വീട് നിർമാണം വൈകി; ഉപഭോക്താവിന് ലഭിച്ചത് 85 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsന്യൂഡൽഹി: വീട് കൃത്യസമയത്ത് നിർമിച്ചുനൽകാത്തതിന്റെ പേരിൽ ഉപഭോക്താവിന് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഹരിയാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയർമാൻ അരുൺ കുമാറാണ് ഉത്തരവിട്ടത്. ഹരിയാനയിലെ ബത്ര കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ അഞ്ച് വർഷം വൈകിയതിന്റെ പേരിൽ ഡൽഹിയിലെ കെട്ടിട നിർമാതാവിനെതിരെയാണ് നടപടി.
1.5 കോടി രൂപക്ക് 1105 ചതുരശ്രയടി വീട് നിർമിക്കാനാണ് നിർമാതാവുമായി കുടുംബം കരാറിലെത്തിയത്. രണ്ട് ഉറപ്പുകൾ ലഭിച്ചതോടെയാണ് കുടുംബം പണം പൂർണമായും നൽകി 2017 ആഗസ്റ്റ് 26ന് കരാറിൽ ഒപ്പിട്ടത്. 2020 ആഗസ്റ്റ് 26നകം വീട് നിർമിച്ചു കൈമാറുമെന്നും വീട് നിർമാണം തീരുന്നത് വരെ ഒരു ചതുരത്രയടിക്ക് 81.66 രൂപ റിട്ടേൺ നൽകുമെന്നുമായിരുന്നു ഉറപ്പ്. എന്നാൽ, ഈ രണ്ട് വാഗ്ദാനവും പാലിക്കാൻ നിർമാതാവിന് കഴിഞ്ഞില്ല. വാഗ്ദാനം ചെയ്ത പലിശ നിർമാതാവ് കുറച്ചു മാസങ്ങളിൽ നൽകിയിരുന്നു. പക്ഷെ, പിന്നീട് അതും നിർത്തി. തുടർന്നാണ് കെട്ടിട നിർമാതാവിനെതിരെ കുടുംബം നിയമനടപടി സ്വീകരിച്ചത്.
എന്നാൽ, കരാർ പ്രകാരം പലിശ നൽകാൻ നിർമാതാവ് ബാധ്യസ്ഥനാണെന്ന് കുടുംബത്തിന്റെ പരാതി പരിഗണിച്ച ഹരിയാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി വിലയിരുത്തി. തുടർന്ന് കുടുംബം നൽകിയ 1.5 കോടി രൂപക്ക് 11.10 പലിശയോടെ അഞ്ച് വർഷത്തെ മൊത്തം റിട്ടേൺ കുടുംബത്തിന് നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

