സ്വർണം, വെള്ളി വ്യാപാരം കുതിച്ചു; ചരിത്രം കുറിച്ച് കമ്മോഡിറ്റി എക്സ്ചേഞ്ചും നിക്ഷേപകരും
text_fieldsമുംബൈ: വെള്ളിയുടെയും സ്വർണത്തിന്റെയും വില സർവകാല റെക്കോഡ് തൊട്ടപ്പോൾ നേട്ടമായത് ഡെറിവേറ്റിവ് വ്യാപാരം നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി എക്സ്ചേഞ്ചിന്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ലിമിറ്റഡിന്റെ (എം.സി.എക്സ്) ശരാശരി പ്രതിദിന വരുമാനം രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (എൻ.എസ്.ഇ) മറികടന്നു. ചരിത്രത്തിൽ ആദ്യമായാണ് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഈ നേട്ടം കൈവരിക്കുന്നത്.
സ്വർണം, വെള്ളി വിലയിലുണ്ടായ വൻ കുതിപ്പിനെ തുടർന്ന് ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ വൻ വർധനയുണ്ടായതാണ് എം.സി.എക്സിനെ സമ്പന്നരാക്കിയത്. എൻ.എസ്.ഇയിലെ സ്റ്റോക് ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളെക്കാൾ കൂടുതൽ വ്യാപാരം എം.സി.എക്സുകളിൽ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, വരും ദിവസങ്ങളിൽ സ്വർണം, വെള്ളി വിലയിൽ ഇടിവുണ്ടാകുകയാണെങ്കിൽ എം.സി.എക്സിന്റെ വ്യാപാരവും വരുമാനവും കുറയുമെന്ന് അനലിസ്റ്റുകൾ സൂചന നൽകി.
ഡിസംബറിൽ വെള്ളി വില 31 ശതമാനവും സ്വർണ വില എട്ട് ശതമാനവും റാലി നടത്തിയിരുന്നു. ഇതോടെ എം.സി.എക്സ് വ്യാപാരം വർധിച്ച് 93,929 കോടി രൂപയുടെ ശരാശരി പ്രതിദിന വരുമാനം നേടി. അതേസമയം, ഇതേകാലയളവിൽ ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ വ്യാപാരം നടത്തിയ എൻ.എസ്.ഇക്ക് ലഭിച്ചത് 72,515 കോടി രൂപയാണ്. എം.സി.എക്സിൽ നടന്ന മൊത്തം വ്യാപാരത്തിൽ സ്വർണത്തെ പിന്നിലാക്കി വെള്ളി മുന്നേറി. 41,370 കോടി രൂപയുടെ സിൽവർ ഫ്യൂച്ചേഴ്സ് വ്യാപാരവും 32,426 കോടി രൂപയുടെ ഗോൾഡ് ഫ്യൂച്ചേഴ്സ് വ്യാപാരവുമാണ് നടന്നത്.
എം.സി.എക്സിന്റെ മൊത്തം ശരാശരി പ്രതിദിന വരുമാനത്തിൽ വെള്ളിയുടെ സംഭാവന 44 ശതമാനവും സ്വർണത്തിന്റെത് 35 ശതമാവുമാണ്. സ്വർണത്തിനും വെള്ളിക്കും പുറമെ, അസംസ്കൃത എണ്ണ, പ്രകൃതി വാതകം, കോപ്പർ, സിങ്ക്, അലൂമിനിയം, കോട്ടൺ തുടങ്ങിയ വിവധി ചരക്കുകളുടെ ഡെറിവേറ്റിവ് വ്യാപാരവും എം.സി.എക്സിൽ നടക്കുന്നുണ്ട്. എന്നാൽ, ഡിസംബറിൽ വെള്ളിയുടെയും സ്വർണത്തിന്റെയും മാത്രം വ്യാപാരത്തിലൂടെ 73,796 കോടി എം.സി.എക്സിന്റെ അക്കൗണ്ടിലെത്തിയെന്നാണ് കണക്ക്.
1.2 ബില്ല്യൻ ഔൺസ് വെള്ളിയുടെ ഡിമാൻഡിനിടെ ഉത്പാദനത്തിൽ 800 ദശലക്ഷം ഔൺസിന്റെ കുറവുണ്ടായതും യു.എസ് താരിഫ് കാരണമുണ്ടായ ആഗോള അനിശ്ചിതാവസ്ഥയിൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നതുമാണ് എം.സി.എക്സിന്റെ വ്യാപാരം പൊടിപൊടിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ഡിസംബർ കാലയളവിൽ സ്വർണ്ണം, വെള്ളി ഫ്യൂച്ചേഴ്സിന്റെ ശരാശരി വില 47 ശതമാനം വർധിച്ചു. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് ഗോൾഡ് ആക്ടീവ് ഫ്യൂച്ചേഴ്സിന്റെ ശരാശരി വില 10 ഗ്രാമിന് 1.08 ലക്ഷമായും സിൽവർ ആക്ടീവ് ഫ്യൂച്ചേഴ്സിന്റെ വില കിലോഗ്രാമിന് 1.29 ലക്ഷമായുമാണ് ഉയർന്നത്.
വ്യാപാരവും വരുമാനവും പുതിയ റെക്കോഡ് തൊട്ടതോടെ എം.സി.എക്സിന്റെ ഓഹരി വില കുതിച്ചുയരുകയും നിക്ഷേപകർക്ക് 158 ശതമാനം റിട്ടേൺ ലഭിക്കുകയും ചെയ്തു. അതായത് കഴിഞ്ഞ വർഷം മാർച്ച് 11ന് 881.63 രൂപയായിരുന്ന എം.സി.എക്സിന്റെ ഓഹരി വില വെള്ളിയാഴ്ച 2278 രൂപയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

