81വയസിലും നേതൃനിരയില്‍: വമ്പൻ കമ്പനികള്‍ നയിക്കുന്ന ഇന്ത്യയിലെ പ്രായം കൂടിയ വനിതാ വ്യവസായ പ്രമുഖര്‍
text_fields66 മുതല്‍ 81 വയസുള്ളവർ വരെ, വമ്പൻ കമ്പനികളുടെ സാരഥ്യം വഹിക്കുന്ന പരിചയ സമ്പന്നരായ വനിതകളെ അറിയാം. ഏറ്റവും പുതിയ 2026 ഹുറുൻ ഇന്ത്യ വിമൻ ലീഡേഴ്സിന്‍റെ പട്ടിക പ്രകാരം, 65 വയസും അതില്‍ കൂടുതലുമുള്ള ആദ്യ 10 വനിതാ നേതാക്കള്‍ നിയന്ത്രിക്കുന്നത് 4.3 ലക്ഷം കോടി രൂപ സംയുക്ത മൂല്യമുള്ള കമ്പനികളാണ്. പ്രായം ഇവരുടെ സ്വാധീനത്തെ ചെറുതായിപ്പോലും ബാധിച്ചിട്ടില്ല.
അപ്പോളോ ഹോസ്പിറ്റല്‍ എന്‍റർപ്രൈസിന്‍റെ പ്രീത റെഡ്ഡിയും (68), സുനീതി റെഡ്ഡിയും (67) ചേര്‍ന്നാണ് 'വെറ്ററന്‍സ്' (65 വയസിന് മുകളില്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. 1,21,770 കോടി രൂപ കമ്പനി മൂല്യത്തോടെയാണ് ഇരുവരും റാങ്കിങ്ങില്‍ മുന്നിലെത്തിയത്.
85,850 കോടി രൂപ കമ്പനി മൂല്യവുമായി പിരാമല്‍ ഗ്രൂപ്പിന്‍റെ സ്വാതി പിരാമല്‍ (70) മൂന്നാം സ്ഥാനത്തുണ്ട്. ബയോകോണിന്‍റെ കിരണ്‍ മസൂംദാര്‍-ഷാ (73) 67,440 കോടി രൂപ കമ്പനി മൂല്യത്തോടെ നാലാം സ്ഥാനത്തും, സെയില്‍സ്ഫോഴ്സ് ഇന്ത്യയുടെ അരുന്ധതി ഭട്ടാചാര്യ (70) 45,940 കോടി രൂപയുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.
2010ലെ ഏറ്റവും പ്രായം കൂടിയ നേതാവായ ബീന മോദി (81) ആറാം സ്ഥാനത്താണ്. അവര്‍ നയിക്കുന്ന ഗോഡ്ഫ്രെ ഫിലിപ്‌സ് ഇന്ത്യക്ക് 34,930 കോടി രൂപയുടെ കമ്പനി മൂല്യമാണുള്ളത്. യു.എസ്.വിയുടെ ലീന ഗാന്ധി തിവാരി (69) 32,460 കോടി രൂപ മൂല്യത്തോടെ ഏഴാം സ്ഥാനത്തുണ്ട്.
ടേഫ് (TAFE – Tractors and Farm Equipment) സ്ഥാപനത്തിന്‍റെ മല്ലിക ശ്രീനിവാസന്‍ (66) 22,900 കോടി രൂപ കമ്പനി മൂല്യത്തോടെ എട്ടാം സ്ഥാനത്താണ്. സുഡ്-ചെമി ഇന്ത്യയുടെ അര്‍ഷിയ എ ലാല്‍ജി (66) 9,470 കോടി രൂപയുമായി ഒമ്പതാം സ്ഥാനത്തും, ജെ.കെ ലക്ഷ്മി സിമന്‍റിന്‍റെ വിനിത സിംഘാനിയ (74) 7,410 കോടി രൂപ കമ്പനി മൂല്യത്തോടെ പത്താം സ്ഥാനവും നേടി.
ഇന്ത്യയുടെ കോര്‍പ്പറേറ്റ് രംഗത്തെ രൂപപ്പെടുത്തുന്നതില്‍ പരിചയസമ്പന്നരായ നേതൃത്വത്തിന്‍റെ പ്രായം ഈ വനിതകളുടെ സ്വാധീനത്തെ ചെറുതായിപ്പോലും ബാധിച്ചിട്ടില്ലെന്ന് ഈ റാങ്കിങ് വ്യക്തമാക്കുന്നു. വെറ്ററന്‍സ് വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കള്‍ക്ക് 66 വയസും ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് 81 വയസുമാണ് ഉള്ളത്. ആരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍മാണം, സാങ്കേതികവിദ്യ, സിമന്‍റ്, ഉപഭോക്തൃ സാധനങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഈ പട്ടിക പ്രതിനിധീകരിക്കുന്നത്.
മുകളില്‍ പരാമർശിച്ച ആദ്യ 10 പ്രമുഖ വനിതാ നേതാക്കള്‍ക്ക് പുറമേ, 2026 ലെ ഹുറുൻ ഇന്ത്യ വനിതാ നേതാക്കളുടെ പട്ടികയിലെ 12 വിഭാഗങ്ങളിലായി ബിസിനസ്, സ്റ്റാര്‍ട്ടപ്പുകള്‍, കായികം, സാഹിത്യം, സാമൂഹിക സ്വാധീനം എന്നീ മേഖലകളില്‍ നിന്നുള്ള 117 വനിതകളെയാണ് ആദരിച്ചിരിക്കുന്നത്. ഈ പട്ടികയിലുള്ള വനിതകള്‍ പ്രതിനിധീകരിക്കുന്ന ബിസിനസുകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത മൂല്യം 39 ലക്ഷം കോടി രൂപയാണ്.
പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 117 വനിതകളില്‍ 98 പേരും സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ന്നുവന്നവരാണ്. ഇത് ആകെ പട്ടികയുടെ 84% വരും. വെറും 19 പേര്‍ മാത്രമാണ് തങ്ങളുടെ ബിസിനസോ നേതൃസ്ഥാനങ്ങളോ പാരമ്പര്യമായി ഏറ്റെടുത്തത്.നേതാക്കളെ തരംതിരിക്കാന്‍ ഉപയോഗിച്ച അഞ്ച് ഘടകങ്ങളില്‍ കൾച്ചർ വിഭാഗമാണ് ഏറ്റവും കൂടുതല്‍ പേരെ (42 വനിതകള്‍) ഉള്‍ക്കൊണ്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ (28), മൂല്യസൃഷ്ടി (19), സമ്പത്ത് സൃഷ്ടി (18), സ്വാധീനം (10) എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍.
ഏറ്റവും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടത് മുംബൈയില്‍ നിന്നാണ് (26 പേര്‍). ഡല്‍ഹി (21), ബംഗളൂരു (16) എന്നിവയാണ് തൊട്ടുപിന്നില്‍. കൂടാതെ, തങ്ങളുടെ കരിയര്‍ കെട്ടിപ്പടുക്കുന്നതിനായി 33 വനിതകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് മാറിയതായും, രണ്ടുപേര്‍ അന്താരാഷ്ട്ര തലത്തില്‍ കുടിയേറിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ വനിതകള്‍ ബിരുദം നേടിയ സ്ഥാപനം ഡല്‍ഹി സര്‍വകലാശാലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

