ഐ.പി.ഒ റാലി നയിച്ച് ചെറുകിട നിക്ഷേപകർ; ഇനി വിദേശികളെ മറികടക്കും
text_fieldsമുംബൈ: രാജ്യത്തെ ഈ വർഷത്തെ ബ്ലോക്ബസ്റ്റർ ഐ.പി.ഒ റാലി നയിച്ച് ചെറുകിട നിക്ഷേപകർ. 42,000 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്. വൻകിട കമ്പനികളുടെ പ്രഥമ ഓഹരി വിൽപനയിലാണ് (ഐ.പി.ഒ) ചെറുകിട നിക്ഷേപകരുടെ റെക്കോഡ് പങ്കാളിത്തം. രണ്ട് വർഷം മുമ്പത്തെ ഐ.പി.ഒ നിക്ഷേപത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയിലധികമാണിത്. മാത്രമല്ല, ഈ വർഷം ഐ.പി.ഒകളിൽ 45,700 കോടി രൂപ നിക്ഷേപിച്ച വിദേശികളുടെ തൊട്ടരികെയാണ് ചെറുകിട നിക്ഷേപകരുടെ സ്ഥാനം.
മ്യൂച്ച്വൽ ഫണ്ടുകൾ വഴി നിക്ഷേപിച്ച 38,000 കോടി രൂപകൂടി കണക്കിലെടുത്താൽ, ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണികളിലൊന്നായ ഇന്ത്യയിലെ ഐ.പി.ഒ കുതിച്ചുചാട്ടത്തിന് പിന്നിലെ നിർണായക ശക്തിയായി ചെറുകിട നിക്ഷേപകർ മാറിയെന്ന കാര്യം വ്യക്തമാകും.
ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വർധിക്കുന്നുവെന്നാണ് പുതിയ ട്രെൻഡ് നൽകുന്ന സൂചന. ഉയർന്ന വരുമാനവും എസ്.ഐ.പി പോലുള്ള സ്ഥിരമായ സമ്പാദ്യവും ദീർഘകാല നിക്ഷേപം നടത്താനുള്ള താൽപര്യവുമാണ് റിസ്ക് എടുക്കാനുള്ള ചെറുകിട നിക്ഷേപകരുടെ ഊർജം.
ഇന്ത്യൻ വിപണിയിൽ ചെറുകിട നിക്ഷേപകർ അവസരം കാണുന്നതിനാലാണ് നേരിട്ടും മ്യൂച്വൽ ഫണ്ടുകൾ വഴിയും പണം ഒഴുകുന്നതെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കൊട്ടക് അഭിപ്രായപ്പെട്ടു. മാസങ്ങളായി ഓഹരി വിപണിയിൽ വിദേശികൾ ഓഹരി വിൽക്കുമ്പോൾ ഇന്ത്യക്കാർ നേരിട്ടും മ്യൂച്ച്വൽ ഫണ്ടുകൾ വഴിയും വാങ്ങിക്കൂട്ടുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ യു.എസിനെയും യൂറോപ്പിനെയും അപേക്ഷിച്ച് ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. ചെറുകിട നിക്ഷേപകർ സുപ്രധാന പങ്ക് വഹിക്കുന്ന ഹോങ്കോങ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വിപണികൾക്ക് സമാനമാണ് ഇന്ത്യയെന്ന് ആദിത്യ ബിർല സൺ ലൈഫ് അസറ്റ് മാനേജ്മെന്റ് കമ്പനി എം.ഡി എ. ബാലസുബ്രമണ്യൻ പറഞ്ഞു. യു.എസ് ഐ.പി.ഒകളിൽ ചെറുകിട നിക്ഷേപകർക്ക് പകരം നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തമാണ് കൂടുതലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രത്യേകം ക്വാട്ട നിശ്ചയിച്ച സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ ചട്ടക്കൂടാണ് ഐ.പി.ഒകളിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വർധിക്കാനുള്ള കാരണമായി ഏഞ്ചൽ വൺ സീനിയർ അനലിസ്റ്റ് വഖാർ ഖാൻ ചൂണ്ടിക്കാണിക്കുന്നത്.
സെപ്റ്റംബറിലെ സെബിയുടെ സർവേ പ്രകാരം മ്യൂച്ച്വൽ ഫണ്ട്, ഐ.പി.ഒ, ഫ്യൂച്ചേസ് ആൻഡ് ഒപ്ഷൻസ് എന്നിവയിൽ 32 ദശലക്ഷം ഇന്ത്യൻ കുടുംബങ്ങൾ നിക്ഷേപിക്കുന്നുണ്ടെന്നാണ് കണക്ക്. ഡൽഹിയാണ് ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തത്തിൽ ഏറ്റവും മുന്നിൽ. ഗുജറാത്ത് രണ്ടാം സ്ഥാനത്തുണ്ട്.
1993 ൽ ഇൻഫോസിസിന്റെ ഐ.പി.ഒക്ക് ലഭിച്ചത് ചെറുകിട നിക്ഷേപകരുടെ നാമമാത്ര അപേക്ഷയാണ്. ഇതിൽനിന്ന് ഇന്ത്യൻ ഓഹരി വിപണിക്ക് വലിയ മാറ്റമാണുണ്ടായത്. ഈ സാഹചര്യത്തിൽ വൻകിട ഐ.പി.ഒകളിൽ ചെറുകിട നിക്ഷേപകരുടെ ക്വാട്ട 35 ശതമാനത്തിൽനിന്ന് 25 ശതമാനത്തിലേക്ക് കുറക്കാനുള്ള നിർദേശം സെബി ഈയിടെ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

