ഓൺലൈൻ വ്യാപാരം പൊടിപൊടിക്കും; വിദേശ നിക്ഷേപത്തിൽ ഇളവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ഓൺലൈൻ വ്യാപാര മേഖലയുടെ വളർച്ച ശക്തമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇ-കൊമേഴ്സ് രംഗത്തെ വിദേശ നിക്ഷേപത്തിന് കൂടുതൽ ഇളവുകൾ നൽകാനുള്ള കരട് നിർദേശം സർക്കാർ തയാറാക്കി. വാഷിങ്ടണിൽ നടക്കുന്ന ഇന്ത്യ-യു.എസ് വ്യാപാര ചർച്ചകളിലാണ് ഈ നിർദേശം ഉയർന്നുവന്നത്.
ആമസോൺ, ഫ്ലിപ് കാർട്ട് അടക്കമുള്ള ഓൺലൈൻ വ്യാപാര കമ്പനികൾക്ക് വൻ കുതിപ്പേകുന്നതാണ് നീക്കം. റോയിട്ടേസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഇ-കൊമേഴ്സ് കമ്പനികൾക്ക് നേരിട്ട് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിൽക്കാൻ അനുമതിയില്ല. ഉത്പാദകരെയും വിൽപനക്കാരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഒരു വിപണിയായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഈ നിയന്ത്രണം കാരണം, ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും ഇ-കൊമേഴ്സ് കമ്പനികൾക്ക് കഴിയുന്നില്ല.
നിയന്ത്രണം നീക്കണമെന്ന് നിരവധി കാലമായി യു.എസ് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ആമസോൺ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തിയിരുന്നു. നിർദേശം അംഗീകരിച്ചാൽ ആമസോണിനടക്കം ഇന്ത്യൻ വിൽപനക്കാരിൽനിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങി വിദേശ ഉപഭോക്താവിന് വിൽക്കാൻ കഴിയും.
അതേസമയം, ആമസോണിന്റെ ആവശ്യം തള്ളണമെന്നാണ് ആഭ്യന്തര വിപണിയിലെ ചെറുകിട കച്ചവടക്കാർ ആവശ്യപ്പെടുന്നത്. നീക്കം ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിക്കുമെന്നാണ് അവരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

