സ്വർണ വില കുതിച്ചത് നേട്ടമായി; ഇന്ത്യയുടെ ഗോൾഡ് ഇ.ടി.എഫ് റെക്കോർഡിൽ
text_fieldsമുംബൈ: സ്വർണ വില കുതിച്ചുകയറിയപ്പോൾ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്) നിക്ഷേപത്തിൽ റെക്കോർഡ് തൊട്ട് ഇന്ത്യ. സെപ്റ്റംബറിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം ഒഴുകിയത്. വേൾഡ് ഗോൾഡ് കൗൺസിൽ കണക്ക് പ്രകാരം 902 ദശലക്ഷം ഡോളർ അതായത് 8,005 കോടി രൂപ ഇന്ത്യക്കാർ കഴിഞ്ഞ മാസം ഗോൾഡ് ഇ.ടി.എഫിൽ നിക്ഷേപിച്ചു. ആഗസ്റ്റിൽ 232 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്. അതായത് നിക്ഷേപത്തിൽ 285 ശതമാനത്തിന്റെ വർധനയുണ്ടായി. ഇതു തുടർച്ചയായ നാലാം മാസമാണ് ഗോൾഡ് ഇ.ടി.എഫിലേക്ക് പണം ഒഴുകുന്നത്. ഇതോടെ ഗോൾഡ് ഇ.ടി.എഫ് നിക്ഷേപത്തിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി. ചൈനയെയും (622 ദശലക്ഷം ഡോളർ), ജപ്പാനെയും (415 ദശലക്ഷം ഡോളർ) മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്.
ലോകത്ത് മൊത്തം ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം 17.3 ബില്ല്യൻ ഡോളറായി സെപ്റ്റംബറിൽ ഉയർന്നു. യു.എസാണ് ഒന്നാം സ്ഥാനത്ത്. 10.3 ബില്ല്യൻ ഡോളറാണ് യു.എസ് പൗരന്മാർ ഇ.ടി.എഫിൽ നിക്ഷേപിച്ചിരിക്കുന്നത്. 2.23 ബില്ല്യൻ ഡോളറുമായി യു.കെ രണ്ടാമതും 1.09 ബില്ല്യൻ ഡോളറുമായി സ്വിറ്റ്സർലൻഡ് മൂന്നാം സ്ഥാനത്തുമാണ്.
ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ഓഹരി വിപണിയുടെ ഇടിവുമാണ് നിക്ഷേപകരെ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് ആകർഷിച്ചത്. താരിഫ് വർധനയും വ്യാപാര രംഗത്തെ തളർച്ചയും അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ ഡിമാൻഡ് കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നേട്ടമായത് സ്വർണത്തിനാണ്. മാത്രമല്ല. യു.എസിൽ പലിശ നിരക്ക് കുറച്ചത് ബോണ്ട് നിക്ഷേപകരെ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് മാറാൻ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്.
നിക്ഷേപകരുടെ പണം കൊണ്ട് സ്വർണം വാങ്ങിക്കുന്ന മ്യൂച്ച്വൽ ഫണ്ട് സ്കീമുകളാണ് ഗോൾഡ് ഇ.ടി.എഫ്. സ്വർണത്തിന് ഒരുമാസത്തിനിടെ 10,920 രൂപയാണ് വർധിച്ചത്. സെപ്തംബർ തുടക്കത്തിൽ 77,640 രൂപയായിരുന്നു പവൻ (8 ഗ്രാം, 22 കാരറ്റ്) സ്വർണത്തിന്റെ വില. എന്നാൽ, മാസം അവസാനിച്ചപ്പോൾ വില കുത്തനെ ഉയർന്നു. സെപ്തംബർ 30ന് 86,760 രൂപയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

