ഇനി നികുതിയില്ലാതെ യു.എസ് ഉത്പന്നങ്ങൾ വാങ്ങാം; പട്ടിക പുറത്ത്
text_fieldsമുംബൈ: വ്യാപാര കരാറിലൂടെ ഒരു രൂപ പോലും നികുതി നൽകാതെ ഇന്ത്യൻ വിപണിയിലെത്തുക ഗുണമേന്മയുള്ള നിരവധി യു.എസ് ഉത്പന്നങ്ങൾ. ഇന്ത്യയുടെ താൽപര്യം സംരക്ഷിച്ചാണ് പല യു.എസ് ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കിയതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ശനിയാഴ്ച വ്യക്തമാക്കി. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ വേഗത്തിൽ വളരാൻ വ്യാപാര കരാർ അവസരം നൽകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കരാർ പ്രകാരം നികുതിയില്ലാതെ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ പട്ടിക ഗോയൽ വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ടു. ഈ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ വിപണിയിൽ മത്സരമുണ്ടാകും. ഉപഭോക്താക്കൾക്ക് നിലവാരമുള്ള ഉത്പന്നങ്ങൾ ലഭിക്കും. ഉത്പന്നങ്ങളുടെ വില കുറയുമെന്നും വിപണിയിൽ കാര്യക്ഷമതയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാര കരാർ പ്രകാരം യു.എസിന്റെ ചില ഓട്ടോമൊബൈൽ, വിമാന ഘടകങ്ങൾക്ക് ഇന്ത്യയിൽ ഇറക്കുമതി താരിഫ് ചുമത്തില്ല. കാലിത്തീറ്റ, വൈൻ, മദ്യം, ബദാം, പിസ്ത, ആപ്പിൾ അടക്കമുള്ള പഴവർഗങ്ങൾ, സൊയബീൻ എണ്ണ, സൗന്ദര്യ വർധക വസ്തുക്കൾ, കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, അർബുദത്തിന് അടക്കമുള്ള ചില പ്രത്യേക മരുന്നുകൾ, ചില ജൈവ, അജൈവ രാസവസ്തുക്കൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിനും നികുതി നൽകേണ്ടതില്ല. ഫൈബ്രോസ്കോപ്പുകളും ലാപ്രോസ്കോപ്പുകളും അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കാണ് നികുതി ഇളവ് നൽകിയത്. മദ്യവും വൈനും ഇറക്കുമതി ചെയ്യുമ്പോൾ മിനിമം വില നിശ്ചയിക്കണമെന്ന് കരാറിൽ നിർദേശമുണ്ട്. ചോളത്തിൽനിന്ന് എഥനോൾ ഉത്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ഉപോത്പന്നമാണ് കാലിത്തീറ്റയായി ഇന്ത്യയിലെത്തുക.
അതേസമയം, ഇന്ത്യയുടെ കയറ്റുമതിക്ക് വൻ അവസരമാണ് വ്യാപാര കരാർ നൽകുക. ചായപ്പൊടി, സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, വെളിച്ചെണ്ണ, അടയ്ക്ക, ചെസ്റ്റ്നട്ട്, അവോക്കാഡോ, പേര, മാങ്ങ, കിവി, പപ്പായ, പൈനാപ്പിൾ, കൂൺ, പച്ചക്കറി, ബാർലി, ബേക്കറി ഉൽപ്പന്നങ്ങൾ, കൊക്കോ ഉൽപ്പന്നങ്ങൾ, എള്ള്, കസ്കസ് പൂവ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് യു.എസിൽ ഇറക്കുമതി തീരുവ നൽകേണ്ടതില്ല. മാത്രമല്ല, ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും തീരുവ ഇളവ് അനുവദിച്ചിട്ടുണ്ട്. ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച ഇന്ത്യക്ക് മേൽ ചുമത്തിയ യു.എസ് താരിഫ് കുറവാണ്. തീരുവ ഗണ്യമായി കുറച്ചതിലൂടെ യു.എസ് വിപണി പിടിച്ചെടുക്കാൻ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

