വിദേശ ബോണ്ട് നിക്ഷേപകരുടെ മൂലധന നേട്ട നികുതി ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഗവൺമെന്റ് ബോണ്ടുകളിൽ നിക്ഷേപിക്കുന്ന വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ബാധകമായ മൂലധന നേട്ട നികുതി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തേക്ക് വിദേശ നിക്ഷേപ ഒഴുക്ക് വർധിപ്പിക്കുന്നതിനും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നിർണായക നീക്കം.
നികുതി ഒഴിവാക്കിയുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാറ്റങ്ങൾ വരുത്തുന്നതിനായി ആദായനികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഓർഡിനൻസും മന്ത്രിസഭ അംഗീകരിച്ചതായാണ് വിവരം. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാൽ തീരുമാനം പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ വ്യാപക ഒഴുക്കുണ്ടായിരുന്നു. വിദേശ നിക്ഷേപകർക്ക് 12 മാസത്തിലേറെയായി കൈവശം വെച്ചിരുന്ന ബോണ്ടുകൾക്ക് 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി (ലോങ് ടേം കാപിറ്റൽ ഗെയിൻ) ബാധകമായിരുന്നു. പുതിയ നിർദേശ പ്രകാരം ഈ നികുതി പൂർണമായും ഒഴിവാക്കും.
വിദേശ നിക്ഷേപകർ ഇന്ത്യൻ സർക്കാർ ബോണ്ടുകളിൽ നിക്ഷേപം തുടരുന്നുണ്ടെങ്കിലും ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കപ്പെട്ടിട്ടുണ്ട്. 2026ൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഏകദേശം 2.5ലക്ഷം രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിറ്റഴിച്ചത്. ഈ സാഹചര്യത്തിൽ നികുതി ഇളവ് വിദേശ നിക്ഷേപകരുടെ വരുമാനം വർധിപ്പിക്കുകയും സർക്കാർ ബോണ്ടുകളിലേക്കുള്ള നിക്ഷേപം കൂട്ടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
നിലവിൽ സർക്കാർ സെക്യൂരിറ്റികളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് ഈടാക്കുന്ന 20 ശതമാനം വിത്ഹോൾഡിങ് നികുതിയും ഒഴിവാക്കുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023ൽ നിർത്തലാക്കിയ അഞ്ച് ശതമാനം ഇളവ് നിരക്ക് പുനസ്ഥാപിക്കുകയോ നികുതി പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യുന്നതാണ് സർക്കാരിന്റെ സജീവ പരിഗണനയിൽ. ഇതിലൂടെ ഇന്ത്യൻ കടപ്പത്ര വിപണി ആഗോള നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

