വിലക്കയറ്റ തോതിൽ പരിഷ്കരണമായി; ജനുവരിയിൽ 2.75 ശതമാനം
text_fieldsന്യൂഡൽഹി: പരിഷ്കാരങ്ങൾക്ക് ശേഷമുള്ള ആദ്യ വിലക്കയറ്റ തോത് (ചില്ലറ പണപ്പെരുപ്പം) പ്രഖ്യാപിച്ച് കേന്ദ്രം. അഖിലേന്ത്യ ഉപഭോക്തൃ വിലസൂചികയുടെ പുതിയ രീതി പ്രകാരം ജനുവരിയിൽ ചില്ലറ പണപ്പെരുപ്പം കുറഞ്ഞ് 2.75 ശതമാനമായി. അടിസ്ഥാനവർഷം 2012 ആയിരുന്നത് 2024 ആയി പരിഷ്കരിച്ച ശേഷമുള്ള ആദ്യ വിലക്കയറ്റ തോതാണിത്. തെലങ്കാനയിലാണ് ഏറ്റവും ഉയർന്ന വിലക്കയറ്റ തോത് (4.92 ശതമാനം), തൊട്ടുപിന്നിൽ കേരളവും തമിഴ്നാടുമുണ്ട്. ജനുവരിയിലെ ഭക്ഷ്യ വിലക്കയറ്റ തോത് 2.13 ശതമാനവുമ ഭവന വിലക്കയറ്റ തോത് 2.05 ശതമാനവുമാണെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (എൻ.എസ്.ഒ) അറിയിച്ചു.
വിലക്കയറ്റം നിശ്ചയിക്കുന്നതിൽ നേരത്തേ ഭക്ഷ്യസാധനങ്ങൾക്കായിരുന്നു മുൻഗണന. പുതിയ പരിഷ്കാരപ്രകാരം വിനോദത്തിനും സാങ്കേതിക വിദ്യക്കുമടക്കം കാര്യമായ പ്രാതിനിധ്യമുണ്ട്. വിലക്കയറ്റം മനസ്സിലാക്കുന്നതിനായി സാധനങ്ങളുടെ എണ്ണം 259ൽനിന്ന് 308 ആയും സേവനങ്ങൾ 40ൽനിന്ന് 50 ആയും കൂട്ടിയിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ വിലയിലെ മാറ്റം മാത്രം ചില്ലറ പണപ്പെരുപ്പത്തെ ഇനിമുതൽ സ്വാധീനിക്കില്ല. മറ്റ് സാധനങ്ങളും സേവനങ്ങളും ഇവ കണക്കാക്കുന്നതിൽ പരിഗണിക്കും.
2012 അടിസ്ഥാന വർഷമായി കണക്കാക്കിയ പ്രകാരമുള്ള 2025 ജനുവരിയിലെ വിലക്കയറ്റ തോത് ഈ വർഷത്തേക്കാൾ വളരെ കൂടുതലായിരുന്നു -4.26 ശതമാനം. അതേസമയം ഡിസംബറിൽ 1.33 ശതമാനവുമായിരുന്നു. ജനുവരിയിൽ ഗ്രാമപ്രദേശങ്ങളിലെ വിലക്കയറ്റതോത് 2.73 ശതമാനവും നഗരപ്രദേശങ്ങളിൽ 2.77 ശതമാനവുമായിരുന്നുവെന്ന് എൻ.എസ്.ഒ കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ വെളുത്തുള്ളി, ഉള്ളി, ഉരുളക്കിഴങ്ങ്, തുവരപ്പരിപ്പ്, പയർ എന്നിവക്ക് വില കുറഞ്ഞു. വെള്ളി ആഭരണങ്ങൾ, തക്കാളി, തേങ്ങ, കൊപ്ര, സ്വർണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങൾ, വെളിച്ചെണ്ണ എന്നിവയിലായിരുന്നു ഉയർന്ന പണപ്പെരുപ്പം.
കണക്കാക്കാൻ ഒ.ടി.ടിയും
കാലത്തിനനുസരിച്ച മാറ്റങ്ങളാണ് വിലക്കയറ്റ തോത് കണക്കാക്കാൻ നടപ്പിൽവരുത്തിയത്. ഒ.ടി.ടിയും ഓൺലൈൻ മീഡിയ സേവന ദാതാക്കളുമാണ് പുതുതായി ചേർത്തതിൽ പ്രധാനം. വിമാന ടിക്കറ്റുകൾ, ഗ്രാമീണ ഭവനനിർമാണം, മൂല്യവർധിത പാലുൽപന്നങ്ങൾ, ബാർലിയും അതിന്റെ ഉൽപന്നങ്ങളും, പെൻഡ്രൈവ്, ഹാർഡ് ഡിസ്ക്, ബേബി സിറ്റർ, വ്യായാമ ഉപകരണങ്ങൾ എന്നിവയും പുതുതായി ചേർത്തു.
അതേസമയം, വി.സി.ആർ, വി.സി.ഡി, ഡി.വി.ഡി പ്ലെയറുകൾ, റേഡിയോ, ടേപ് റെക്കോർഡർ, പഴയ വസ്ത്രങ്ങൾ, സി.ഡി, ഡി.വി.ഡി, ഓഡിയോ, വിഡിയോ കാസറ്റുകൾ, കയർ തുടങ്ങിയവ നീക്കംചെയ്തു. ഭക്ഷണപാനീയങ്ങളുടെ വിഹിതം 45.86 ശതമാനത്തിൽനിന്ന് 36.75 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ 12 ഓണ്ലൈന് വിപണികളിലെ വിലയും ഇനി നേരിട്ട് നിരീക്ഷിക്കും. ടാബുകളും ജിയോ-ടാഗിങ് സംവിധാനവുമുപയോഗിച്ച് ഇനി പെട്ടെന്ന് വിവരശേഖരണം നടത്താനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

