കാർ വാങ്ങാനുള്ള പുതിയ ആശയം ട്രെൻഡ്; ലാഭിച്ചത് 21 കോടി
text_fieldsമുംബൈ: കാറുകൾ വാങ്ങാൻ വിലക്കുറവും ഓഫറുകളും കാത്തിരിക്കുന്നവർക്കിടയിൽ ഹിറ്റായി ഗുജറാത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആശയം. കമ്യൂണിറ്റി ബയിങ് അതായത് ഒറ്റക്ക് പകരം ഒരു കമ്യൂണിറ്റിയായി കാറുകൾ വാങ്ങിയാൽ വൻ തുക ലാഭിക്കാമെന്നാണ് ജെയിൻ ഇന്റർനാഷനൽ ട്രേഡ് ഓർഗനൈസേഷൻ (ജിറ്റോ) തെളിയിച്ചത്. 186 ആഢംബര കാറുകൾ വാങ്ങിയ ഇവർ 21.22 കോടി രൂപയാണ് ലാഭിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ജിറ്റോ അംഗങ്ങളാണ് പല സമയങ്ങളിലായി 60 ലക്ഷം മുതൽ 1.34 കോടി രൂപ വരെ വിലയുള്ള കാറുകൾ വാങ്ങി കോടികൾ ലാഭിച്ചത്. മാർക്കറ്റിങ്ങിന് അധികം പണം ചെലവഴിക്കാതെ നിരവധി കാറുകൾ എളുപ്പം വിൽപന നടത്തിയതിനാൽ ഡീലർമാർക്കും വലിയ നേട്ടമാണ് കമ്യൂണിറ്റി ബയിങ് നൽകിയത്.
ഈ വർഷം ഫെബ്രുവരിയിലാണ് ഈ ആശയത്തിന് ജീവൻ വെച്ചതെന്ന് ജിറ്റോ കൺവീനർ അമിത് ഷ പറഞ്ഞു. അംഗങ്ങൾക്ക് വിലക്കുറവ് നൽകുമോയെന്ന കാര്യം ആദ്യം ഓഡി, മെഴ്സിഡസ്, ബി.എം.ഡബ്ല്യു തുടങ്ങിയ ആഢംബര കാർ നിർമാതാക്കളുമായി ചർച്ച ചെയ്തു. ഓഫർ ലഭിച്ചതോടെ ഗുജറാത്തിൽ മാത്രം 30 ഓളം ആഢംബര കാറുകൾ വാങ്ങി. പിന്നീട്, ജെ-പോയിന്റ് ഉത്സവ് എന്ന പേരിൽ മറ്റൊരു കാമ്പയിൻകൂടി തുടങ്ങി. ഇതിൽ 15 ഓളം കാർ കമ്പനികളെകൂടി ഉൾപ്പെടുത്തി. ഓക്ടോബർ മുതൽ ഡിസംബർ വരെ നീളുന്നതാണ് ഈ കാമ്പയിൻ. ജെ-പോയിന്റ് ഉത്സവിലൂടെയാണ് 21 കോടി ലാഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ പുരോഗതിക്കും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ജിറ്റോ. നിലവിൽ 65,000 അംഗങ്ങളാണ് സംഘടനക്കുള്ളത്. കാർ വാങ്ങലിൽ വൻ ലാഭം നേടിയതോടെ ഇലക്ട്രോണിക്സ്, മെഡിസിൻസ്, ജ്വല്ലറി തുടങ്ങിയ വിവിധ മേഖലകളിലെ ഷോപ്പിങ്ങിനും സമാന ആശയം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ജിറ്റോ.
വൻ ലാഭകരമാണെന്ന് മനസ്സിലായതോടെ മറ്റു പല കമ്യൂണിറ്റികളും ഈ ആശയം നടപ്പാക്കി തുടങ്ങി. ഭാർവാഡ് യുവ സംഗതൻ ഗുജറാത്ത് എന്ന സംഘടന 121 ജെ.സി.ബി യന്ത്രങ്ങൾ വാങ്ങി നാല് കോടിയോളം രൂപയുടെ ലാഭമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

