വ്യാപാര കരാർ വൈകുന്നത് മോദി ട്രംപിനെ വിളിക്കാത്തതിനാലെന്ന് യു.എസ്
text_fieldsമുംബൈ: ഇന്ത്യയുമായുള്ള വ്യാപാര കരാർ വൈകുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിക്കാത്തതിനാലെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുത്നിക്.
‘‘വ്യാപാര ചർച്ചകളെല്ലാം പൂർത്തിയായി. പക്ഷെ, കരാർ ഒപ്പിടാൻ തയാറാണെന്ന് അറിയിച്ച് ട്രംപിനെ മോദി വിളിച്ചിട്ടില്ല. കരാറിൽ ഇന്ത്യയുടെ നേതൃത്വം അസ്വസ്ഥരാണ്. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിക്കാതിരുന്നത്’’ ലുത്നിക് ഒരു പോഡ്കാസ്റ്റിനിടെ വ്യക്തമാക്കി.
ഫിലിപ്പിൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് മുമ്പ് ഇന്ത്യയുമായി ഉയർന്ന താരിഫ് നിരക്കിൽ വ്യാപാര കരാർ യാഥാർഥ്യമാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മാറ്റുള്ള രാജ്യങ്ങളുമായി വ്യാപാര കരാർ പൂർത്തിയാകുന്നത് വരെ ഇന്ത്യ വൈകിച്ചു. ഇപ്പോൾ ഇന്ത്യ പറയുന്നു ‘ഞങ്ങൾ തയാറാണ്’. ഞാൻ ചോദിച്ചു ‘എന്തിന് തയാർ’. മൂന്ന് ആഴ്ച മുമ്പ് സ്റ്റേഷൻ വിട്ടുപോയ ട്രെയിനിൽ പോകാൻ തയാറാണോയെന്ന് ചോദിക്കുന്നത് പോലെയാണ് ഇന്ത്യയുടെ ചോദ്യമെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ വർഷം മാർച്ചിലാണ് ഇന്ത്യയും യു.എസും തമ്മിൽ വ്യാപാര കരാർ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇരു വിഭാഗങ്ങളും ആറ് തവണ ചർച്ചകൾ നടത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം അടക്കം ഇന്ത്യക്കെതിരെ 50 ശതമാനം നികുതിയാണ് യു.എസ് ചുമത്തിയിട്ടുള്ളത്. മറ്റേതു രാജ്യത്തേക്കാളും കൂടുതൽ നികുതി യു.എസ് ചുമത്തിയത് ഇന്ത്യക്കെതിരെയാണ്. വീണ്ടും ഇന്ത്യക്കെതിരെ 500 ശതമാനം നികുതി ചുമത്താനുള്ള ബിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം അറിയിച്ചിരുന്നു.
2024-25 വരെ നാലു വർഷം തുടർച്ചയായി യു.എസാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനം യു.എസിലേക്കാണ്. ഇറക്കുമതി 6.22 ശതമാനം മാത്രമാണ്. അതേസമയം, കഴിഞ്ഞ ഒക്ടോബർ വരെയുള്ള രണ്ട് മാസങ്ങളിൽ കയറ്റുമതി 8.58 ശതമാനത്തിൽനിന്ന് 6.3 ശതമാനത്തിലേക്ക് ഇടിഞ്ഞതിനാൽ വ്യാപാര കരാർ യാഥാർഥ്യമാക്കൽ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

