Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഐ.ടി മേഖലയെ...

ഐ.ടി മേഖലയെ പിടിച്ചുലച്ച് ‘നിശബ്ദ പിരിച്ചുവിടൽ’; 50,000 പേർക്ക് ജോലി പോകും

text_fields
bookmark_border
ഐ.ടി മേഖലയെ പിടിച്ചുലച്ച് ‘നിശബ്ദ പിരിച്ചുവിടൽ’; 50,000 പേർക്ക് ജോലി പോകും
cancel

ബംഗളൂരു: രാജ്യത്ത് ഐ.ടി മേഖലയിൽ നിശബ്ദ പിരിച്ചുവിടൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഈ വർഷം അ‌വസാനത്തോടെ 50,000 ഐ.ടി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നും ഇകണോമിക്സ് ​ടൈംസ് പത്രം തയാറാക്കിയ റിപ്പോർട്ട് പറയുന്നു. ചെറുതും വലുതുമായ നിരവധി കമ്പനികളാണ് രാജിവെക്കാൻ ആവശ്യപ്പെടുന്നത്. 2023 മുതൽ 2024 വരെ ഏകദേശം 25,000 പേർക്ക് തൊഴിൽ നഷ്ട​പ്പെട്ടു. ഈ വർഷം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സൂചന. എ.ഐ സാങ്കേതിക വിദ്യ നടപ്പാക്കുന്നതാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാൻ കമ്പനികളെ നിർബന്ധിക്കുന്നത്. വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാൻ യു.എസ് ഭരണകൂടം എച്ച് വൺ ബി വിസ ഫീസ് കുത്തനെ ഉയർത്തിയതും വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പ്രത്യേക നികുതി നിർദേശിക്കുന്ന ഹയർ ആക്ടും അ‌പ്രതീക്ഷിത തിരിച്ചടിയാണ്.

പ്രമോഷൻ നൽകാതിരിക്കുകയും പ്രകടനം മോശമായെന്ന് ആരോപിച്ചും നിശബ്ദമായി തൊഴിലാളികളെ പിരിച്ചുവിടുന്നത് വ്യാപകമാണെന്ന് യു.എസ് ആസ്ഥാനമായ എച്ച്.എഫ്.എസ് റിസർച്ചിന്റെ മുഖ്യ അ‌നലിസ്റ്റും സി.ഇ.ഒയുമായ ഫിൽ ഫെഷ്ത് പറഞ്ഞു. വരുമാനം കൂടിയാലും എ.ഐ സഹായത്താൽ ഉത്പാദന ക്ഷമത ഉയർത്താൻ കഴിയുമെന്നതിനാൽ ഇന്ത്യൻ ഐ.ടി കമ്പനികൾ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

അ‌ടുത്ത വർഷം മാർച്ചോടെ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസസിന്റെ (ടി.സി.എസ്) പ്രഖ്യാപനം. ആറ് ലക്ഷത്തിൽ വെറും രണ്ട് ശതമാനം ജീവനക്കാരെ മാത്രമേ പിരിച്ചുവിടൽ ബാധിക്കുകയുള്ളൂവെന്നും വിശദീകരിച്ചിരുന്നു. എന്നാൽ, കണക്കുകൾ പുറത്തുവന്നപ്പോൾ 19755 ജീവനക്കാരെ കമ്പനി ഇതിനകം പറഞ്ഞുവിട്ടെന്ന് വ്യക്തമായി.

ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 11,000 തസ്തികകൾ ഒഴിവാക്കാൻ ആക്സഞ്ചർ തീരുമാനിച്ചിരുന്നു. ഈ രണ്ടു ഐ.ടി ഭീമന്മാരുടെയും പാത പിന്തുടർന്ന് ചെലവ് വെട്ടിക്കുറക്കാനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികൾ. താരിഫ് വർധനവും വ്യാപാര അ‌നിശ്ചിതാവസ്ഥയും കാരണം ഐ.ടി മേഖല നേരിടുന്ന പ്രതിസന്ധിയും കൂടുതൽ ​ത വൈദഗ്ധ്യം വേണ്ടിവന്നതുമാണ് പിരിച്ചുവിടലിലേക്ക് നയിച്ചതെന്ന് ടീംലീസ് ഡിജിറ്റൽ സി.ഇ.ഒ നീതി ശർമ്മ പറഞ്ഞു. ഈ വർഷം മാത്രം ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം 60,000ത്തിന് മുകളിലെത്തുമെന്നും അ‌വർ മുന്നറിയിപ്പ് നൽകി.

ടി.സി.എസ് പിരിച്ചുവിടൽ പ്രഖ്യാപനം നടത്തിയ ശേഷം ജീവനക്കാരിൽനിന്ന് ലാപ്ടോപ് തിരിച്ചുവാങ്ങാനും എംപ്ലോയീ അ‌ക്കൗണ്ട് റദ്ദാക്കാനും ആവശ്യപ്പെട്ട് ദിവസം 300 ഓളം ഇ-മെയിലുകളാണ് ഐ.ടി സിസ്റ്റം ടീമിന് എച്ച്.ആർ വകുപ്പ് അ‌യക്കുന്നത്. ആരെയും പുറത്താക്കുകയല്ല ടി.സി.എസ് ചെയ്തത്. മറിച്ച് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് തൊഴിലാളികളിൽനിന്ന് രാജിക്കത്ത് ആവശ്യപ്പെടുകയായിരുന്നെന്ന് പുറത്താക്കപ്പെട്ട ഒരു ജീവനക്കാരൻ പറഞ്ഞു. 25 വർഷം സേവനം അ‌നുഷ്ടിച്ചവർക്ക് മികച്ച നഷ്ടപരിഹാരം കിട്ടി. പ​ക്ഷെ, 10 വർഷത്തെ മാത്ര പ്രവൃത്തി പരിചയമുള്ളവരെ മോശമായി ബാധിച്ചതായും അ‌ദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ടുകൾ തയാറാക്കൽ, ഏകോപനം തുടങ്ങിയ ജോലികൾക്ക് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയതോടെ മിഡ് ലെവൽ മാനേജ്മെന്റ് തസ്കതികയിലെ ജീവനക്കാരെ ആവശ്യമില്ലാതായി. മിഡ് മാനേജ്മെന്റ് ലെവൽ ജീവനക്കാർക്ക് ഇടയിലാണ് പിരിച്ചുവിടൽ ഏറ്റവും ശക്തം.

ഉപഭോക്താക്കളുടെ എണ്ണം കുറയൽ, പ്രൊജക്ടുകൾ റദ്ദാക്കപ്പെടൽ തുടങ്ങിയ അനിശ്ചിതാവസ്ഥയും എ.ഐ സാങ്കേതിക വിദ്യ നടപ്പാക്കാനുള്ള തീവ്രശ്രമവും അടക്കം സുപ്രധാന വ​ഴിത്തിരിവിലാണ് 283 ബില്ല്യൻ ഡോളറിന്റെ അ‌തായത് 25.11 ലക്ഷം കോടി രൂപയുടെ വ്യവസായം. വെറുമൊരു ചെലവ് കുറക്കൽ പദ്ധതിയേക്കാൾ എ.ഐ സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കാനുള്ള തുടക്കമാണിതെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT sectorus TaxDonald TrumpIT exportlayoffsSeverance Paytariff war
Next Story