വോഡഫോൺ ഓഹരി വാങ്ങിക്കൂട്ടി ബിർള; നീക്കം തിരിച്ചുവരവ് പ്രതീക്ഷകൾക്കിടെ
text_fieldsമുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന വോഡഫോൺ ഐഡിയയുടെ ഓഹരികൾ വൻ തോതിൽ വാങ്ങിക്കൂട്ടി ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള. 66.18 കോടി രൂപ നിക്ഷേപിച്ച് 69.6 ദശലക്ഷം ഓഹരികളാണ് ഒരാഴ്ചക്കിടെ ബിർല സ്വന്തമാക്കിയത്. ബിർല വ്യക്തിഗത ഓഹരി പങ്കാളിത്തം വർധിപ്പിച്ചത് കമ്പനിയിൽ പ്രമോട്ടർക്ക് ആത്മവിശ്വാസം വർധിച്ചതിന്റെ സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
ജനുവരി അവസാനവും ഫെബ്രുവരി ആദ്യത്തിലുമായി നാല് ഘട്ടങ്ങളായാണ് ബിർല ഓഹരികൾ വാങ്ങിയത്. ജനുവരി 30ന് 22.1 ദശലക്ഷവും ഫെബ്രുവരി ഒന്നിന് 18.8 ദശലക്ഷവും രണ്ടിന് 14.5 ദശലക്ഷവും മൂന്നിന് 14.2 ദശലക്ഷവും ഓഹരികൾ വാങ്ങി. ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം കമ്പനിയിൽ 19,464,906 കോടി ഓഹരികളാണ് ബിർലക്കുണ്ടായിരുന്നത്. അതായത് 0.02 ശതമാനം ഓഹരി പങ്കാളിത്തം. കൂടുതൽ നിക്ഷേപം നടത്തിയതോടെ ബിർലയുടെ സ്വകാര്യ ഓഹരി പങ്കാളിത്തം 0.07 ശതമാനമായി ഉയർന്നു.
അതേസമയം, പ്രമോട്ടർക്കും പ്രമോട്ടർ ഗ്രൂപ്പുകൾക്കും 25.57 ശതമാനം ഓഹരികളുണ്ട്. ബാക്കി 74.43 ഓഹരികൾ ചെറുകിട നിക്ഷേപകർ അടക്കമുള്ള പൊതുഓഹരി ഉടമകളുടെതാണ്. ഇതിൽ 49 ശതമാനം ഓഹരി പങ്കാളിത്തം കേന്ദ്ര സർക്കാറിനുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലകോം കമ്പനിയായ വോഡഫോൺ നൽകാനുള്ള പണം മൂന്ന് വർഷത്തിനിടെ ഓഹരികളാക്കി മാറ്റുകയായിരുന്നു സർക്കാർ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രമോട്ടർമാർ 27,000 കോടി രൂപ കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആദിത്യ ബിർല ഗ്രൂപ്പ് സി.എഫ്.ഒ സുഷീൽ അഗർവാൾ പറഞ്ഞു. പ്രമോട്ടർക്ക് കമ്പനിയിൽ ആത്മവിശ്വാസമുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ നിക്ഷേപത്തിന് തയാറാണെന്നുമുള്ളതിന്റെ സൂചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ സാമ്പത്തിക പാദത്തിൽ വരുമാന കണക്കുകൾ പുറത്തുവിടുന്നതിനിടെ കമ്പനിയുടെ തിരിച്ചുവരവിനുള്ള രൂപരേഖയും മാനേജ്മെന്റ് അവതരിപ്പിച്ചിരുന്നു. നിക്ഷേപവും നെറ്റ്‍വർക്കും വർധിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച സേവനം വാഗ്ദാനം ചെയ്യുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയത്. മൂന്ന് വർഷത്തിനുള്ളിൽ 45,000 കോടി നിക്ഷേപിച്ച് കമ്പനിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാമെന്നാണ് പ്രമോർട്ടർമാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

