ഇന്ത്യ ടൂറിന് മെസിക്ക് എത്ര രൂപ നൽകി? വെളിപ്പെടുത്തി മുഖ്യ സംഘാടകൻ
text_fieldsമുംബൈ: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തിയാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ഇന്ത്യ സന്ദർശനം പൂർത്തിയാക്കിയത്. മൂന്ന് ദിവസത്തെ പര്യടനത്തിനിടെ ആരാധകരും രാഷ്ട്രീയ, സാമൂഹിക, വ്യവസായ മേഖലയിലെ പ്രമുഖരും ചേർന്ന് അദ്ദേഹത്തിന് വൻ വരവേൽപ്പ് നൽകിയിരുന്നു. കൊൽക്കത്തയിലെ പരിപാടി ആക്രമണത്തിൽ കലാശിച്ചെങ്കിലും ഗോട്ട് ഇന്ത്യ ടൂർ വൻ വിജയമായിരുന്നെന്നാണ് സംഘാടകർ പറയുന്നത്. രാജ്യം സംഘടിപ്പിച്ച ഏറ്റവും ചെലവേറിയ പരിപാടികളിൽ ഒന്നായിരുന്നു ഗോട്ട് ഇന്ത്യ ടൂർ. ഹൈദരാബാദിലും മുംബൈയിലും ഡൽഹിയിലും ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാണ് മെസിയെ കാണാൻ ടിക്കറ്റെടുത്തത്. കുട്ടികളുമായും സെലിബ്രിറ്റികളുമായും കായിക താരങ്ങളുമായും സന്ദർശനത്തിലുടനീളം മെസി സൗഹൃദം പങ്കിട്ടിരുന്നു.
ഗോട്ട് ഇന്ത്യ ടൂറിൽനിന്ന് ലഭിച്ച വരുമാനം സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംഘാടകർ. ഇന്ത്യ സന്ദർശനത്തിന് മെസ്സിക്ക് 89 കോടി രൂപ നൽകിയെന്ന് മുഖ്യ സംഘാടകനായ ശതാദ്രു ദത്ത പറഞ്ഞു. മെസ്സിയുടെ ടൂറിന് വേണ്ടി 100 കോടി രൂപ ചെലവഴിച്ചപ്പോൾ 11 കോടി രൂപ നികുതി ഇനത്തിൽ സർക്കാറിന് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. സ്പോൺസർമാരിൽനിന്നും ടിക്കറ്റ് വിൽപനയിലൂടെയുമാണ് പണം കണ്ടെത്തിയത്. 5000 രൂപ മുതൽ 25,000 രൂപ വരെ വാങ്ങിയാണ് ടിക്കറ്റ് വിൽപന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൊത്തം വരുമാനത്തിൽ 30 ശതമാനം ടിക്കറ്റ് വിൽപനയിൽനിന്നും 30 ശതമാനം സ്പോൺസർമാരിൽനിന്നും ലഭിച്ചെന്നാണ് ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ട്. ദത്തയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് ഈ കണക്ക്. എന്നിരുന്നാലും പരിപാടിയുടെ ചെലവും വരുമാനവും സംബന്ധിച്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഉപയോഗിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ദത്തയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 22 കോടി പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ദത്തയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. സ്പോൺസർമാരിൽനിന്ന് ലഭിച്ചതാണോ ഈ പണം എന്ന കാര്യം അവ്യക്തമാണ്.
മെസ്സിയുടെ പര്യടനത്തിനിടെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ ദത്തയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നിരവധി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളാണ് സംഭവത്തിൽ പശ്ചിമ ബംഗാൾ പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മെസ്സി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടായത്. സൂപ്പർതാരത്തെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലെന്ന് ആരോപിച്ച് ഗാലറിയിലുണ്ടായിരുന്നവർ സ്റ്റേഡിയത്തിലേക്ക് കുപ്പിയെറിയുകയും സീറ്റുകൾ നശിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

