ഐസ്ക്രീം പ്രേമികളെ വരൂ, കമ്പനിയുടെ സൗജന്യ ഓഹരികൾ സ്വന്തമാക്കാം
text_fieldsമുംബൈ: ഐസ്ക്രീം ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. പല അന്താഷ്ട്ര ഐസ്ക്രീം ബ്രാൻഡുകളും നമുക്ക് പ്രിയപ്പെട്ടതാണ്. ഐസ്ക്രീം നിർമിക്കുന്ന കമ്പനിയുടെ ഓഹരികൾ സൗജന്യമായി ലഭിക്കുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. രാജ്യത്തെ സുപ്രധാന ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ (എച്ച്.യു.എൽ) ഐസ്ക്രീം ബ്രാൻഡായ ക്വാളിറ്റി വാൾസിന്റെ ഓഹരിയാണ് സൗജന്യമായി ലഭിക്കുക. എച്ച്.യു.എൽ വിഭജിച്ച് ക്വാളിറ്റി വാൾസിനെ പ്രത്യേക കമ്പനിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എച്ച്.യു.എൽ ഓഹരികൾ സ്വന്തമാക്കുന്നവർക്കാണ് ക്വാളിറ്റി വാൾസിന്റെ ഓഹരികൾ സൗജന്യമായി ലഭിക്കുക. പക്ഷെ, ഡിസംബർ അഞ്ചിനകം എച്ച്.യു.എൽ ഓഹരികൾ കൈയിലുണ്ടായിരിക്കണം. ഒരു എച്ച്.യു.എൽ ഓഹരിയുള്ളവർക്ക് ഒരു ക്വാളിറ്റി വാൾസ് ഓഹരി നേടാം. എച്ച്.യു.എൽ ഡയറക്ടർമാരുടെ ബോർഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ 2,437.80 രൂപയാണ് ഒരു എച്ച്.യു.എൽ ഓഹരിയുടെ വില. അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് 13 ശതമാനം റിട്ടേൺ നൽകിയ ഓഹരിയാണ് എച്ച്.യു.എൽ. 5.64 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ബ്രിട്ടനിലെ യുനിലിവർ പി.എൽ.സിയുടെ ഇന്ത്യൻ കമ്പനിയാണ് എച്ച്.യു.എൽ. യു.എസിന് ശേഷം യുനിലിവറിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വിപണികൂടിയാണ് ഇന്ത്യ. ഈ വർഷം മേയിലാണ് കമ്പനി വിഭജിക്കാൻ തീരുമാനിച്ചത്. ഐസ്ക്രീം നിർമ്മാണത്തിനും വിതരണത്തിനും വ്യത്യസ്തമായ ഒരു സമീപനം ആവശ്യമാണെന്ന വിലയിരുത്തലാണ് വിഭജിക്കാൻ പ്രേരിപ്പിച്ചത്. വിഭജനം പൂർത്തിയാകുന്നതോടെ സൗന്ദര്യ വർധക, ആരോഗ്യ പരിചരണ, ഹോം കെയർ, പോഷകാഹാര ഉത്പന്നങ്ങളിൽ മാത്രം ശ്രദ്ധയൂന്നാൻ എച്ച്.യു.എല്ലിന് കഴിയും. ഐസ്ക്രീം ബിസിനസിന് മാത്രമായി കൂടുതൽ നിക്ഷേപം കണ്ടെത്താനുമാവും.
900 കോടിയിലേറെ രൂപയുടെ ആസ്തിയാണ് ക്വാളിറ്റി വാൾസിനുള്ളത്. അഞ്ച് നിർമാണ കേന്ദ്രങ്ങളും 19 വെയർഹൗസുകളും 1200 ജീവനക്കാരുമുണ്ട്. ക്വാളിറ്റി വാൾസിന്റെ ഐസ്ക്രീം സൂക്ഷിക്കുന്നതിന് മാത്രമായി 2.5 ലക്ഷം ഫ്രീസർ കാബിനറ്റുകളാണ് വിപണിയിലുള്ളത്.
പത്ത് വർഷം മുമ്പ് ശരാശരി ഇന്ത്യക്കാരൻ ഒരു വർഷം 400 മില്ലി ലിറ്റർ ഐസ്ക്രീമാണ് കഴിച്ചിരുന്നത്. എന്നാൽ, കഴിക്കുന്ന ഐസ്ക്രീമിന്റെ അളവ് നാല് മടങ്ങ് വർധിച്ച് 1.6 ലിറ്ററായി ഉയർന്നു. പക്ഷെ, യു.എസിനും ചൈനക്കും ഒത്തിരി പിറകിലാണ് ഇന്ത്യ. ഒരു വർഷം യു.എസുകാർ 20.8 ലിറ്ററും ചൈനക്കാർ 4.3 ലിറ്ററും ഐസ്ക്രീം കഴിക്കുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ 30,000 കോടി രൂപയുടെ ഐസ്ക്രീം കച്ചവടം എട്ട് വർഷത്തിനകം 90,000 കോടി രൂപയായി വളരുമെന്നാണ് റിപ്പോർട്ട്.
ആഭ്യന്തര ഐസ്ക്രീം വിപണിയിൽ അമൂലാണ് രാജാക്കന്മാർ. 40 ശതമാനം വിപണി പങ്കാളിത്തമാണ് അവർക്കുള്ളത്. വാഡിലാൽ, അരുൺ, ഹാവ്മോർ തുടങ്ങിയ ബ്രാൻഡുകൾക്ക് വ്യത്യസ്ത പ്രദേശങ്ങളിൽ ശക്തമായ വിപണിയുണ്ട്. ക്വാളിറ്റി വാൾസിന് വളരെ കുറച്ച് വിപണി പങ്കാളിത്തമാണുള്ളത്. പക്ഷെ, ചെറുകിട പ്രാദേശിക കമ്പനികൾ നിയന്ത്രിക്കുന്ന 37 ശതമാനം ഐസ്ക്രീം വിപണിയാണ് ക്വാളിറ്റി വാൾസിന്റെ ലക്ഷ്യം. 2025 സാമ്പത്തിക വർഷം 1800 കോടി രൂപയാണ് ഐസ്ക്രീം ബിസിനിസിലൂടെ എച്ച്.യു.എൽ നേടിയത്. അതിശക്തമായ വളർച്ച സാധ്യതയുള്ള മേഖലയാണ് ഐസ്ക്രീം ബിസിനസ്. പക്ഷെ, ബിസിനസ് വളരാൻ വൻ തുകയുടെ നിക്ഷേപം ആവശ്യമാണെന്നാണ് എച്ച്.യു.എൽ ബോർഡിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

