വഴിമുട്ടി വ്യാപാര ചർച്ച; യൂറോപിന്റെ ഒരേയൊരു ഡിമാൻഡ് അംഗീകരിക്കാതെ ഇന്ത്യ
text_fieldsലണ്ടൻ: യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ചർച്ച ഈ ആഴ്ചയും തുടരും.ബെൽജിയം തലസ്ഥാനമായ ബ്രസൽസിലാണ് ചർച്ച നടക്കുന്നത്. ചില കാര്യങ്ങളിൽ ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്താത്തതാണ് ചർച്ചകൾ നീണ്ടുപോകാനുള്ള കാരണം. ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ മാത്രം അംഗങ്ങളായ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായി (ഇ.എഫ്.ടി.എ) സ്വതന്ത്ര വ്യാപാര കരാറിലേർപ്പെട്ടതിന് പിന്നാലെയാണ് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുമായുള്ള ചർച്ച തുടങ്ങിയത്.
ഈ വർഷം അവസാനത്തോടെ ഭിന്നതകൾ പരിഹരിച്ച് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയനും തീരുമാനിച്ചത്. എന്നാൽ, തീരുവയില്ലാതെ വാഹനങ്ങളും മദ്യവും ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന യൂറോപിന്റെ ആവശ്യം അംഗീകരിക്കാൻ ഇന്ത്യ തയാറാകാത്തത് ചർച്ച നീട്ടിക്കൊണ്ടുപോയി.
മാത്രമല്ല, ഗുണനിലവാരത്തിൽ വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. അതുപോലെ സാമ്പത്തിക മേഖലയിലെ വിദേശ നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് യൂറോപ്യൻ യൂനിയനും തൊഴിൽ വിസ ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് ഇന്ത്യയും ഉന്നയിച്ചിട്ടുണ്ട്. അതേസമയം, യൂറോപ്യൻ യൂനിയന്റെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ നയ പ്രകാരം ഏറ്റവും കൂടുതൽ കാർബൺ മാലിന്യം പുറന്തള്ളുന്ന ഇന്ത്യയുടെ സ്റ്റീൽ, അലൂമിനിയം, സിമെന്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക നികുതി ചുമത്തുമോയെന്ന ആശങ്കയും പരിഹരിക്കപ്പെട്ടിട്ടില്ല.
ഇ.എഫ്.ടി.എയുമായുണ്ടാക്കിയ ധാരണക്ക് സമാനമായി യൂറോപ്യൻ യൂനിയനും കൂടുതൽ നിക്ഷേപത്തിന് തയാറാകുമോയെന്ന കാര്യവും ചർച്ചയിൽ ഉൾപ്പെടുത്താൻ ഇന്ത്യ ആലോചിക്കുന്നുണ്ട്. 100 ബില്ല്യൻ ഡോളർ അതായത് 88,770 കോടി രൂപയുടെ നിക്ഷേപം നടത്താമെന്നാണ് ഇ.എഫ്.ടി.എ സമ്മതിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

