ഫെബ്രുവരി മുതൽ എക്സൈസ് തീരുവ; സിഗരറ്റ് ഓഹരികൾക്ക് വൻ തകർച്ച
text_fieldsമുംബൈ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിലെ സിഗരറ്റ് കമ്പനികളുടെ ഓഹരികൾക്ക് വൻ തിരിച്ചടി. ഫെബ്രുവരി ഒന്നുമുതൽ സിഗരറ്റിന് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ ചുമത്തിയതിന് പിന്നാലെ ഓഹരി വില ഇടിഞ്ഞു. വ്യാഴാഴ്ച ഐ.ടി.സി, ഗോഡ്ഫ്രെ ഫിലിപ്സ് തുടങ്ങിയ ഓഹരികളുടെ വിലയാണ് എട്ട് ശതമാനം വരെ കുറഞ്ഞത്.
സിഗരറ്റിന്റെ നീളം അനുസരിച്ച് ആയിരം എണ്ണത്തിന് 2,050 മുതൽ 8,500 രൂപ വരെയാണ് എക്സൈസ് തീരുവ ചുമത്തുക. കേന്ദ്ര ധനമന്ത്രാലയം ബുധനാഴ്ച വൈകീട്ടാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് ഉത്പാദകരായ ഐ.ടി.സി ലിമിറ്റഡിന്റെ ഓഹരികൾ അഞ്ച് ശതമാനം ഇടിഞ്ഞ് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയായ 382.75 രൂപയിലെത്തി. ഗോഡ്ഫ്രെ ഫിലിപ്സ് ഓഹരികൾ 8.70 ശതമാനം കുറഞ്ഞ് 2,522 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. എക്സൈസ് തീരുവ ചുമത്തുന്നത് സിഗരറ്റ് കമ്പനികളുടെ വരുമാനം കുറക്കാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിവാക്കുകയായിരുന്നു.
സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും തീരുവ കുത്തനെ വർധിപ്പിക്കുന്ന സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ ഡിസംബറിലാണ് പാർലമെന്റ് അംഗീകരിച്ചത്. സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നേരത്തെ ഏർപ്പെടുത്തിയ താൽക്കാലിക ലെവിക്ക് പകരമാണ് എക്സൈസ് തീരുവ.
നിലവിൽ സിഗരറ്റിന് 40 ശതമാനം ജി.എസ്.ടി ചുമത്തുന്നുണ്ട്. ഇതിനു പുറമെയാണ് എക്സൈസ് തീരുവ. രാജ്യത്ത് സിഗരറ്റിന്റെ വിലയിൽ 53 ശതമാനവും നികുതിയാണ്. പുകവലി നിരുത്സാഹപ്പെടുത്താൻ സിഗരറ്റ് ഉത്പന്നങ്ങൾക്കുമേൽ 75 ശതമാനം നികുതി ചുമത്തണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.
എക്സൈസ് തീരുവ നിലവിൽ വരുന്നതോടെ 75-85 മില്ലിമീറ്റർ നീളമുള്ള സിഗരറ്റുകളുടെ മൊത്തത്തിലുള്ള വിലയിൽ 22-28 ശതമാനം വർധനയുണ്ടാകുമെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

