അസംസ്കൃത എണ്ണയല്ല, ഇന്ത്യയിലേക്ക് ഒഴുകുന്നത് മറ്റൊരു റഷ്യൻ ഉത്പന്നം
text_fieldsമുംബൈ: റഷ്യയുടെ അസംസ്കൃത എണ്ണ ഏറ്റവും ഇറക്കുമതി ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ, റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യൻ കമ്പനികൾക്ക് മേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതോടെ ഇറക്കുമതി കുറക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ എണ്ണ കമ്പനികൾ. അതേസമയം, ഉപരോധം ബാധിക്കാത്ത റഷ്യയുടെ മറ്റൊരു ഉത്പന്നം ഇന്ത്യക്കാർ വാങ്ങിക്കൂട്ടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
റഷ്യൻ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയാണ് രാജ്യത്ത് കുതിച്ചുയരുന്നത്. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം ഇറക്കുമതിയിൽ 12 മടങ്ങിന്റെ വർധനവാണുണ്ടായത്. യുക്രെയ്നെ മറികടന്ന് സൂര്യകാന്തി എണ്ണയുടെ ഏറ്റവും വലിയ വിതരണക്കാരായി റഷ്യ മാറി. വർഷങ്ങളായുള്ള ബന്ധവും നാവിക വ്യാപാര സൗകര്യവുമാണ് റഷ്യൻ സൂര്യകാന്തി എണ്ണയുടെ ഒഴുക്ക് എളുപ്പമാക്കിയത്.
2021ൽ ആഭ്യന്തര വിപണിയിൽ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ 10 ശതമാനം മാത്രമായിരുന്നു റഷ്യയുടെ പങ്ക്. എന്നാൽ, കഴിഞ്ഞ വർഷത്തോടെ റഷ്യൻ ഇറക്കുമതി 56 ശതമാനത്തിലേക്ക് ഉയർന്നു. 2.09 ദശലക്ഷം ടൺ സൺഫ്ലവർ ഓയിലാണ് കഴിഞ്ഞ വർഷം ഇന്ത്യ വാങ്ങിയത്. അതായത്, 2021ൽ വാങ്ങിയ 175,000 ടണിൽനിന്ന് 12 മടങ്ങ് അധികം. വ്യാപാരം കൂടുതൽ ശക്തമാക്കാൻ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഈയിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
നേരത്തെ യുക്രെയ്നായിരുന്നു ഇന്ത്യയുടെ പ്രധാനപ്പെട്ട സൺഫ്ലവർ ഓയിൽ ഇറക്കുമതി രാജ്യം. എന്നാൽ, യുദ്ധത്തിന് പിന്നാലെ കരിങ്കടലിലെ തുറമുഖങ്ങൾ വഴിയുള്ള വ്യാപാരം റഷ്യ തടഞ്ഞതോടെ യുക്രെയ്ൻ കയറ്റുമതി നിലച്ചു. തുടർന്ന് വിതരണം റോഡ് മാർഗം യൂറോപിലെ അയൽ രാജ്യങ്ങളിലേക്ക് യുക്രെയ്ൻ മാറ്റി. കുറഞ്ഞ വിലയിലാണ് സൂര്യകാന്തി എണ്ണ ഇന്ത്യക്ക് റഷ്യ വിൽക്കുന്നതെന്ന് ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് സൺഫ്ലവർ ഓയിൽ പ്രസിഡന്റ് സന്ദീപ് ബജോറിയ പറഞ്ഞു.
ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള മൂന്നാമത്തെ ഭക്ഷ്യയെണ്ണയാണ് സൺഫ്ലവർ ഓയിൽ. അതേസമയം, വെറും അഞ്ച് ശതമാനം സൂര്യകാന്തി എണ്ണ മാത്രമാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. സൂര്യകാന്തി എണ്ണയുടെ ലോകത്തിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ഉത്പാദകരാണ് റഷ്യയെന്നും വിശ്വസ്തമായ വിതരണ ശൃംഖലയുള്ളതാണ് ഇന്ത്യക്ക് ഗുണം ചെയ്തതെന്നും പത്ഞ്ജലി ഫൂഡ്സ് സി.ഇ.ഒയും സോൾവെന്റ് എക്സ്ട്രാക്ടേയ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ സഞ്ജീവ് അസ്താന പറഞ്ഞു.
ഇന്ത്യക്ക് ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിയിൽ പകുതിയും പാം ഓയിലാണ്. ബാക്കി സൊയാബീൻ ഓയിലും സൂര്യകാന്തി എണ്ണയുമാണ്. ഇറക്കുമതി വർധിക്കുകയും ലാഭകരമല്ലാതാവുകയും ചെയ്തതോടെ 1990ന് ശേഷം ഇന്ത്യൻ കർഷകർ സൂര്യകാന്തി കൃഷി കുറച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

