കോട്ട പ്രഭുറാം മിൽസ് തുറക്കുമെന്ന് പ്രതീക്ഷ
text_fieldsചെങ്ങന്നൂര്‍: വൻതുക കുടിശ്ശികയായതിനാൽ ലേ ഓഫിലായ മുളക്കുഴ കോട്ട പ്രഭുറാം മിൽസ് തുറന്നുപ്രവർത്തിക്കുമെന്ന് പ്രതീക്ഷ. ഒരു കോടി 45 ലക്ഷം രൂപ കുടിശ്ശികയായതിനെത്തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ ആറുമാസം മുമ്പ് ലേ ഓഫിലായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളവും ലേ ഓഫിന്റെ ആറുദിവസത്തെ ആനുകൂല്യങ്ങളുമുൾെപ്പടെ 25 ലക്ഷത്തോളം രൂപയാണ് വെള്ളിയാഴ്ച അക്കൗണ്ടിലെത്തിയത്. ജൂലൈ 10നാണ് സർക്കാർ ഒരു കോടി 15 ലക്ഷം രൂപ അനുവദിച്ചത്.
ഫെബ്രുവരി 22ന് ഉച്ചക്കാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. ലേ ഓഫിന് ലഭിക്കേണ്ട ശമ്പളത്തിന്റെ 50 ശതമാനം തുകയും 2016ലെ രണ്ടുമാസത്തെയും കോവിഡ് കാലത്തെ രണ്ടുമാസത്തെയും ആനുകൂല്യം ഇനിയും ലഭിക്കാനുണ്ട്. മില്ലിലെ സി.ഐ.ടി.യു തൊഴിലാളി യൂനിയൻ പ്രസിഡന്റുകൂടിയായ മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ, വൈദ്യുതി നിരക്കിനത്തിലുള്ള തുകക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ധാരണ മന്ത്രിതലത്തിൽ ഉണ്ടാക്കിയിട്ടുള്ളതായി സി.ഐ.ടി.യു യൂനിയൻ സെക്രട്ടറി രാജേഷ് പറഞ്ഞു.
2010ലെ ശമ്പള കരാർ പ്രകാരം ഒരു സ്ഥിരം തൊഴിലാളിക്ക് കിട്ടുന്ന പരമാവധി തുക 20,000 രൂപ മാത്രമാണ്. എന്നാൽ, മാനേജ്മെന്റ് സ്റ്റാഫിന് വലിയതോതിൽ വേതനവർധന നടപ്പാക്കി. നിലവിൽ 78 തൊഴിലാളികളും 88 കാഷ്വൽ, അപ്രന്റിസ്, ഓഫിസ് സ്റ്റാഫ് ഉൾെപ്പടെ 200 ജീവനക്കാരാണ് ആകെയുള്ളത്. ടെക്സ്റ്റയിൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് മില്ലിന്റെ സുഗമമായ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നതെന്നാണ് ഭരണകക്ഷി യൂനിയന്‍ അഭിപ്രായപ്പെടുന്നത്.ഇതിന് പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

