ഇന്ത്യ-പാക് സംഘർഷവും ഓഹരി വിപണിയും
text_fieldsആഗോള സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുവരുകയും ഇന്ത്യൻ ഓഹരി വിപണിയും അതനുസരിച്ച് കരുത്ത് പ്രകടിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് കശ്മീരിലെ പഹൽഗാമിൽ ദൗർഭാഗ്യകരമായ ഭീകരാക്രമണമുണ്ടാകുന്നത്. പാകിസ്താൻ പിന്തുണയോടെയാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് ആരോപിച്ച ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ തിരിച്ചടി ഏത് സമയവും സംഭവിക്കാം. ഓഹരി വിപണിയിൽ തൽക്ഷണം തകർച്ചക്ക് ഇത് കാരണമാകും. കാർഗിൽ യുദ്ധം, സർജിക്കൽ സ്ട്രൈക്ക് ഉൾപ്പെടെ മുൻകാല ചരിത്രം ഇതാണ് സൂചിപ്പിക്കുന്നത്. നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. പാകിസ്താന്റെ പ്രതികരണം, സംഘർഷത്തിന്റെ വ്യാപ്തിയും തീവ്രതയും എന്നിവ അനുസരിച്ചായിരിക്കും ഓഹരി വിപണിയിലെ വീഴ്ച. ഇന്ത്യക്കും പാകിസ്താനും ഇടയിൽ വ്യാപാരബന്ധം നിലവിൽ നാമമാത്രമാണ്. അതുകൊണ്ടുതന്നെ ആ നിലക്ക് വിപണിയിൽ വലിയ പ്രത്യാഘാതമുണ്ടാവില്ല.
ശനിയാഴ്ച പാകിസ്താനിൽനിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പാക് ഉൽപന്നങ്ങൾ മൂന്നാം രാജ്യം വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്ക് ബാധകമാണ്. 2019ൽ പുൽവാമ തീവ്രവാദി ആക്രമണത്തെ തുടർന്ന് പാകിസ്താനിൽനിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ 200 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു.
അതോടെയാണ് ഇറക്കുമതി നാമമാത്രമായി ചുരുങ്ങിയത്. 2017-18 വർഷത്തിൽ 227 കോടിയുടെ ഉഭയകക്ഷി വ്യാപാരം ഉണ്ടായിരുന്നത് 2023 -24 വർഷത്തിൽ 64 കോടിയായി ചുരുങ്ങി. ഇതിൽ തന്നെ ഭൂരിഭാഗവും ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയാണ്. ഹിമാലയൻ പിങ്ക് ഉപ്പ് ഒഴികെ പാക് ഉൽപന്നങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇന്ത്യക്കില്ല. അതേസമയം, ഇന്ത്യൻ ഉൽപന്നങ്ങൾ ആവശ്യമായ അവസ്ഥയിലാണ് പാകിസ്താൻ.
രണ്ട് ആണവരാഷ്ട്രങ്ങൾ ഇതുപോലെ പോർമുഖത്ത് നിൽക്കുമ്പോൾ തീർച്ചയായും വിദേശനിക്ഷേപകർ ഉൾപ്പെടെ പിൻവലിയും. അത് വിപണിയിൽ പ്രതിഫലിക്കും. ഏറ്റുമുട്ടൽ ഉണ്ടായാൽത്തന്നെ ഏതാനും ദിവസത്തിനകം വിപണി തിരിച്ചുകയറാനാണ് സാധ്യത. ഐക്യരാഷ്ട്ര സഭയും അമേരിക്ക ഉൾപ്പെടെ രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുള്ളതിനാൽ വലിയൊരു യുദ്ധത്തിലേക്ക് പോകില്ലെന്നാണ് പൊതുവിൽ കരുതുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടി കൊടുക്കാതിരിക്കാൻ ഇന്ത്യക്ക് കഴിയില്ല. എന്നാൽ, ഇന്ത്യയുമായി യുദ്ധത്തിനിറങ്ങാനുള്ള സാമ്പത്തിക, സൈനിക ശേഷി പാകിസ്താന് ഇപ്പോൾ ഇല്ല എന്നാണ് വിലയിരുത്തൽ. എന്തൊക്കെയായാലും അയൽക്കാരായ രണ്ട് ആണവ രാജ്യങ്ങൾ നേരിട്ട് യുദ്ധത്തിനിറങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതം എല്ലാവർക്കും ബോധ്യമുള്ളതാണ്. അത് സംഭവിക്കാതിരിക്കാനാണ് നയതന്ത്രലോകം ശ്രമിക്കുന്നത്.
പ്രതിരോധ ഓഹരികളിൽ മുന്നേറ്റം
സംഘർഷത്തിന്റെ വാർത്ത പുറത്തുവന്നത് മുതൽ പ്രതിരോധ രംഗത്തെ കമ്പനികളുടെ ഓഹരി വില കുതിക്കുകയാണ്. കപ്പൽ നിർമാണ കമ്പനികളും ആയുധങ്ങളും ആയുധങ്ങളുടെ ഭാഗങ്ങളും നിർമിക്കുന്ന പൊതുമേഖല, സ്വകാര്യ കമ്പനികളുമാണ് നേട്ടമുണ്ടാക്കുന്നത്. സംഘർഷാവസ്ഥയിൽ ഏത് രാജ്യവും പ്രതിരോധ ബജറ്റ് വർധിപ്പിക്കും.
കാർഗിൽ യുദ്ധകാലത്ത് ഏർപ്പെടുത്തിയ പോലെ പ്രത്യേക സെസും ഏർപ്പെടുത്തിയേക്കാം. ഇതെല്ലാം ഇത്തരം കമ്പനികളുടെ വരുമാനം വർധിപ്പിക്കുന്നതാണ്. ഉടൻ വരുമാനം വർധിക്കില്ലെങ്കിലും ഇത്തരം വാർത്തകളും സൂചനകളും തന്നെ മതി ഓഹരി വില ഉയരാൻ.
നിത്യോപയോഗ സാധനങ്ങൾ നിർമിക്കുന്ന കമ്പനികളുടെ ഓഹരികളും അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സമയങ്ങളിൽ കരുത്ത് കാട്ടാറുണ്ട്. ആരോഗ്യ മേഖലയാണ് ക്ഷീണം ബാധിക്കാത്ത മറ്റൊരു സെക്ടർ. പ്രതിരോധ ബജറ്റ് വർധിപ്പിക്കുമ്പോൾ സർക്കാറിന് അടിസ്ഥാന സൗകര്യ വികസനത്തിലെ വിഹിതം വെട്ടിക്കുറക്കേണ്ടി വരും. ഇത് വിവിധ കമ്പനികളെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

