യഥാർഥ കളി നടന്നത് മൈതാനത്തിന് പുറത്ത്; ഐ.പി.എല്ലിൽനിന്ന് 16,400 കോടി ഒഴുകിപ്പോയി
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ന്റെ മൂല്യം ഓരോ വർഷവും ഇടിയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എട്ട് ശതമാനമാണ് മൂല്യം ഇടിഞ്ഞത്. അതായത് ഐ.പി.എൽ വ്യവസായത്തിന്റെ മൊത്തം മൂല്യം 82,700 കോടി രൂപയിൽനിന്ന് 76,100 കോടി രൂപയായി കുറഞ്ഞു.
ഇതു തുടർച്ചയായ രണ്ടാം വർഷമാണ് ടി20 ക്രിക്കറ്റ് ലീഗിന്റെ മൂല്യം ഇടിയുന്നത്. 2023ൽ 92,500 കോടി രൂപയായിരുന്നു മൂല്യമെന്നും ഡി&പി അഡ്വൈസറി കമ്പനി തയാറാക്കിയ റിപ്പോർട്ട് പറയുന്നു. ക്രിക്കറ്റ് മൈതാനത്തിന് പുറത്തുനടന്ന രണ്ട് സംഭവങ്ങളാണ് ഐ.പി.എൽ മൂല്യത്തിൽനിന്ന് രണ്ട് വർഷത്തിനിടെ 16,400 കോടിയോളം തുടച്ചുനീക്കിയത്.
പണം നൽകിയുള്ള ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതും പ്രമുഖ ടി.വി ചാനൽ കമ്പനികൾ ലയിച്ചതുമാണ് ഐ.പി.എൽ മേഖലക്ക് തിരിച്ചടിയായത്. മുകേഷ് അംബാനി നേതൃത്വം നൽകുന്ന വയകോം18 കമ്പനിയും യു.എസിലെ വാൾട്ടി ഡിസ്നിയുടെ ഇന്ത്യയിലെ സബ്സിഡിയറിയായ ഡിസ്നി സ്റ്റാറും തമ്മിൽ ലയിച്ച് ജിയോ സ്റ്റാർ തുടങ്ങിയതോടെ ക്രിക്കറ്റ് സംപ്രേക്ഷണ അവകാശത്തിന് വേണ്ടിയുള്ള മത്സരം കുറഞ്ഞു.
ഡ്രീം ഇലവൻ പോലെ ഗെയിമുകൾ നടത്തുന്ന ഐ.പി.എലിന്റെ പ്രധാന സ്പോൺസർമാരും പരസ്യക്കാറുമായിരുന്ന ഡ്രീം സ്പോട്സ് അടക്കമുള്ള കമ്പനികളെ നിരോധിച്ചത് 2000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഗെയിമുകളിലേക്കുള്ള 10,000 കോടി രൂപയുടെ യു.പി.ഐ ഇടപാട് നിലച്ചത് ഫിൻടെക് കമ്പനികളെയും മോശമായി ബാധിച്ചെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

