ട്രംപിന്‍റെ താരിഫ് ആഘാതമായില്ല; ജി.ഡി.പി വളർച്ച 8.2 ശതമാനം, ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്ക്
text_fieldsന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് പ്രതീക്ഷിച്ചതിലുമധികം വളർച്ച. മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 8.2 ശതമാനമായാണ് ഇക്കാലയളവിൽ വളർന്നത്. കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചനിരക്കാണ് ഇത്. നടപ്പ് സാമ്പത്തിക വർഷത്തിെന്റ ആദ്യപാദത്തിൽ വളർച്ച 7.8 ശതമാനവും ഒരു വർഷം മുമ്പ് 5.6 ശതമാനവുമായിരുന്നു.
ജി.എസ്.ടി ഇളവ് ഉപഭോഗം വർധിപ്പിക്കുമെന്ന പ്രതീക്ഷയിൽ ഫാക്ടറി ഉൽപാദനം ഉയർന്നതാണ് സാമ്പത്തിക വളർച്ചയുടെ പ്രധാന കാരണം. സേവന മേഖലയുടെ മികച്ച പ്രകടനവും ജി.ഡി.പിക്ക് കരുത്തായി. ഇതിനു മുമ്പ് ഏറ്റവും ഉയർന്ന ജി.ഡി.പി വളർച്ച രേഖപ്പെടുത്തിയത് 2023-24 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലായിരുന്നു. അന്ന് 8.4 ശതമാനമായിരുന്നു വളർച്ച. ബാങ്കിങ്, റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ സേവന മേഖല 10.2 ശതമാനം വളർച്ചയാണ് രണ്ടാം പാദത്തിൽ കൈവരിച്ചത്. ഒരു വർഷം മുമ്പ് ഇത് 7.2 ശതമാനമായിരുന്നു.
ലോകത്തെ അതിവേഗം വളരുന്ന പ്രമുഖ സമ്പദ്‍വ്യവസ്ഥയെന്ന സ്ഥാനം നിലനിർത്താനും ഇതോടെ ഇന്ത്യക്ക് കഴിഞ്ഞു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ചൈനയുടെ ജി.ഡി.പി 4.8 ശതമാനമാണ് വളർന്നത്. ദേശീയ സ്ഥിതിവിവര ഓഫിസ് (എൻ.എസ്.ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിൽ സാമ്പത്തിക വളർച്ച എട്ട് ശതമാനമാണ്. മുൻ വർഷം ഇതേ കാലയളവിൽ വളർച്ച 6.1 ശതമാനമായിരുന്നു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ അടിച്ചേൽപ്പിച്ച 50% ഇറക്കുമതി തീരുവ കാര്യമായ ആഘാതമായില്ലെന്നും വ്യക്തമാക്കുന്നതാണ് കഴിഞ്ഞപാദ ജി.ഡി.പി മുന്നേറ്റം. ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ജി.ഡി.പി വളർച്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തിക പരിഷ്‍കാരങ്ങൾ തുടരുമെന്നും ജനങ്ങളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

