സ്പുട്നിക് വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസറുകൾ; റോക് വെൽ ഇൻഡസ്ട്രീസും ഡോ. റെഡ്ഡീസും ധാരണയായി
text_fieldsഹൈദരാബാദ്: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്-5 സൂക്ഷിക്കാൻ ആവശ്യമായ ഫ്രീസറുകൾ ലഭ്യമാക്കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായ റോക് വെൽ ഇൻഡസ്ട്രീസും ഡോ. റെഡ്ഡീസ് ലബോറട്ടറീസും ധാരണയായി. ലോകാരോഗ്യ സംഘടന പറയുന്ന ഗുണമേന്മ, സുരക്ഷ അടക്കമുള്ള മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്ന വാക്സിൻ ഫ്രീസറുകളാണ് റോക് വെൽ കമ്പനി ലഭ്യമാക്കുക. മൈനസ് 18 ഡിഗ്രിയിലാണ് സ്പുട്നിക് വാക്സിനുകൾ സൂക്ഷിക്കേണ്ടത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് ഗവേഷണം നടത്തിയാണ് റോക്ക്‌വെൽ വാക്സിൻ ഫ്രീസറുകൾ വികസിപ്പിച്ചത്. മൂന്ന് വർഷത്തെ ഗവേഷണ-നിർമാണ പ്രവർത്തനങ്ങൾക്ക് ശേഷം ഡെൻമാർക്കിലെ ലോകാരോഗ്യ സംഘടനയുടെ അംഗീകൃത ലബോറട്ടറിയിൽ ഫ്രീസർ പരീക്ഷിച്ചു. ഫ്രീസറിന്‍റെ രണ്ട് വ്യത്യസ്ത അളവുകൾ സർട്ടിഫൈ ചെയ്തെന്നും എം.ഡി അലോക് ഗുപ്ത വ്യക്തമാക്കി.
ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും 750 കോവിഡ് വാക്സിൻ ഫ്രീസറുകൾക്ക് റോക് വെൽ ഇൻഡസ്ട്രീസിന് നിലവിൽ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ജപ്പാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് ഫ്രീസറുകളുടെ കയറ്റുമതി ആരംഭിക്കാൻ ഒരുങ്ങുകയാണ് കമ്പനി. 400,000 യൂണിറ്റുകൾ നിർമ്മിക്കാനുള്ള വാർഷിക ശേഷിയുള്ള റോക് വെല്ലിന് ഹൈദരാബാദിൽ രണ്ട് നിർമാണ കേന്ദ്രങ്ങളുണ്ട്.
സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിർമാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിക്കുന്നുണ്ട്.
വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് ശിൽപ ബയോളജിക്കൽസിന്‍റെ തീരുമാനം. മേയ് 14ന് സ്പുട്നിക് വാക്സിന്‍റെ വിതരണം ഇന്ത്യയിൽ ആരംഭിച്ചിരുന്നു. വാക്സിന്‍റെ വാണിജ്യപരമായ വിതരണം ജൂണിൽ ആരംഭിക്കാനാണ് തീരുമാനം.