപാദന ക്ഷമത. ദർബാരിയുടെ ആത്മവിശ്വാസം ടാറ്റാ കെമിക്കൽസിനെ ഇന്ത്യയിലെ ഏറ്റവും വലിയ കെമിക്കൽ സ്ഥാപനമായി മാറ്റി.
ടാറ്റാ ടീയെ ഗാർഹിക ബ്രാൻഡാക്കി ഉയർത്തിയതു പിന്നിലും ദർബാരിയുടെ കൈകളാണ്. 1980ൽ തേയില വിപണിയിലേക്ക് വന്ന ടാറ്റാ 50ലധികം തേയില തോട്ടങ്ങൾ സ്വന്തമാക്കി. പക്ഷേ യൂനിലിവർ പോലുള്ള വമ്പൻ കമ്പനികളോട് പിടിച്ചു നിൽക്കാൻ ടാറ്റാ നന്നെ പാടുപെട്ടു. ദർബാരിയുടെ ഇടപെടലിൽ തേയില വിൽപനയിലല്ല ബ്രാൻഡിങ്ങിലാണ് തങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് ചെയർമാൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് ടാറ്റാ ടീയെ അടുക്കളകളിലെ അറിയപ്പെടുന്ന ബ്രാൻഡാക്കി മാറ്റിയത്.
ബിസിനസ്സിലെ നേട്ടങ്ങൾക്കപ്പുറം രാജ്യത്തെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. 1967ൽ രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാൻ വേണ്ടി സോളാർ-ന്യൂക്ലിയർ പവർ അഗ്രോ-ഇൻഡസ്ട്രിയൽ കോംപ്ലക്സ് മിതാപ്പൂരിൽ സ്ഥാപിച്ചു. അദ്ദേഹത്തിൻറെ ഉദ്യമത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും അന്ന് പിന്തുണച്ചു. 1963ലാണ് മിതാപ്പൂരിൽ തന്നെ അദ്ദേഹം കുടുംബാസൂത്രണ കേന്ദ്രവും സ്ഥാപിക്കുന്നത്.
ടാറ്റാ ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ 14 ഗ്രൂപ്പ് ഓഫ് കമ്പനികളിൽ വിവിധ പദവികൾ വഹിക്കുകയും 20 സ്ഥാപനങ്ങളുടെ ഡയറക്ടറായി സേവനം അനുഷ്ടിക്കുകയും ചെയ്തു. സുസ്ഥിരതയിലും ഊർജ കാര്യക്ഷമതയിലും ലോകോത്തര ഗവേഷണ സ്ഥാപനമായി വളർന്നുവരുക എന്ന ഉദ്ദേശത്തോടെ ദ് എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും ഇദ്ദേഹമാണ്. ജെ.ആർ.ഡി ഡാറ്റയുടെ മരണശേഷം പിൻഗാമിയായ രത്തൻ ടാറ്റയുമായി അത്ര നല്ല സൗഹൃദം നിലനിർത്താൻ ദർബാരി സേത്തിന് കഴിഞ്ഞില്ല.
ടാറ്റാ ഗ്രൂപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കാനും കാര്യക്ഷമമാക്കാനുമുള്ള രത്തൻ ടാറ്റയുടെ ശ്രമങ്ങളിൽ നിന്നാണ് സേത്തിനും അദ്ദേഹത്തിനുമിടയിലുള്ള വിള്ളൽ ഉണ്ടായത്. ഇത് കമ്പനിയുടെ രൂപീകരണ വർഷങ്ങളിൽ അതിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ദർബാരി സേത്ത് ഉൾപ്പെടെയുള്ള ഗ്രൂപ്പിലെ മുതിർന്ന എക്സിക്യൂട്ടീവുകളെ ഇത് മാറ്റിനിർത്താൻ കാരണമായി. ഒടുവിൽ, ദർബാരി സേത്ത് ഗ്രൂപ്പിലെ സജീവ നേതൃത്വത്തിൽ നിന്ന് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

