അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില: ഹ്യുണ്ടായ് ലാഭത്തിൽ 23.9% ഇടിവ്
text_fieldsഉയർന്ന വിൽപ്പന നടന്നിട്ടും അസംസ്കൃത വസ്തുക്കളുടെ വിലവർധനവ് ലാഭവിഹിതത്തെ ബാധിച്ചതിനെത്തുടർന്ന്, 2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ നെറ്റ് പ്രോഫിറ്റ് 23.9 ശതമാനം ഇടിഞ്ഞ് 1,196.5 കോടിയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,572.25 കോടിയായിരുന്നു. പൂനെയിലെ പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് ജീവനക്കാരുടെ ചെലവുകളും വർധിച്ചതായി കാർ നിർമാതാക്കൾ വരുമാന റിപ്പോർട്ടിൽ വ്യക്തമാക്കി.
കമോഡിറ്റി അഥവാ അസംസ്കൃത വസ്തുക്കളുടെ വിപണിയിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് എച്ച്.ഐ.എം.എൽ ഇൻവെസ്റ്റർ റിലേഷൻസ് മേധാവി കെ.എസ്. ഹരിഹരൻ പറഞ്ഞു. വിലയേറിയ ലോഹങ്ങളുടെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും മറ്റ് വസ്തുക്കളുടെ വില ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20,696 കോടിയാണ്. ഇത് മുൻവർഷത്തെ 17,156 കോടിയിൽ നിന്ന് 18.5 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. മൊത്തം ചെലവുകൾ 24 ശതമാനം വർധിച്ച് 19,302 കോടിയായി. ഇതാദ്യമായാണ് കമ്പനിയുടെ പാദവാർഷിക വരുമാനം 20,000 കോടി കടക്കുന്നത്, എന്നാൽ ഉയർന്ന വിൽപ്പന കൂടുതൽ ഇതര ലാഭത്തിലേക്ക് നയിച്ചില്ല.

