പുതിയ പൈലറ്റുമാരെ എളുപ്പം കിട്ടില്ല; ഇൻഡിഗോയുടെ കാര്യം കട്ടപ്പൊക
text_fieldsമുംബൈ: വിമാന സർവിസ് പുനസ്ഥാപിക്കാൻ ഇൻഡിഗോ എയർലൈൻസ് തയാറാക്കിയ പദ്ധതി യാഥാർഥ്യമാക്കുക എളുപ്പമല്ലെന്ന് റിപ്പോർട്ട്. പൈലറ്റുമാരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനാണ് കമ്പനി നീക്കം നടത്തുന്നത്. അടുത്ത വർഷത്തോടെ 1000 ത്തോളം പുതിയ പൈലറ്റുമാരെയാണ് നിയമിക്കുക. ഫെബ്രുവരിയോടെ 158 പൈലറ്റുമാരെയും ഡിസംബറോടെ 742 പൈലറ്റുമാരെയും കണ്ടെത്തും. എന്നാൽ, പുതിയ പൈലറ്റുമാരെ നിയമിക്കാൻ ഇൻഡിഗോ കടുത്ത വെല്ലുവിളി നേരിടുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.
പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം അനുവദിക്കുന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ചട്ടം (എഫ്.ഡി.ടി.എൽ) കേന്ദ്ര സർക്കാർ നടപ്പാക്കിയതിന് പിന്നാലെയാണ് ഇൻഡിഗോ വിമാന സർവിസുകൾ താളംതെറ്റിയത്. ആവശ്യത്തിന് പൈലറ്റുമാർ ഇല്ലാത്തതിനാൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു. സേവനം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഞായറാഴ്ച 600 ഓളം സർവിസുകൾ കമ്പനി റദ്ദാക്കി. എഫ്.ഡി.ടി.എൽ ചട്ടം നടപ്പാക്കാൻ ഫെബ്രുവരി 10 വരെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കമ്പനി സമയപരിധി അനുവദിച്ചത്. ഈ ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി മറ്റുള്ള വിമാന കമ്പനികളും പുതിയ പൈലറ്റുമാരെ തേടുന്നതിനാൽ ഇൻഡിഗോയുടെ ജോലി ഇരട്ടിയാക്കും. മാത്രമല്ല, കോടിക്കണക്കിന് രൂപ അധിക ചെലവ് വരുമെന്നതും തിരിച്ചടിയാണ്.
പുതിയ പൈലറ്റുമാരെ നിയമിക്കാനുള്ള പദ്ധതി നിർദേശം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) ഇൻഡിഗോ സമർപ്പിച്ചതായാണ് റിപ്പോർട്ട്. 300 ക്യാപ്റ്റന്മാരെയും 600 ജൂനിയർ ഫസ്റ്റ് ഓഫിസർമാരെയും കണ്ടെത്തിയാൽ മാത്രമേ നിലവിലെ പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ കഴിയൂ. 250 ജൂനിയർ ഫസ്റ്റ് ഓഫിസർമാർക്ക് നിലവിൽ പരിശീലനം നൽകുന്നുണ്ടെന്ന് കമ്പനി ഡി.ജി.സി.എയെ അറിയിച്ചു. 2357 ക്യാപ്റ്റന്മാരും 2194 ഫസ്റ്റ് ഓഫിസർമാരുമാണ് നിലവിൽ ഇൻഡിഗോ എയർബസ് വിമാനങ്ങൾക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 5456 പൈലറ്റുമാരുണ്ടായിരുന്നതിൽ 905 പേരുടെ കുറവുണ്ടായെന്നാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ടിലുള്ളത്.
രാത്രി വിമാന സർവിസ് നടത്തുന്നതിനുള്ള പരിധി അടക്കം എഫ്.ഡി.ടി.എൽ ചട്ടങ്ങൾ കൂടുതൽ കടുപ്പിച്ച സാഹചര്യത്തിൽ മറ്റുള്ള വിമാന കമ്പനികളിൽനിന്ന് പൈലറ്റുമാരെ ചാക്കിട്ട് പിടിക്കാനുള്ള കമ്പനിയുടെ നീക്കവും നടക്കില്ല. കാരണം, രാജിവെക്കുന്നതിന് 12 മാസം മുമ്പ് ക്യാപ്റ്റന്മാരും ആറ് മാസം മുമ്പ് കോപൈലറ്റുമാരും നോട്ടിസ് നൽകണമെന്നാണ് ചട്ടമെന്ന് എലാറ സെക്യൂരിറ്റീസിന്റെ എണ്ണ, വാതക, വ്യോമയാനം വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഗഗൻ ദീക്ഷിത് പറഞ്ഞു.
ഡി.ജി.സി.എ അനുമതിക്ക് ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും കാത്തിരിക്കണമെന്നതിനാൽ ഫെബ്രുവരി 10നകം വിദേശ പൈലറ്റുമാരെ നിയമിക്കുന്നതും എളുപ്പമല്ലെന്ന് വ്യോമയാന സുരക്ഷാ വിദഗ്ദ്ധരായ മാർട്ടിൻ കൺസൾട്ടിങ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ഡി. മാർട്ടിനും വ്യക്തമാക്കി.
ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഇൻഡിഗോക്ക് 325 എ320 വിമാനങ്ങളാണുള്ളത്. 8.5 മണിക്കൂർ മാത്രം യാത്ര ചെയ്യേണ്ട വിമാനങ്ങൾ 14 മണിക്കൂറുകളോളം പറക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 17 പൈലറ്റുമാർ വേണ്ടിടത്ത് ഇൻഡിഗോക്ക് 14 പൈലറ്റുമാർ മാത്രമാണുള്ളത്. സാധാരണ ഒരു എയർബസ് 320 (8-9 മണിക്കൂർ) പറത്താൻ ഏഴ് പൈലറ്റുമാരും ഏഴ് കോപൈലറ്റുമാരും ആവശ്യമാണ്. ഇതിൽ കൂടുതൽ സമയം പറക്കുകയാണെങ്കിൽ പൈലറ്റുമാരുടെ എണ്ണം വർധിപ്പിക്കേണ്ടിവരുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രസിഡന്റ് സി.എസ്. രന്ധാവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

