വസ്തു നികുതിയുടെ രണ്ടര ശതമാനം ഇനി ഐ.കെ.എമ്മിന്
text_fieldsകോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന വസ്തു നികുതിയുടെ നിശ്ചിതശതമാനം ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്കായി ഇൻഫർമേഷൻ കേരള മിഷന് (ഐ.കെ.എം) നൽകാൻ നടപടി. ഓരോ ഇടപാടിന്റെയും രണ്ടര ശതമാനം തുക തദ്ദേശ സ്ഥാപനങ്ങളിലെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇൻഫർമേഷൻ കേരള മിഷന് കൈമാറുന്നത്. ഐ.കെ.എമ്മിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വരുമാനമില്ലെന്നാണ് കാരണമായി പറയുന്നത്. കെ-സ്മാർട്ട് ആപ്ലിക്കേഷൻ വന്നതോടെ വസ്തുനികുതി പിരിവ് കൂടുതൽ കാര്യക്ഷമമാവുകയും തനത് വരുമാനത്തിൽ വർധനവുണ്ടാവുകയും ചെയ്തെന്നാണ് വിലയിരുത്തൽ. കെ-സ്മാർട്ട് പൂർണമായി വികസിപ്പിച്ചശേഷം ഈ നിരക്ക് സർക്കാർ പുനഃപരിശോധിക്കുമെന്നും പറയുന്നു.
എന്നാൽ, ഡിജിറ്റൈസേഷന്റെ പേരിൽ വലിയ ചൂഷണമാണ് ഇൻഫർമേഷൻ കേരള മിഷൻ നടത്തുന്നതെന്ന് വിമർശകർ പറയുന്നു. കെട്ടിടങ്ങളുടെ വലുപ്പത്തിന് അനുസൃതമായി തദ്ദേശഭരണ സ്ഥാപനങ്ങൾ വൻ തുകയാണ് വസ്തുനികുതി ഈടാക്കുന്നത്. ആ തുകയുടെ രണ്ടര ശതമാനം എന്നുപറയുന്നത് കോടികൾ വരും. ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ ഏതെങ്കിലും പ്രമുഖ സോഫ്റ്റ് വെയർ സ്ഥാപനങ്ങളെ ഏൽപിച്ചാൽ ഇതിന്റെ നാലിലൊന്നു തുകപോലും വരില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിലധികം ജീവനക്കാരെ പിൻവാതിൽ നിയമനത്തിലൂടെ വലിയ ശമ്പളത്തിൽ നിയമിച്ചതായി നേരത്തെ ആരോപണമുയർന്നിരുന്നു. കെ-സ്മാർട്ട് വഴിയുള്ള ചില പേയ്മെൻറ് സേവനങ്ങൾക്ക് ഡിജിറ്റൽ സർവിസ് ചാർജ് എന്ന പേരിൽ അഞ്ചു രൂപ മുതൽ 10 രൂപ വരെ ഐ.കെ.എം ഈടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

