കണക്കുകൾ പുറത്ത്; വിദേശികൾ ഏറ്റവും വിറ്റത് ഐ.ടി, വാങ്ങിയത് ടെലികമ്യൂണിക്കേഷൻസ്
text_fieldsമുംബൈ: കഴിഞ്ഞ വർഷം വിദേശ നിക്ഷേപകർ ഏറ്റവും കൂടുതൽ വിൽപന നടത്തിയത് ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ഓഹരികൾ. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി), വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് തൊട്ടുപിന്നിലുള്ളത്. ഐ.ടി മേഖലയിലെ ഓഹരികളിൽ 74,698 കോടി രൂപയുടെ വിൽപന നടത്തിയ വിദേശികൾ, എഫ്.എം.സി.ജി ഓഹരികളിൽനിന്ന് 36,786 കോടി രൂപയും വൈദ്യുതി ഓഹരികളിൽനിന്ന് 26,522 കോടി രൂപയും കീശയിലാക്കി.
ആരോഗ്യ സംരക്ഷണം (24,967 കോടി), ഉപഭോക്തൃ ഉൽപന്ന മേഖല (21,369 കോടി), ഉപഭോക്തൃ സേവനങ്ങൾ (16,524 കോടി) തുടങ്ങിയവയാണ് കഴിഞ്ഞ വർഷം ഏറ്റവും അധികം വിൽപന സമ്മർദം നേരിട്ട മറ്റു മേഖലകൾ. കഴിഞ്ഞ വർഷം വിദേശ നിക്ഷേപകർ ചരിത്രത്തിലെ ഏറ്റവും കനത്ത വിൽപന നടത്തിയതോടെ 1.7 ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്ന് പുറത്തേക്കൊഴുകിയത്.
വരുമാന വളർച്ച ഇടിഞ്ഞതും സേവനങ്ങളുടെ ഡിമാൻഡിൽ വർധനവുണ്ടാകുന്നതിന് പുതിയ സാധ്യതകളൊന്നും ഇല്ലാത്തതുമാണ് ഐ.ടി കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടിയായതെന്ന് ഇക്വിനോമിക്സ് റിസർച്ചിന്റെ സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി. ചൊക്കലിംഗം പറഞ്ഞു. വൻകിട റീട്ടെയിലർ കമ്പനികൾ സ്വന്തം ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുകയും ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ചെറിയ കമ്പനികളെ സഹായിക്കുന്നതും കാരണം വിൽപന വളർച്ച മന്ദഗതിയിലായതാണ് എഫ്.എം.സി.ജി കമ്പനികളുടെ ഓഹരി വിൽപനക്ക് ഇടയാക്കിയത്. എന്നാൽ, ഉയർന്ന വില വൈദ്യുതി മേഖലയിലെ ഓഹരികളുടെ കൂട്ട വിൽപനയിലേക്ക് നയിക്കുകയായിരുന്നു. വില ആകർഷകമായാൽ വീണ്ടും നിക്ഷേപകർ വൈദ്യുതി കമ്പനി ഓഹരികൾ വാങ്ങിക്കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിദേശ നിക്ഷേപകർ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയ ഓഹരികളിൽ ഒന്നാം സ്ഥാനത്ത് ടെലികമ്യൂണിക്കേഷൻസാണ്. 48,222 കോടി രൂപയുടെ ഓഹരികളാണ് ടെലികമ്യൂണിക്കേഷൻസ് മേഖലയിൽ വാങ്ങിയത്. ഓയിൽ, ഗ്യാസ് മേഖലയിൽ 8431 കോടി രൂപയുടെ ഓഹരികളും സർവിസ് രംഗത്തെ 7071 കോടി രൂപയുടെ ഓഹരികളും വിദേശ നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ ഇടംപിടിച്ചു.
മാത്രമല്ല, 6017 കോടി രൂപയുടെ കെമിക്കൽ ഓഹരികളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. മൊബൈൽ ഫോൺ താരിഫ് വർധനയും എയർടെൽ പ്രമോട്ടർ ഓഹരി വിൽപന നടത്തിയതുമാണ് ടെലികമ്യൂണിക്കേഷൻ മേഖലയിൽ വിദേശികളുടെ താൽപര്യം വർധിക്കാൻ കാരണം. അതുപോലെ, 2025 അവസാനത്തോടെ വിദേശികൾ ഏറ്റവും അധികം നിക്ഷേപം നടത്തിയിട്ടുള്ള മേഖലയായി സാമ്പത്തിക സേവന രംഗം മാറി. വിദേശികളുടെ മൊത്തം നിക്ഷേപത്തിന്റെ 31.8 ശതമാനവും സാമ്പത്തിക സേവന രംഗത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

