രൂപ തകർന്നപ്പോൾ ആഘോഷിച്ച് ചിലർ; നിരാശരായി മറ്റുള്ളവർ
text_fieldsമുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഓരോ ദിവസവും പുതിയ റെക്കോഡിലേക്കാണ് ഇടിയുന്നത്. വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം ഒരു ഡോളർ വാങ്ങാൻ 89.97 രൂപ നൽകണം. ഈ വർഷം മാത്രം രൂപയുടെ മൂല്യത്തിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇന്ത്യക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരട്ടി താരിഫ് പ്രഖ്യാപിച്ചതും യു.എസുമായുള്ള വ്യാപാര കരാർ വൈകുന്നതുമാണ് നിക്ഷേപകർ രൂപയെ കൈയൊഴിയാൻ കാരണം. ദശലക്ഷക്കണക്കിന് ഡോളർ കരുതൽ ധനം വിറ്റൊഴിവാക്കി രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൂല്യം കൂപ്പുകുത്തിയതോടെ കേന്ദ്ര സർക്കാറിനും നാണക്കേടായിരിക്കുകയാണ്.
എന്നാൽ, രാജ്യത്തെ ചില വ്യവസായങ്ങൾക്ക് വൻ നേട്ടമാണ് കറൻസിയുടെ മൂല്യത്തകർച്ച സമ്മാനിച്ചത്. ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) സർവിസസ്, ഫാർമസ്യൂട്ടിക്കൽസ് കമ്പനികളുടെ വരുമാനം കുതിച്ചുയരുമെന്നാണ് വിദഗ്ധർ സൂചന നൽകുന്നത്. ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നതിനാലാണ് ഈ വ്യവസായങ്ങൾക്ക് വരുമാന വർധനവുണ്ടാകുന്നത്. ഐ.ടി, ഫാർമ കമ്പനികൾക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ ഡോളറാണ് ലഭിക്കുക. ഈ ഡോളറുകൾ ഇനി വിനിമയം ചെയ്യുമ്പോൾ നേരത്തെ ലഭിച്ചിരുന്നതിനേക്കൾ കൂടുതൽ രൂപ ലഭിക്കും. മാത്രമല്ല, വരുമാനം ഡോളറിലാണ് ലഭിക്കുന്നതെങ്കിലും കമ്പനികളുടെ ചെലവുകൾ കണക്കാക്കുന്നത് രൂപയിലാണ്.
വരുമാനത്തിന്റെ 70-90 ശതമാനവും യു.എസിലെയും യൂറോപ്പിലെയും ക്ലയന്റുകളിൽനിന്ന് ലഭിക്കുകയും ജീവനക്കാരുടെ ചെലവ് രൂപയിലും കണക്കാക്കുന്നതിനാൽ ഐ.ടി കമ്പനികൾക്ക് മികച്ച നേട്ടമുണ്ടാകുമെന്ന് സ്വതന്ത്ര മാർക്കറ്റ് അനലിസ്റ്റ് അജയ് ബോഡ്കെ പറഞ്ഞു. അതുപോലെ, യു.എസ് സുപ്രധാന വിപണിയായതിനാൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനികൾക്കും വരുമാനം വർധിക്കും. കയറ്റുമതി അധിഷ്ടിത വ്യവസായങ്ങളിൽ ഒന്നായ ടെക്സ്ടൈൽസ് മേഖലക്കും ഗുണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യ ഇറക്കുമതിയെ ഏറ്റവും ആശ്രയിക്കുന്ന അസംസ്കൃത എണ്ണ, പാചക വാതകം, വ്യോമയാന മേഖലയിലെ കമ്പനികൾ സാമ്പത്തിക നഷ്ടം നേരിടും. ടൈറ്റാനിയം ഡയോക്സൈഡും പാക്കേജിങ്ങിന് വേണ്ടിയുള്ള അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനാൽ പെയ്ന്റ്, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ മേഖലകളും അധിക പണം മുടക്കേണ്ടി വരും. മാത്രമല്ല, വലിയൊരു വിഭാഗം ഘടകങ്ങളും അസംബ്ലികളും ഇറക്കുമതി ചെയ്യുന്നതിനാൽ ഇലക്ട്രോണിക്സ് നിർമാണ സേവന കമ്പനികളെയും ദോഷകരമായി ബാധിച്ചേക്കാമെന്നും അജയ് ബോഡ്കെ വ്യക്തമാക്കി.
എന്നാൽ, ഇറക്കുമതി കുറക്കാൻ സഹായിക്കുന്ന കമ്പനികൾക്കും കറൻസി മൂല്യത്തകർച്ചയിൽ കാര്യമായ നേട്ടമുണ്ടാകുമെന്ന് ഇക്വിനോമിക്സ് റിസർച്ചിന്റെ സ്ഥാപകനും ഗവേഷണ വിഭാഗം തലവനുമായ ജി. ചൊക്കലിംഗം പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഇനി വില കൂടുമെന്നതും സർക്കാർ ആന്റി ഡംപിങ് നികുതി ചുമത്തുമെന്നതുമാണ് പ്രയോജനം ലഭിക്കാൻ കാരണം. രാജ്യത്തിന്റെ കയറ്റുമതി മാന്ദ്യം നേരിടുന്നതിനാലും ഇറക്കുമതി ഉയർന്നതിനാലും യു.എസിന്റെ ഇരട്ടി താരിഫിന്റെയും പശ്ചാത്തലത്തിൽ മറ്റു പല കയറ്റുമതി അധിഷ്ടിത വ്യവസായങ്ങൾക്കും പ്രത്യേകിച്ച് ഒരു വരുമാന വർധനവും നേടാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

