വരുമാനം ബൗണ്ടറി കടക്കും; കഫേകൾ തുടങ്ങി ഐ.പി.എൽ ടീമുകൾ
text_fieldsമുംബൈ: ക്രിക്കറ്റ് മൈതാനത്തിന് പുറത്തേക്കും പുതിയ ബിസിനസ് പദ്ധതികൾ വ്യാപിപ്പിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികൾ. രാജ്യത്തെ കായിക മേഖലയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായി മാറിയതിന് പിന്നാലെയാണ് ഐ.പി.എൽ ടീമുകൾ ആരാധകർക്കിടയിലേക്ക് ഇറങ്ങിയത്. 2008ലാണ് ഐ.പി.എൽ ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം കുറിച്ചത്. എന്നാൽ, വർഷത്തിൽ രണ്ട് മാസം നീളുന്ന ഒരു സീസണിൽ മാത്രമാണ് ഐ.പി.എൽ ടീമുകൾ കളത്തിലിറങ്ങുന്നത്. വർഷം മുഴുവൻ വരുമാനം നേടാമെന്നതും ആരാധകരുമായി ഹൃദയ ബന്ധം കാത്തു സൂക്ഷിക്കാമെന്നതുമാണ് ടീമുകളെ സംരംഭങ്ങളിലേക്ക് ആകർഷിക്കുന്നതെന്ന് വ്യവസായ രംഗത്തെ വൃത്തങ്ങൾ പറഞ്ഞു.
ഡൽഹി കാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേസ് ബംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകളാണ് പുതിയ നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത്. ആഗോള ഫുട്ബാൾ ബ്രാൻഡുകളുടെ മാതൃകയിലാണ് ഐ.പി.എൽ ടീമുകളുടെ നീക്കം. മാഞ്ചസ്റ്റർ യുനൈറ്റഡ്, എഫ്.സി ബാഴ്സലോണ, റിയൽ മാഡ്രിഡ് തുടങ്ങിയ ലോക പ്രശ്സ്ത ഫുട്ബാൾ ക്ലബുകൾ വിവിധ ബ്രാൻഡ് ഔട്ട്ലെറ്റുകളും ബിസിനസുകളും നടത്തുന്നുണ്ട്.
ഐ.പി.എൽ ടീമുകളിൽ മുംബൈ ഇന്ത്യൻസാണ് ഏറ്റവും ഒടുവിൽ കഫേ തുടങ്ങുന്നത്. എം.ഐ ബ്രാൻഡിലുള്ള കഫേകൾ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു തിരക്കേറിയ നഗരങ്ങളിലും സ്ഥാപിക്കാനാണ് കമ്പനിയുടെ ആലോചന. മുംബൈ നഗരത്തിൽ തന്നെ പലയിടങ്ങളിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുമെന്ന് മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ടവർ അറിയിച്ചു. അടുത്ത ഐ.പി.എൽ സീസണിന്റെ മുമ്പ് പുതിയ പാർട്ണറെ കണ്ടെത്തുകയും തുടർന്ന് ആദ്യ കഫേ തുടങ്ങാനുമാണ് പദ്ധതി.
ഡൽഹി കാപിറ്റലും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും നേരത്തെ തന്നെ കഫേ, റസ്റ്ററൻഡ് ബിസിനസ് രംഗത്ത് സജീവമാണ്. നിലവിൽ ബംഗളൂരുവിൽ കഫേകളുള്ള റോയൽ ചാലഞ്ചേഴ്സ്, രാജ്യത്തെയും വിദേശത്തെയും മറ്റു നഗരങ്ങളിൽ പുതിയ 20 ഔട്ട്ലെറ്റുകൾകൂടി സ്ഥാപിക്കാനുള്ള ആലോചനയിലാണ്.
ജയ്പൂരിൽ ക്യുയർഫൂഡ്സിന്റെ ഉടമസ്ഥതയിലുള്ള ഒലിയോ പിസ രാജസ്ഥസ്ഥാൻ റോയൽസുമായി ചേർന്ന് ഒലിയോ ഡഗൗട്ട് എന്ന കഫേകൾക്ക് തുടക്കം കുറിച്ചിരുന്നു. ഈ വർഷത്തെ ഐ.പി.എൽ സീസണിന്റെ തൊട്ടുമുന്നേയായിരുന്നു ഒലിയോ ഡഗൗട്ടിന്റെ വരവ്.
ബ്രാൻഡുകൾ സ്പോട്സ് പ്രമേയമാക്കിയുള്ള റസ്റ്ററന്റുകളിലേക്കും കഫേകളിലേക്കും വരുന്നത് ആഗോള തലത്തിൽ ഏറെ പ്രചാരണത്തിലുള്ള ബിസിനസ് തന്ത്രമാണെന്ന് ബ്രാൻഡ് ഫിനാൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ അജിമോൻ ഫ്രാൻസിസ് പറഞ്ഞു. ടീമുകളുമായി ആത്മ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്ന യുവതലറമുറ ആരാധകർക്കിടയിൽ ഉത്പന്നങ്ങൾ വിൽക്കാനും വരുമാനം കണ്ടെത്താനും ഐ.പി.എൽ ടീമുകൾക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വൈദഗ്ധ്യമില്ലാത്ത രംഗത്ത് ബിസിനസ് നടത്തുന്നത് ഐ.പി.എൽ ടീമുകളുടെ പ്രതിച്ഛായയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഫ്രാൻസിസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

