ഇൻഫോസിസ് ജീവനക്കാരെ പിരിച്ചുവിട്ടതിൽ ഇടപെട്ട് കേന്ദ്ര തൊഴിൽമന്ത്രാലയം; രണ്ടാമതും കർണാടകക്ക് നോട്ടീസ് അയച്ചു
text_fieldsബംഗളൂരു: ഇൻഫോസിസിലെ കൂട്ടപിരിച്ചുവിടലിൽ കർണാടക തൊഴിൽ മന്ത്രാലയത്തിന് വീണ്ടും നോട്ടീസ്. മൈസൂരു കാമ്പസിൽ നിന്ന് ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടതിലാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നടപടി. ഇൻഫോസിസിന്റെ പിരിച്ചുവിടൽ വ്യാപക വിമർശനത്തിന് കാരണമായിരുന്നു.
പിരിച്ചുവിടൽ നടപടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് കർണാടക തൊഴിൽ മന്ത്രാലയത്തിന് നിർദേശം. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് പരാതിക്കാരേയും കേന്ദ്ര തൊഴിൽ മന്ത്രാലയത്തേയും അറിയിക്കുകയും വേണം. ഫെബ്രുവരി 25നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം കത്തയച്ചിരിക്കുന്നത്.
പൂണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.ടി ജീവനക്കാരുടെ സംഘടനയായ നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
നേരത്തെ കർണാടക ലേബർ വകുപ്പ് ഉദ്യോഗസ്ഥർ ഇൻഫോസിസിന്റെ ബംഗളൂരു, മൈസൂരു കാമ്പസുകൾ സന്ദർശിച്ച് ട്രെയിനികളുടെ കൂട്ടപിരിച്ചുവിടലിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക തൊഴിൽ മന്ത്രാലയത്തിന് കേന്ദ്രസർക്കാർ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
ഇൻഫോസിസ് ട്രെയിനി ബാച്ചിലെ 400 പേരെയാണ് പിരിച്ചുവിട്ടത്. 2024 ഒക്ടോബറിൽ ജോലിക്കെടുത്ത 700 പേരിൽ 400 പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നൽകുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാൽ പിരിച്ച് വിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

