മലയാളിയുടെ കടം പെരുകുന്നു; കടബാധ്യതയിൽ കേരളം മൂന്നാമത്
text_fieldsമുംബൈ: ജീവിത നിലവാരം ഉയർന്നതാണെങ്കിലും മലയാളിയുടെ കട ബാധ്യത ഉയരുകയാണെന്ന് റിപ്പോർട്ട്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കടബാധ്യതയുള്ളവരുടെ പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്തെത്തി. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ദ്വൈവാർഷിക ജേണൽ സർവേക്ഷണയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ, ലോണെടുക്കാനും കൃത്യമായി തിരിച്ചടക്കാനും കേരളത്തിലെ കുടുംബങ്ങൾക്ക് സാമ്പത്തിക ശേഷിയുണ്ടെന്നതിന്റെ തെളിവാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 29.9 ശതമാനം പേർ കടക്കാരാണ്. ആന്ധ്രപ്രദേശാണ് (43.7 ശതമാനം) പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തെലങ്കാന രണ്ടാം സ്ഥാനത്തും തമിഴ്നാട് നാലാം സ്ഥാനത്തുമുണ്ട്. ആദ്യത്തെ ആറ് സ്ഥാനങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഇടം പിടിച്ചത്. അതേസമയം, ഡൽഹി പട്ടികയിൽ വളരെ താഴെയാണ്. വെറും 3.4 ശതമാനം പേർക്ക് മാത്രമാണ് ഡൽഹിയിൽ കട ബാധ്യതയുള്ളത്.
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 15 ശതമാനത്തിന് കടബാധ്യതയുണ്ടെന്നും നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസുകളുടെ യൂനിറ്റ് തലത്തിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽനിന്നോ മറ്റോ ചുരുങ്ങിയത് 500 രൂപയെങ്കിലും ലോണെടുത്തവരെയാണ് റിപ്പോർട്ട് പരിഗണിച്ചത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് ഉയർന്ന പ്രതിശീർഷ വരുമാനവും കൂടുതൽ ആസ്തികളുമുണ്ട്. ഒപ്പം കൂടുതൽ പേർ സാമ്പത്തിക സംവിധാനത്തിന്റെ ഭാഗവുമാണ്. കൂടുതൽ കുടുംബങ്ങൾ വായ്പ എടുക്കുന്നതിന്റെ കാരണമിതാണെന്നും ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ച് ഡയറക്ടർ പരാസ് ജസ്റായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

