റെക്കോർഡുകൾ തകർത്ത് ജിയോ ഐ.പി.ഒ; ഇന്ത്യൻ നിക്ഷേപക ചരിത്രത്തിൽ പുതിയ അധ്യായം
text_fieldsഒക്ടോബർ 21 മുതൽ 23 വരെയുള്ള മൂന്ന് ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിൽ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐ.പി.ഒ കൈവരിച്ചത് ഏഴ് റെക്കോഡുകൾ. ഏറ്റവും വേഗത്തിൽ പൂർണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട മെഗാ ഐ.പി.ഒ എന്ന നേട്ടവും, ആഗോളതലത്തിൽ ഒരു കോടിയിലധികം അപേക്ഷകൾ ലഭിക്കുന്ന ആദ്യ ഐ.പി.ഒ എന്ന റെക്കോർഡും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മൊത്തം 30,213 കോടി രൂപ മൂല്യമുള്ള ഈ ഐ.പി.ഒ ഇന്ത്യയിലെ ഏറ്റവും വലിയ പൊതു ഓഹരി വിൽപ്പനയായും, പൂർണ്ണമായും പുതിയ ഓഹരികൾ മാത്രമടങ്ങിയ ഏറ്റവും വലിയ ഐ.പി.ഒ ആയും റെക്കോർഡ് കുറിച്ചു.
ഐ.പി.ഒയുടെ മൂന്നാം ദിവസം, വാഗ്ദാനം ചെയ്ത 19.75 കോടി ഓഹരികൾക്കെതിരെ നിക്ഷേപകർ 438 കോടിയിലധികം ഓഹരികൾക്കായി ലേലം വിളിച്ചതോടെ, ഇഷ്യൂ 22.19 ഇരട്ടി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു എന്ന് എൻ.എസ്.ഇ കണക്കുകൾ വ്യക്തമാക്കുന്നു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന ആവശ്യക്കാരുണ്ടായിരുന്നത്. ഈ വിഭാഗത്തിനായി സംവരണം ചെയ്ത 4.9 കോടി ഓഹരികൾക്കെതിരെ 345.75 കോടിയിലധികം ഓഹരികൾക്കായി അപേക്ഷ ലഭിച്ചതോടെ ഇഷ്യൂ 70.55 ഇരട്ടി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (NII) വിഭാഗത്തിൽ ഓഫർ ചെയ്ത 3.64 കോടി ഓഹരികൾക്ക് പകരം 51.03 കോടി ഓഹരികൾക്കായി അപേക്ഷ ലഭിക്കുകയും ഇഷ്യൂ 14 ഇരട്ടി സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുകയും ചെയ്തു. റീട്ടെയിൽ ഇൻഡിവിജ്വൽ ഇൻവെസ്റ്റർ (ചില്ലറ നിക്ഷേപകർ) വിഭാഗത്തിൽ സംവരണം ചെയ്ത 8.5 കോടി ഓഹരികൾക്കെതിരെ 23.11 കോടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചതോടെ 2.72 ഇരട്ടി സബ്‌സ്‌ക്രിപ്‌ഷൻ രേഖപ്പെടുത്തി.
ജിയോ ഐ.പി.ഒ കൈവരിച്ച 7 പ്രധാന റെക്കോഡുകൾ
1) റെക്കോർഡ് പബ്ലിക് സബ്‌സ്‌ക്രിപ്‌ഷൻ ബിഡുകൾ
ആങ്കർ ബുക്ക് ഉൾപ്പെടെ ജിയോ പ്ലാറ്റ്‌ഫോംസ് ഐ.പി.ഒയ്ക്കായുള്ള മൊത്തം ഡിമാൻഡ് 7.4 ലക്ഷം കോടി രൂപയായിരുന്നു. പൊതു സബ്‌സ്‌ക്രിപ്‌ഷൻ വിഭാഗങ്ങളിൽ നിന്നു മാത്രം 4.9 ലക്ഷം കോടിയിലധികം രൂപയുടെ ലേലങ്ങൾ ലഭിച്ചു. ഇത് 2025ലെ എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഐ.പി.ഒ രേഖപ്പെടുത്തിയ ആവശ്യകതയെ മറികടന്നു. ആങ്കർ ഇൻവെസ്റ്റർ ബുക്കിന് പുറത്ത് ലഭിച്ച ബിഡുകളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ജിയോ പ്ലാറ്റ്‌ഫോംസ് ഇന്ത്യയിലെ ഏറ്റവും ഡിമാൻഡുള്ള ഐ.പി.ഒ ആയി മാറി.
ജിയോ പ്ലാറ്റ്‌ഫോംസിന്‍റെ ആങ്കർ ബുക്കിലേക്ക് ഏകദേശം 8,110 കോടി രൂപയുടെ ഓഹരികൾക്കായി 2.5 ലക്ഷം കോടി രൂപയുടെ ലേലങ്ങൾ ലഭിച്ചു. ഇതോടെ ഐ.പി.ഒയുടെ മൊത്തം ഓഹരി ആവശ്യകത 7 ലക്ഷം കോടി രൂപയായി. മറ്റു പ്രധാന ഐ.പി.ഒകളുടെ ആങ്കർ ബുക്ക് കണക്കുകൾ കൃത്യമായി ലഭ്യമാകാത്തതിനാൽ മൊത്തം ഡിമാൻഡിന്റെ അടിസ്ഥാനത്തിൽ റാങ്ക് നിശ്ചയിക്കുക പ്രയാസകരമാണ്.
2) ആഗോളതലത്തിൽ 1 കോടി അപേക്ഷകൾ മറികടക്കുന്ന ആദ്യ ഐ.പി.ഒ
ലോക ഓഹരി വിപണി ചരിത്രത്തിൽ തന്നെ സ്വന്തം ഐ.പി.ഒക്ക് 1 കോടിയിലധികം വ്യക്തിഗത നിക്ഷേപകരുടെ അപേക്ഷകൾ ലഭിക്കുന്ന ആദ്യ കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോംസ് മാറി. 97.3 ലക്ഷം അപേക്ഷകൾ ലഭിച്ച വാരീ എനർജീസ് (Waaree Energies) കുറിച്ച മുൻ റെക്കോർഡാണ് ജിയോ മറികടന്നത്.
3) ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ
30,213 കോടി രൂപ തുക സമാഹരിക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐ.പി.ഒ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇക്വിറ്റി ഓഫറിങ് ആണ്. 27,870 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പേരിലായിരുന്നു ഇതിനുമുമ്പത്തെ റെക്കോർഡ്. എൻ.എസ്.ഇ ഇന്ത്യ (22,561 കോടി രൂപ), എൽ.ഐ.സി (21,008 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നിൽ.
4) പൂർണമായും പുതിയ ഓഹരികൾ മാത്രമടങ്ങിയ ഏറ്റവും വലിയ ഐ.പി.ഒ
30,213 കോടി രൂപയുടെ ഇഷ്യൂവിൽ 27 കോടിയും പുതിയ ഓഹരികളായിരുന്നു. പൂർണമായും പുതിയ ഇഷ്യൂ അടങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയായി ഇത് മാറി. നിലവിലുള്ള ഓഹരി ഉടമകൾക്ക് തങ്ങളുടെ ഓഹരികൾ വിൽക്കാൻ അവസരം നൽകുന്ന ഓഫർ ഫോർ സെയിൽ രീതിക്ക് പകരം, ജിയോ പ്ലാറ്റ്‌ഫോംസിന്‍റെ ഈ ഇഷ്യൂവിൽ മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീയോ സ്ട്രാറ്റജിക് ഇൻവെസ്റ്റർമാരായ മെറ്റയോ ഗൂഗിളോ തങ്ങളുടെ ഓഹരികൾ വിറ്റഴിച്ചിട്ടില്ല.
5) പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്ന ഏറ്റവും വേഗമേറിയ മെഗാ ഐ.പി.ഒ
ആദ്യ ദിവസം പ്രവർത്തനം ആരംഭിച്ചതിന് ശേഷം 100 മിനിറ്റിനുള്ളിൽ ഇഷ്യൂ പൂർണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഇത് പൂർണ സബ്‌സ്‌ക്രിപ്‌ഷനിൽ എത്തുന്ന ഏറ്റവും വേഗമേറിയ മെഗാ ഐ.പി.ഒ ആയി മാറി. 15,000 കോടി രൂപക്ക് മുകളിലുള്ള മുൻകാല ഇന്ത്യൻ ഐ.പി.ഒകൾ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെടാൻ സാധാരണയായി രണ്ടോ മൂന്നോ ദിവസങ്ങൾ എടുത്തിരുന്നു.
6) ലേല സമയം നീട്ടിനൽകിയ ആദ്യ ഐ.പി.ഒ
അപേക്ഷകളുടെ വൻ ഒഴുക്ക് കണക്കിലെടുത്ത്, ബി.എസ്.ഇ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ജിയോ പ്ലാറ്റ്‌ഫോംസ് ഐ.പി.ഒയുടെ പ്രതിദിന ലേല സമയം നീട്ടിനൽകി. സാധാരണയായി രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള സമയത്തിന് പകരം, ഇഷ്യൂ കാലയളവിൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചു.
ഉയർന്ന നിക്ഷേപക പങ്കാളിത്തം സുഗമമാക്കുന്നതിനായി വൻകിട പബ്ലിക് ഇഷ്യൂകൾക്ക് ബിഡ്ഡിംഗ് സമയം നീട്ടിനൽകാറുണ്ട്. മുൻപ് എൻ.എസ്.ഇ ഐ.പി.ഒയ്ക്കും റീട്ടെയിൽ പങ്കാളിത്തം വർധിപ്പിക്കാനായി സമയക്രമത്തിൽ ഇളവുകൾ നൽകിയിരുന്നു.
7) പുതുതായി ലിസ്റ്റ് ചെയ്ത കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രാഥമിക വിപണി മൂല്യം
ഓഹരിയൊന്നിന് 1,119 രൂപ എന്ന ഉയർന്ന പ്രൈസ് ബാൻഡിൽ, ലിസ്റ്റിങ്ങിന് ശേഷമുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണി മൂലധനം ഏകദേശം 10.3 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.
ട്രേഡിങ്ങിന്‍റെ ആദ്യ ദിനത്തിൽ തന്നെ വിപണി മൂലധനത്തിൽ രാജ്യത്തെ മുൻനിര 4 അല്ലെങ്കിൽ 5 കമ്പനികളുടെ പട്ടികയിലേക്ക് ഇടം നേടാൻ സാധിക്കുന്നത്, ഇന്ത്യയിൽ പുതുതായി ലിസ്റ്റ് ചെയ്യുന്ന ഒരു കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രാഥമിക മൂല്യനിർണയമാണ്

