ഇന്ത്യ-യു.എസ് വ്യാപാര കരാറും ഓഹരി വിപണിയും
text_fieldsസമീപ ഭാവിയിൽ ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവ് നൽകാൻ ഇടയുള്ള സംഭവമാണ് ഇന്ത്യ -യു.എസ് വ്യാപാര കരാർ. ഇന്ത്യയുമായി ബിഗ് ഡീലിന് അടുത്തെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇന്ത്യ അടക്കം രാജ്യങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച കാലാവധി ജൂലൈ ഒമ്പതിന് അവസാനിക്കും.
ഇതിന് മുമ്പ് വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. കരാർ യാഥാർഥ്യമായ റിപ്പോർട്ട് പുറത്തുവരുന്ന ദിവസം വിപണിയിൽ കുതിപ്പ് പ്രതീക്ഷിക്കാം. അതിനപ്പുറം ദീർഘകാലയളവിൽ ഏതൊക്കെ മേഖലകൾക്കാണ് ഈ കരാറിന്റെ ഗുണം ലഭിക്കുക എന്ന് മനസ്സിലാക്കണം. അതറിയണമെങ്കിൽ എന്തൊക്കെയാണ് കരാറിലെ വ്യവസ്ഥകൾ എന്ന് വ്യക്തമാകണം. ഊർജം, കൃഷി, പ്രതിരോധം, കെമിക്കൽ, വ്യോമയാനം തുടങ്ങിയ മേഖലകൾക്ക് ഗുണം ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഐ.ടി, ഫാർമ മേഖലകളുമായി ബന്ധപ്പെട്ട് എന്തൊക്കെയാകും വ്യവസ്ഥകൾ എന്നാണ് വാണിജ്യ ലോകവും നിക്ഷേപകരും ഉറ്റുനോക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിൽ വാണിജ്യ കരാറിന് ധാരണയായിക്കഴിഞ്ഞു. യൂറോപ്പും യു.എസും തമ്മിൽ വ്യാപാര ചർച്ച പുരോഗമിക്കുകയാണ്. അമേരിക്കയും കാനഡയും തമ്മിലുള്ള തർക്കമാണ് കുരുക്കഴിയാതെ കിടക്കുന്നത്. വ്യാപാര യുദ്ധവും അനിശ്ചിതാവസ്ഥയും വിപണിക്ക് ഇഷ്ടമല്ല. സുഗമമായ വാണിജ്യ ഇടപാടുകൾക്ക് കളമൊരുങ്ങുന്നുവെന്ന വാർത്തയെ വിപണി ഹൃദ്യമായി സ്വീകരിക്കും. ഏതാനും ദിവസത്തെ വാർത്താധിഷ്ഠിത മുന്നേറ്റം പ്രതീക്ഷിക്കാം.
നിറയെ പോസിറ്റിവിറ്റി
ഹ്രസ്വകാല മുന്നേറ്റത്തിനുള്ള പോസിറ്റിവിറ്റി വിപണിയിലുണ്ട്. യുദ്ധങ്ങൾ തീരുന്നതും വ്യാപാരയുദ്ധം അവസാനിപ്പിച്ച് ധാരണകൾ രൂപപ്പെടുന്നതും പോസിറ്റിവ് ആണ്. വിപണിയിൽ പണലഭ്യത വർധിക്കാനുള്ള സർക്കാറിന്റെയും റിസർവ് ബാങ്കിന്റെയും ശ്രമങ്ങളും ഗുണം ചെയ്യും. ഇറാൻ -ഇസ്രായേൽ യുദ്ധം അവസാനിച്ചതും ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞതും ശുഭകരമാണ്.
റഷ്യ യുക്രെയ്നെ ലക്ഷ്യം വെച്ചും യുക്രെയ്ൻ തിരിച്ചും കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയെങ്കിലും യുക്രെയ്ൻ യുദ്ധവും വൈകാതെ അവസാനിക്കാൻ സാധ്യത ഏറെയാണ്. ഇരു രാജ്യങ്ങളും തുർക്കിയയിലെ ഇസ്തംബൂളിൽ നേരിട്ട് ചർച്ച നടത്താനുള്ള മധ്യസ്ഥനീക്കം നടക്കുന്നു. റഷ്യ സൈനിക ബജറ്റിൽ കാര്യമായ കുറവുവരുത്താൻ തീരുമാനിച്ചതും സംഘർഷം അവസാനിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ലാഭമെടുക്കൽ പ്രതീക്ഷിക്കണം
ഇന്ത്യൻ ഓഹരി വിപണി മാർക്കറ്റ് സൈക്കിൾ പ്രകാരം ടൈം കറക്ഷൻ ഘട്ടത്തിലാണ്. നിശ്ചിത റേഞ്ചിനകത്ത് കയറിയും ഇറങ്ങിയും കളിക്കും (കൺസോളിഡേഷൻ) എന്നതാണ് ഈ ഘട്ടത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ സൂചിക എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുമ്പോൾ തിരുത്തൽ പ്രതീക്ഷിക്കണം. ആടിയാടി ‘ആൾ ടൈം ഹൈ’എത്തി അതിന് തൊട്ടുമുകളിലോ താഴെയോ ആയി ലാഭമെടുക്കലിന് സാധ്യതയുണ്ട്. സെൻസെക്സ് 84058ലും നിഫ്റ്റി 25637ലുമാണ് വെള്ളിയാഴ്ച ഇടപാട് അവസാനിപ്പിച്ചത്. സെൻസെക്സിന്റെ എക്കാലത്തെയും വലിയ ഉയരം 85978.25ഉം നിഫ്റ്റിയുടേത് 26277.35ഉം ആണ്.
സെൻസെക്സിലും നിഫ്റ്റിയിലും ഈ നിലയിലേക്ക് ഇനിയും ദൂരമുണ്ടെങ്കിലും സ്മാൾകാപ്, മിഡ് കാപ് സൂചികകളിൽ ഇതല്ല സ്ഥിതി. ഇവ എക്കാലത്തെയും ഉയർന്ന നിലയുടെ തൊട്ടടുത്താണുള്ളത്. സ്മാൾ, മിഡ് കാപ് ഓഹരികളിൽ സമീപ ദിവസങ്ങളിൽ കാണുന്ന ചാഞ്ചാട്ടത്തിന് ഇതാണ് കാരണം. ഇവയിൽ ഈ ആഴ്ചയോ അടുത്തയാഴ്ചയോ കനത്ത വിൽപന സമ്മർദം പ്രതീക്ഷിക്കണം. ഹ്രസ്വകാല നിക്ഷേപകരും ട്രേഡർമാരും കരുതിയിരിക്കണം. സെൻസെക്സ് മുന്നേറിയിട്ടും സാധാരണ നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാത്തത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
പരസ്യ പോരിൽ ട്രംപും ജെറോം പവലും
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള ഭിന്നത പരസ്യമായ വിഴുപ്പലക്കലിലേക്ക് നീങ്ങുകയാണ്. പവൽ ഉപയോഗശൂന്യമായ മാലിന്യമാണെന്നും രാജിവെക്കുന്നതാണ് നല്ലതെന്നും ട്രംപ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഫെഡ് ചെയർമാനെ കാലാവധിക്കുമുമ്പ് പുറത്താനുള്ള അധികാരം യു.എസ് ഭരണഘടന പ്രകാരം പ്രസിഡന്റിനില്ല. പലിശനിരക്ക് കുത്തനെ കുറക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന് ജെറോം പവൽ വഴങ്ങാത്തതാണ് പ്രധാന പ്രശ്നം.
തീരുവയുദ്ധം പണപ്പെരുപ്പം വർധിപ്പിക്കുമെന്ന പവലിന്റെ മുന്നറിയിപ്പും ട്രംപിന് ഇഷ്ടപ്പെടുന്നില്ല. അതേസമയം, ഈ വർഷം രണ്ട് തവണ കാൽ ശതമാനം വീതം പലിശനിരക്ക് കുറക്കുമെന്ന സൂചന പവൽ നൽകിയിട്ടുണ്ട്. സെപ്റ്റംബറിലും ഡിസംബറിലും ഇത് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

