വെള്ളി ആഭരണ ഇറക്കുമതി നിരോധിച്ചു; കാരണം ഇതാണ്
text_fieldsന്യൂഡൽഹി: ഉത്സവ സീസൺ ആയതോടെ ആഭ്യന്തര വിപണിയിൽ വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. തൊഴിലവസരങ്ങൾ സംരക്ഷിക്കാനും ആഭ്യന്തര നിർമാതാക്കളെ സഹായിക്കാനുമാണ് കേന്ദ്ര നീക്കം. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.എഫ്.ടി) ആണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഉത്തരവ് നിലവിൽ വന്നതോടെ വെള്ളി ആഭരണങ്ങൾ ഇറക്കുമതി ചെയ്യാൻ ഡി.ജി.എഫ്.ടിയുടെ പ്രത്യേക അനുമതി വേണം.
തായ്‍ലൻഡ് അടക്കമുള്ള ചില രാജ്യങ്ങളിൽനിന്ന് മൂന്ന് മാസത്തിനിടെ അനിയന്ത്രിതമായ തോതിൽ വെള്ളി ആഭരണങ്ങൾ ഇറക്കുമതി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് വാണിജ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറക്കുമതി ആഭ്യന്തര വിപണിയിൽ വെള്ളിയുടെ വില ഇടിക്കാനും തൊഴിലവസരം നഷ്ടപ്പെടുത്താനുമുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 43 ലക്ഷം പേരാണ് രാജ്യത്തെ ആഭരണ നിർമാണ മേഖലയിൽ ജോലി ചെയ്യുന്നത്.
ചൈന, യു.എ.ഇ, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ പ്രധാനമായും വെള്ളി ഇറക്കുമതി ചെയ്യുന്നത്. തായ്‍ലൻഡിൽനിന്നുള്ള വെള്ളി ആഭരണ ഇറക്കുമതിയിൽ പത്ത് ഇരട്ടിയുടെ വർധനവാണ് ഏപ്രിൽ മുതൽ ജൂൺ വരെയുണ്ടായത്. അതായത് നാല് ടൺ വെള്ളിയിൽനിന്ന് 40 ടൺ ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

