നികുതി വെട്ടിപ്പ്: അദാനിയുടെ പ്രതിരോധ കമ്പനിക്കെതിരെ അന്വേഷണം
text_fieldsന്യൂഡൽഹി: നികുതി വെട്ടിച്ച സംഭവത്തിൽ ഗൗതം അദാനിയുടെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങി. അദാനി എന്റർപ്രൈസസിന്റെ ഭാഗമായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിനെതിരെയാണ് അന്വേഷണം.
അദാനി ഗ്രൂപ്പിന്റെ ഏറ്റവും ചെറിയ കമ്പനിയാണിത്. ഇന്ത്യൻ സുരക്ഷ സേനക്ക് മിസൈൽ, ഡ്രോൺ, ചെറിയ ആയുധങ്ങൾ തുടങ്ങിയവ നിർമിച്ചുനൽകുകയാണ് ഈ കമ്പനിയുടെ പ്രധാന ബിസിനസ്. അന്വേഷണം മാർച്ചിലാണ് തുടങ്ങിയതെന്ന് രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു.
ഒമ്പത് ദശലക്ഷം ഡോളർ അതായത് 79.88 കോടി രൂപയുടെ നികുതി വെട്ടിച്ചെന്നാണ് കമ്പനിക്കെതിരായ ആരോപണം. റവന്യൂ ഇന്റലിജൻറ്സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. കസ്‍റ്റംസ് നികുതിയിൽ ഇളവുണ്ടെന്ന് അവകാശപ്പെട്ടാണ് മിസൈൽ ഘടകങ്ങൾ കമ്പനി ഇറക്കുമതി ചെയ്തതെന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറഞ്ഞു.
അതേസമയം, ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട് റവന്യൂ ഇന്റലിജൻറ്സ് ഡയറക്ടറേറ്റ് വിശദീകരണം ചോദിച്ചിരുന്നെന്നും രേഖകകളടക്കം മറുപടി നൽകിയെന്നും അദാനി ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. വിഷയം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ വക്താവ്, കേസിൽ പിഴ അടച്ചിരുന്നോയെന്ന കാര്യം വിശദീകരിക്കാൻ തയാറായില്ല.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അദാനി ഡിഫൻസിന്റെ മൊത്തം വരുമാനമായ 76 ദശലക്ഷം ഡോളറിന്റെ പത്ത് ശതമാനത്തിലേറെയും ലാഭത്തിന്റെ പകുതിയിലേറെയും തുകയാണ് നികുതി വെട്ടിച്ചത്. എന്നാൽ, തെറ്റായ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതെന്ന് അന്വേഷണത്തിൽ കമ്പനി സമ്മതിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സാധാരണ ഗതിയിൽ ഇത്തരം തട്ടിപ്പ് കേസിൽ പിഴയായി 100 ശതമാനം നികുതി നൽകേണ്ടി വരാറുണ്ട്. അതായത് അദാനി ഡിഫൻസ് 18 ദശലക്ഷം ഡോളർ നൽകേണ്ടി വരും. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് തള്ളിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

