ചൈനീസ് ഉപകരണങ്ങൾ വിപണി വാഴും; ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യ
text_fieldsമുംബൈ: ചൈനീസ് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണം എടുത്തുമാറ്റി കേന്ദ്ര സർക്കാർ. 2020 ൽ അതിർത്തിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നടപ്പാക്കിയ ഇറക്കുമതി നിയന്ത്രണമാണ് നീക്കിയത്. ഉപകരണങ്ങളുടെ ക്ഷാമത്തെ തുടർന്ന് പദ്ധതികൾക്ക് നേരിട്ട കാലതാമസം ഇതോടെ അവസാനിക്കുമെന്നാണ് വ്യവസായ മേഖലയുടെ പ്രതീക്ഷ. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേസാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
2020ലെ സംഘർഷത്തിനുശേഷം സർക്കാർ കരാർ ഏറ്റെടുക്കാൻ ചൈനീസ് കമ്പനികൾ രജിസ്റ്റർ ചെയ്യണമെന്നും രാഷ്ട്രീയ, സുരക്ഷ അനുമതികൾ നേടണമെന്നും ഉത്തരവിട്ടിരുന്നു. രാജ്യത്തെ 750 ബില്യൺ ഡോളർ വരെയുള്ള സർക്കാർ കരാർ മേഖലയിൽനിന്ന് അഞ്ച് വർഷം ചൈനീസ് കമ്പനികളെ വിലക്കിയ ശേഷമാണ് സുപ്രധാന നടപടി മാറ്റം. അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ കരാറുകളിൽ ചൈനീസ് കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ജനുവരിയിൽ റോയിട്ടേസ് റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ ഉത്തരവ് പ്രകാരം ചൈനയിൽനിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങൾ വാങ്ങാൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് അനുമതി നൽകി. ചൈനീസ് ഉപകരണങ്ങൾ വാങ്ങാൻ കൽക്കരി നിർമാണ മേഖലക്കും അനുമതി നൽകാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. ദേശീയ താൽപര്യം മുൻനിർത്തിയും രാജ്യത്തിന്റെ ഉൽപാദന ക്ഷമതയെ ബാധിക്കാതിരിക്കാനുമാണ് ചൈനീസ് ഇറക്കുമതിക്ക് ഇളവ് അനുവദിച്ചതെന്ന് കേന്ദ്ര സർക്കാർ ന്യായീകരിച്ചു. ഉന്നതതല സമിതിയുടെ പാനൽ അംഗീകരിച്ച ഇളവ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന.
ഉപകരണങ്ങളുടെ ക്ഷാമം കാരണം പദ്ധതികളിൽ കാലതാമസം നേരിടുന്നതിനാൽ 2020 ലെ ഇറക്കുമതി നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്ന് പൊതുമേഖല സ്ഥാപനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പൂർണമായും ഇളവ് നൽകുന്നതിന് പകരം നിർണായക ചൈനീസ് ഉപകരണങ്ങൾക്കായിരിക്കും ഇറക്കുമതി അനുമതി നൽകുകയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

