ഇന്ത്യയുടെ ആദ്യ എ.ഐ കമ്പനി ഐ.പി.ഒക്ക് ഒരുങ്ങുന്നു
text_fieldsമുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) രംഗത്തെ കമ്പനികളുടെ ഓഹരികൾ ആഗോള വിപണിയിൽ ട്രെൻഡാണ്. യു.എസ് വിപണിയിൽ എ.ഐ ഓഹരികൾ ഈയിടെ വൻ നേട്ടമാണ് നിക്ഷേപകർക്ക് സമ്മാനിച്ചത്.
ഇനി അധികം വൈകാതെ ആഭ്യന്തര വിപണിയിൽ നിങ്ങൾക്കും എ.ഐ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കാം. ഇന്ത്യയുടെ ആദ്യ എ.ഐ യൂനികോൺ ഉടൻ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) നടത്തും. ന്യൂയോർക്കിലും മുംബൈയിലും ആസ്ഥാനമുള്ള ഫ്രാക്റ്റൽ അനലിറ്റിക്സ് ലിമിറ്റഡാണ് 4900 കോടി രൂപയുടെ ഐ.പി.ഒക്ക് തയാറെടുക്കുന്നത്.
ആഗസ്റ്റിൽ ഐ.പി.ഒ അപേക്ഷ സമർപ്പിച്ച ഫ്രാക്റ്റൽ അനലിറ്റിക്സിന് നവംബറിൽ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡിന്റെ അനുമതി ലഭിച്ചിരുന്നു. നിലവിൽ ബാങ്കുകളുമായി ആലോചിച്ച് ഐ.പി.ഒ വില നിശ്ചിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ബുക്ക് ബിൽഡിങ് പ്രക്രിയ പൂർത്തിയാകുന്നതോടെ മാത്രമേ ഐ.പി.ഒയിൽ വിൽക്കുന്ന ഓഹരികളുടെ വില വ്യക്തമാകുകയുള്ളൂ. തുടർന്ന് അടുത്ത വർഷം ജനുവരി പകുതിയോടെ പുതുക്കിയ അപേക്ഷ സമർപ്പിക്കും. ഐ.പി.ഒയിലെ ഓഹരി വില നിശ്ചയിക്കാൻ വൈകിയാൽ പുതുക്കിയ അപേക്ഷ സമർപ്പിക്കുന്നതും നീളാനും സാധ്യതയുണ്ട്.
കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് അനാലിറ്റിക്സ്, കൊഗ്നീറ്റിവ് ഓട്ടോമേഷൻ, ക്വാണ്ടം കമ്പ്യൂട്ടിങ്, മെഷിൻ ലേണിങ് ഓപറേഷൻ സർവിസസ് തുടങ്ങിയ സേവനങ്ങളാണ് ഫ്രാക്റ്റൽ അനലിറ്റിക്സ് നൽകുന്നത്. ലോകമെമ്പാടുമുള്ള ഇൻഷൂറൻസ്, സാമ്പത്തിക സേവന, ആരോഗ്യ സേവന, റീട്ടെയിൽ രംഗത്തെ കമ്പനികളാണ് ക്ലയന്റുകൾ. യു.എസ് ഓഹരി നിക്ഷേപ കമ്പനിയായ ടി.പി.ജി കാപിറ്റലിന് വൻ നിക്ഷേപമുണ്ട്. ഐ.പി.ഒയിലൂടെ ടി.പി.ജി 2000 കോടി രൂപയുടെ ഓഹരി വിൽക്കും. 1279 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലെ നിക്ഷേപകരുടെ 3621 കോടി രൂപയുടെ ഓഹരികളുമാണ് ഐ.പി.ഒയിലൂടെ വിൽക്കുക.
ആഗോള വിപണിയിൽ എ.ഐ ഓഹരികളിലുണ്ടായ കുതിപ്പ് വെറും കുമിളകളാണെന്ന ചർച്ച സജീവമാണ്. എ.ഐ ഓഹരികളുടെ മൂല്യം അമിതമായി ഉയർന്നിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴും ആഗോള എതിരാളികളെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

