Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രോൺ എവിടെയെല്ലാം പറത്താം? അറിയാം നിയമ വശങ്ങൾ

text_fields
bookmark_border
ഡ്രോൺ എവിടെയെല്ലാം പറത്താം? അറിയാം നിയമ വശങ്ങൾ
cancel

കല്യാണങ്ങൾ, റീലുകൾ, കൃഷിയിടങ്ങൾ, റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ തുടങ്ങി എല്ലായിടത്തും ഇപ്പോൾ ഡ്രോണുകളുണ്ട്. എന്നാല്‍ ഡ്രോണുകൾ പറത്തുന്നവർക്ക് അത് ഉപയോഗിക്കേണ്ടതിന്‍റെ ചട്ടങ്ങളെ കുറിച്ച് അറിയുമോ എന്നത് ഒരു സംശയമാണ്. ചട്ടങ്ങൾ ലംഘിച്ച് ഡ്രോൺ പറത്തിയാൽ പിന്നെ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.

2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 40,000 ഡ്രോണുകളും അത്രതന്നെ ഡി.ജി.സി.എ (DGCA) സാക്ഷ്യപ്പെടുത്തിയ റിമോട്ട് പൈലറ്റുമാരുമുണ്ട്. അംഗീകൃതമായ 244 ഡ്രോൺ പരിശീലന സ്കൂളുകളും. ഇതിൽ നിന്നെല്ലാം ഡ്രോൺ വ്യവസായ മേഖല എത്രത്തോളം വളർന്നുവെന്ന് മനസിലാക്കാം.

ഇവ എങ്ങനെ ഉപയോഗിക്കണമെന്ന അവബോധം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്.

അറിഞ്ഞിരിക്കേണ്ട മൂന്ന് സോണുകൾ

ഇന്ത്യയുടെ വ്യോമാതിർത്തി ആർക്കും എങ്ങനെയും ഉപയോഗിക്കാവുന്ന ഒന്നല്ല. അത് കളർ കോഡുകൾ ഉപയോഗിച്ച് തിരിച്ചിരിക്കുന്നു. വിനോദത്തിനായോ പ്രഫഷണലായോ ഡ്രോൺ പറത്തുന്ന ഏതൊരു പൈലറ്റും ഈ വ്യത്യാസം അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഗ്രീൻ സോൺ: ഭൂരിഭാഗം ആളുകളും ഡ്രോൺ പറത്തുന്നത് ഇവിടെയാണ്. തുറസായ പാടങ്ങൾ, ഗ്രാമീണ മേഖലകൾ, മിക്ക പാർപ്പിട മേഖലകൾ എന്നിവ ഇതിൽ പെടുന്നു. നിങ്ങളുടെ ഡ്രോൺ രജിസ്റ്റർ ചെയ്തതാണെങ്കിൽ ആരുടെയും അനുമതിയില്ലാതെ 400 അടി ഉയരം വരെ ഇവിടെ ഡ്രോൺ പറത്താം.

യെല്ലോ സോൺ: ഇത് നിയന്ത്രിത വ്യോമാതിർത്തിയാണ് (Controlled airspace). വിമാനത്താവളങ്ങൾ, നഗര കേന്ദ്രങ്ങൾ, മറ്റ് സംവേദനക്ഷമമായ ഇടങ്ങൾ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ. ഡ്രോൺ പറത്തുന്നതിന് മുമ്പ് 'ഡിജിറ്റൽ സ്കൈ' പ്ലാറ്റ്‌ഫോം വഴി അനുമതി വാങ്ങണം. അപകടസാധ്യത കുറഞ്ഞ വിമാനങ്ങൾക്ക് സാധാരണയായി വേഗത്തിൽ അംഗീകാരം ലഭിക്കും.

റെഡ് സോൺ: അന്താരാഷ്ട്ര അതിർത്തികൾ, സൈനിക കേന്ദ്രങ്ങൾ, പാർലമെന്‍റ്, മറ്റ് അതീവ സുരക്ഷാ മേഖലകൾ എന്നിവ റെഡ് സോണിൽ പെടുന്നു. വ്യക്തമായ സർക്കാർ അനുമതിയില്ലാതെ ഇവിടെ ഒരു ഡ്രോണും പറത്താൻ കഴിയില്ല. അനുമതി വളരെ അപൂർവമായി മാത്രമേ ലഭിക്കാറുമുള്ളൂ.

ഇതിലെ പ്രധാന കാര്യം എന്തെന്നാൽ, ഈ മേഖലകൾ സ്ഥിരമല്ല എന്നതാണ്. തിരഞ്ഞെടുപ്പുകൾ, ക്രിക്കറ്റ് മത്സരങ്ങൾ, വി.വി.ഐ.പി സന്ദർശനങ്ങൾ, ദേശീയ അവധി ദിവസങ്ങൾ എന്നിവയിൽ ഇവ മാറ്റപ്പെടാം. കഴിഞ്ഞ മാസം 'ഗ്രീൻ സോൺ' ആയിരുന്ന സ്ഥലം ഈ മാസം 'യെല്ലോ സോൺ' ആയേക്കാം. ഓരോ തവണ പറത്തുന്നതിന് മുമ്പും 'ഡിജിറ്റൽ സ്കൈ' മാപ്പ് പരിശോധിച്ച് ഉറപ്പുവരുത്തുക മാത്രമാണ് ഇതിനുള്ള ഏക വഴി.

ഡ്രോൺ അതിർത്തി ലംഘിച്ചാൽ

"അനുമതിയില്ലാത്ത ഒരു ഡ്രോൺ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുമ്പോൾ അതിനെ വെടിവെച്ചിടുക എന്നതല്ല ആദ്യത്തെ വെല്ലുവിളി. അത് എന്താണെന്ന് തിരിച്ചറിയുകയാണ്. നിയന്ത്രിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്ന ഒരു അനധികൃത ഡ്രോൺ ഉടനടി ഒരു സുരക്ഷാ ഭീഷണിയാകണമെന്നില്ല എന്നാൽ തിരിച്ചറിയുക എന്നതാണ് പ്രധാനം. ഡ്രോൺ എവിടെയാണെന്നും എവിടെ നിന്നാണ് വന്നതെന്നും അത് എങ്ങനെ നീങ്ങുന്നുവെന്നും സാധ്യമെങ്കിൽ അത് പ്രവർത്തിപ്പിക്കുന്നത് ആരാണെന്നും അധികാരികൾ അറിയേണ്ടതുണ്ട്. ആധുനിക ഡ്രോണുകളിൽ ഇത് അത്ര എളുപ്പമല്ല." ഒരു ഡ്രോൺ നിർമാണ കമ്പനി സി.ഇ.ഒ പറയുന്നു.

ഡ്രോണുകൾക്ക് പറക്കലിനിടയിൽ ഉയരം മാറ്റാനും ദിശ മാറ്റാനും ചില സന്ദർഭങ്ങളിൽ തടസങ്ങൾ തിരിച്ചറിഞ്ഞ് ആശയവിനിമയ രീതികൾ മാറ്റാനും കഴിയും. അതിനാൽ അധികാരികൾ പലതരം മാർഗങ്ങളെ ആശ്രയിക്കുന്നു. ഡ്രോണിന്‍റെ സിഗ്നലുകൾ പിടിച്ചെടുക്കാൻ റേഡിയോ ഫ്രീക്വൻസി സെൻസിങ്ങും ലഭ്യമായിടത്ത് ഡ്രോണിനെ അതിന്‍റെ ഓപ്പറേറ്ററിലേക്ക് ട്രാക്ക് ചെയ്യാൻ 'ഡ്രോൺ ഐഡി' സംവിധാനങ്ങളും ഉപയോഗിക്കുന്നു. എന്നാൽ ഡ്രോൺ ഐ.ഡി ഇതുവരെ സാർവത്രികമായിട്ടില്ലാത്തതിനാൽ ഒരു കൃത്യമായ ഡിജിറ്റൽ വിവരശേഖരം എപ്പോഴും ഉറപ്പുനൽകാൻ കഴിയില്ല.

വിദേശ സംവിധാനങ്ങളെ ആശ്രയിക്കുന്നതിന് പകരം ഭീഷണി തരംതിരിക്കുന്നതിലും പെരുമാറ്റ വിശകലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്വന്തമായി കൗണ്ടർ-യു.എ.എസ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇതൊരു ആഗോള വെല്ലുവിളിയാണെങ്കിലും, സ്വന്തം വ്യോമാതിർത്തിക്കും സുരക്ഷാ ആവശ്യങ്ങൾക്കുമായി സ്വന്തം നിലയിൽ ഇത് പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഡ്രോൺ പറത്തുന്ന പൈലറ്റിന് എന്ത് സംഭവിക്കും?

ഡ്രോൺ പറത്തുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം, നിയമലംഘനത്തിന്‍റെ പ്രത്യാഘാതങ്ങൾ നിസാരമല്ല. ലംഘനം നടന്ന സ്ഥലവും അതിന്റെ ഗൗരവവും അനുസരിച്ച് പിഴ, ഡ്രോൺ കണ്ടുകെട്ടൽ, ഭാവി രജിസ്ട്രേഷനുകളിൽ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടൽ, അല്ലെങ്കിൽ (ഗുരുതരമായ സന്ദർഭങ്ങളിൽ) തടവുശിക്ഷ വരെ ലഭിക്കാം. "ഇത് റെഡ് സോൺ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു" എന്ന വാദം നിയമത്തിന് മുന്നിൽ നിലനിൽക്കില്ല.

നിങ്ങളുടെ ഡ്രോണിന് 250 ഗ്രാമിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ അത് രജിസ്റ്റർ ചെയ്യുക. അതിന് മുകളിലുള്ള എന്തിനും ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോം വഴി യുനിക് ഐഡന്റിഫിക്കേഷൻ നമ്പർ (UIN) ആവശ്യമാണ്. ആദ്യമായി പറത്തുമ്പോൾ മാത്രമല്ല, ഓരോ തവണ പറത്തുന്നതിന് മുമ്പും സോൺ മാപ്പ് പരിശോധിക്കുക. തിരഞ്ഞെടുപ്പുകൾ, ഉത്സവങ്ങൾ, വി.ഐ.പി യാത്രകൾ എന്നിവക്ക് ചുറ്റുമുള്ള മേഖലകൾ പെട്ടെന്ന് മാറിയേക്കാം.

നാനോ വിഭാഗത്തിന് മുകളിലുള്ളവ (250 ഗ്രാമിൽ കൂടുതൽ) അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്ക് പറത്തുന്നവരാണെങ്കിൽ ഒരു 'റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്' കരസ്ഥമാക്കുക. ഒരു 'ഗ്രീൻ' ഏരിയ എപ്പോഴും അങ്ങനെ തന്നെ തുടരുമെന്ന് കരുതരുത്. താൽക്കാലിക നിയന്ത്രണങ്ങൾ എപ്പോൾ വേണമെങ്കിലും നിലവിൽ വന്നേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - laws to fly drones
Next Story