ഇറക്കുമതി താരിഫ് 15 ശതമാനമാകും; ഇനി കീശകാലിയാകാതെ യൂറോപ്യൻ കാർ വാങ്ങാം
text_fieldsമുംബൈ: ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വാഹന ഇറക്കുമതി തീരുവ ഗണ്യമായി കുറക്കുമെന്ന് റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് അടക്കം തീരുവ 15 ശതമാനം വരെയായി കുറക്കുമെന്നാണ് വിവരം. യൂറോപ്യൻ യൂനിയൻ നേതൃത്വം ഇന്ത്യയിലെത്തുന്നതോടെ ചൊവ്വാഴ്ച വ്യാപാര കരാർ പ്രഖ്യാപിക്കും.
നിലവിൽ വാഹനങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ 100 ശതമാനം താരിഫാണ് ചുമത്തുന്നത്. താരിഫ് ഗണ്യമായി വെട്ടിക്കുറക്കുന്നതോടെ ശക്തമായ മത്സരം നടക്കുന്ന ഇന്ത്യൻ വാഹന വിപണിയിൽ യൂറോപ്യൻ നിർമാതാക്കളും ഭാഗമാകും. മാത്രമല്ല, യൂറോപ്യൻ ആഢംബര ഇ.വി കാറുകളുടെ നിർമാണത്തിനും ഇന്ത്യയിൽ തുടക്കം കുറിക്കും. അതേസമയം, ആഭ്യന്തരമായി നിർമിക്കുന്നതിനാൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബജറ്റ് ഇലക്ട്രിക് വാഹനങ്ങളെ വ്യാപാര കരാർ ബാധിച്ചേക്കില്ല.
ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിനെയും മഹീന്ദ്രയെയും സംരക്ഷിക്കുന്ന ചട്ടങ്ങൾ വ്യാപാര കരാറിൽ ഉൾപ്പെടുത്തിയായിരിക്കും യൂറോപ്യൻ കമ്പനികൾക്ക് ഇന്ത്യൻ വിപണി തുറന്നു നൽകുക. ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്ന കമ്പനികൾ ആദ്യത്തെ മൂന്ന് വർഷത്തിനുള്ളിൽ മൊത്തം പാർട്സുകളുടെ 25 ശതമാനവും അഞ്ച് വർഷത്തിനകം 50 ശതമാനവും ആഭ്യന്തര വിപണിയിൽനിന്ന് ഉപയോഗിക്കണമെന്നാണ് ഇന്ത്യയുടെ നയം. വ്യാപാര കരാർ നിലവിൽ വന്നാലും ഘട്ടംഘട്ടമായി ആഭ്യന്തര വിപണിയിൽ നിർമാണം തുടങ്ങണമെന്ന നയത്തിൽ മാറ്റമുണ്ടാകില്ല. മാത്രമല്ല, വ്യാപാര കരാർ കാരണം ഇറക്കുമതി വർധിക്കുന്നത് ആഭ്യന്തര വിപണിയിൽ നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തെ ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പുവരുത്തുകയും ചെയ്യും.
വ്യാപാരവും സാങ്കേതിക വിദ്യയുടെ കൈമാറ്റവും വർധിക്കുന്നതിനാൽ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യക്കും യൂറോപിനും ഒരുപോലെ നേട്ടമാകുമെന്ന് ബി.എം.ഡബ്ല്യു ഇന്ത്യ ഗ്രൂപ്പിന്റെ സി.ഇ.ഒ ഹർദീപ് സിങ് ബ്രാർ പറഞ്ഞു. വ്യാപാര കരാർ നിലവിൽ വരുന്നതോടെ ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആഢംബര വാഹനങ്ങളുടെ ഇറക്കുമതിയും വിൽപനയും ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വർഷം 2000 ആഢംബര കാറുകളാണ് ഒരു വർഷം ഇന്ത്യയിൽ വിൽക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ വിൽക്കപ്പെട്ട ആഢംബര വാഹനങ്ങളിൽ 10.7 ശതമാനവും ഇലക്ട്രിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

