ഹൈദരാബാദിന് ഇനി ലുലുമാളിന്‍റെ പകിട്ട്
text_fieldsഹൈദരാബാദ്: ലുലു ഗ്രൂപ്പിന്‍റെ ഹൈദരാബാദിലെ പുതിയ മെഗാ ഷോപ്പിങ് മാൾ തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഷോപ്പിങ് മാളാണ് ഹൈദരാബാദിലേത്.
ഹൈദരാബാദിലെ കുകട്പള്ളിയിൽ അഞ്ച് ലക്ഷം ചതുരശ്ര മീറ്ററിൽ ഒരുക്കിയ മാളിൽ ആഭ്യന്തര, വിദേശ ബ്രാൻഡുകളുടെ വിവിധ സ്റ്റോറുകളും സിനിമാ ഹാളും വിശാലമായ ഫുഡ്കോർട്ടും ഒരുക്കിയിട്ടുണ്ട്. ലുലുഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പങ്കെടുത്തു.
ഹൈദരാബാദിലെ മാളിനായി 300 കോടി രൂപയാണ് ലുലു ഗ്രൂപ്പ് നിക്ഷേപിച്ചത്. കുകട്പള്ളിയിലെ മഞ്ജീര മാൾ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്യുകയായിരുന്നു. ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നു മുതൽ പൊതുജനങ്ങൾക്കായി മാൾ തുറന്നുകൊടുക്കും. രാജ്യത്ത് കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ലഖ്നോ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് നിലവിൽ ലുലു ഷോപ്പിങ് മാളുകൾ പ്രവർത്തിക്കുന്നത്. അഹ്മദാബാദിലും ചെന്നൈയിലും പുതിയ ഷോപ്പിങ് മാളുകൾ സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.
ഗുജറാത്തിലെ അഹ്മദാബാദിൽ ആദ്യഘട്ടത്തിൽ 2000 കോടി മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഇതുസംബന്ധിച്ച് എം.എ. യൂസുഫലി അഹ്മദാബാദിൽ ചർച്ച നടത്തുകയും ചെയ്തു. അഹ്മദാബാദിൽ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി പുരോഗമിച്ചുവരുകയാണെന്ന് യൂസുഫലി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന് ഗൾഫിലെ വിവിധ രാജ്യങ്ങളിലായി നിരവധി ഹൈപർമാർക്കറ്റുകളും റീട്ടെയിൽ ശൃംഖലകളുമുണ്ട്. 2000ൽ എം.എ. യൂസുഫലി സ്ഥാപിച്ച ഗ്രൂപ്പിനുകീഴിൽ 57000ലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കോഴിക്കോട് ഉൾപ്പെടെ കേരളത്തിലും ലുലു ഗ്രൂപ് പുതിയ മാളുകൾ തുറക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

