ജി.എസ്.ടി 2.0; പ്രതീക്ഷ എത്ര ശതമാനം
text_fieldsചരക്കുസേവന നികുതി പരിഷ്കരണം (ജി.എസ്.ടി 2.0) നാളെ മുതൽ പ്രാബല്യത്തിലാവുകയാണ്. സാമ്പത്തിക രംഗത്തെ സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ പ്രത്യക്ഷ ഇടപെടലായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. അതല്ല, താൽക്കാലികമായ ആശ്വാസങ്ങൾക്കപ്പുറം സംസ്ഥാന സർക്കാറുകൾക്ക് വലിയ നഷ്ടം സംഭവിക്കാൻ സാധ്യതയുള്ള പരിഷ്കരണം എന്നും ഇതിനെ നിരീക്ഷിച്ചവരുണ്ട്. അപ്പോഴും, സാധാരണക്കാർക്ക് ഏറെ ഗുണം ലഭിക്കുന്നവിധം നികുതിയിൽ കുറവ് വരുത്തിയത് പൊതുവിൽ ശ്ലാഘിക്കപ്പെടുകയാണ്. രാജ്യം പുതിയൊരു നികുതി ഘടനയിലേക്ക് പ്രവേശിക്കുമ്പോൾ, ഇതുസംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ വായനക്കാരുമായി പങ്കുവെക്കുകയാണ് ഈ ലക്കം.
ചരക്കു സേവന നികുതി (ജി.എസ്.ടി) ഘടന അശാസ്ത്രീയമാണെന്നും നികുതി നിരക്ക് കൂടുതലാണെന്നും ഏറെക്കാലമായുള്ള വിമർശനമായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജി.എസ്.ടിയെ ഗബ്ബർ സിങ് ടാക്സ് എന്ന് പരിഹസിക്കുകയുണ്ടായി. വൈകിയാണെങ്കിലും, സാധാരണക്കാർക്ക് ഏറെ ഗുണം ലഭിക്കുന്നവിധം നികുതിയിൽ കുറവ് വരുത്തിയും മറ്റും ജി.എസ്.ടി സംവിധാനത്തെ അടിമുടി പരിഷ്കരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
പരിഷ്കാരങ്ങൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ചരക്കുസേവന നികുതിയിൽ അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകൾ നിലനിർത്തി 12 ശതമാനം, 28 ശതമാനം ഒഴിവാക്കിയെന്ന് മാത്രമല്ല 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്കും 12 ശതമാനം സ്ലാബിലുള്ള 99 ശതമാനം ഉൽപന്നങ്ങളും അഞ്ചു ശതമാനത്തിലേക്കും മാറ്റിയത് നികുതിഭാരത്തിൽ വലിയ കുറവാണ് വരുത്തുക. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും അഞ്ച് ശതമാന നികുതി പരിധിയിലേക്ക് മാറുന്നു. 33 ജീവൻരക്ഷാ മരുന്നുകൾക്കും വ്യക്തിഗത ജീവൻ-ആരോഗ്യ ഇൻഷുറൻസുകൾക്കും നികുതിയില്ല.
ഇതോടൊപ്പം നികുതിഘടനയിലെ സങ്കീർണതകൾ കുറക്കണമെന്ന വ്യാപാരി സമൂഹത്തിന്റെ ദീർഘകാല ആവശ്യത്തെയും ധനമന്ത്രാലയം പരിഗണിച്ചിട്ടുണ്ട്. സർക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിലേക്ക് എത്താൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു എന്ന് പറയാം. അത്രമേൽ ഗുരുതരമായിരുന്നു സാമ്പത്തിക രംഗത്തെ മുരടിപ്പും സ്തംഭനാവസ്ഥയും. ഇടത്തരക്കാർക്ക് സാമ്പത്തികാശ്വാസം പകരുമ്പോൾ ഉപഭോഗം വർധിക്കുമെന്നതും വിപണിക്ക് ഉത്തേജനമാകുമെന്നുമാണ് സർക്കാർ കണക്കുകൂട്ടൽ.
രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനത്തിലേറെ ഇടത്തരക്കാരാണ്. നിത്യച്ചെലവിന്റെ ആകുലതകളില്ലാത്ത ഉപരിവർഗം 10 ശതമാനത്തിലേറെ വരും. എന്നാൽ, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന 50 ശതമാനത്തിലധികം വരുന്ന പാവങ്ങളെ വേണ്ടവിധം പരിഗണിക്കാൻ ഇപ്പോഴും സർക്കാർ തയാറായിട്ടില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നത് അവർക്കും ഗുണകരമാണ് എന്നത് ശരിയാണ്. എന്നാൽ, നികുതി കുറച്ചതിലൂടെ വിലക്കുറവായി ലഭിക്കുമെന്ന് കരുതുന്ന ചില്ലറ കൊണ്ട് അവരുടെ പ്രശ്നങ്ങൾ തീരുന്നില്ല. ചെലവിടാൻ പണമില്ലാത്തവർക്ക് വേണ്ടത് തൊഴിലും വരുമാനവുമാണ്. തൊഴിൽ സൃഷ്ടിക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ക്രിയാത്മക ഇടപെടലാണ് വേണ്ടത്.
വിലക്കുറവ് താൽക്കാലികം മാത്രമോ?
നികുതി നിരക്ക് കുറക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കാര്യമായ വിലക്കുറവ് ലഭിച്ചിട്ടില്ല എന്ന മുൻ അനുഭവമുണ്ട്. ജി.എസ്.ടി നടപ്പാക്കിയപ്പോൾ 28 ശതമാനത്തിൽനിന്ന് 18 ശതമാനമാക്കി കുറച്ച ഉൽപന്നങ്ങളുടെയൊന്നും വില കുറഞ്ഞില്ല. അല്ലെങ്കിൽ കുറഞ്ഞത് താൽക്കാലികമായിരുന്നു. കമ്പനികൾ അടിസ്ഥാന വിലയും സർവിസ് ചാർജും വർധിപ്പിച്ച് ആ കുറവ് തട്ടിയെടുക്കുകയായിരുന്നു. ഇപ്പോൾ ജി.എസ്.ടി പരിഷ്കാരത്തിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് വിവിധ കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് സുസ്ഥിരമാണെന്ന് ഉറപ്പുവരുത്താൻ സർക്കാറിന്റെയും ജി.എസ്.ടി വകുപ്പിന്റെയും നിരീക്ഷണവും ഇടപെടലും ആവശ്യമാണ്. വാഹനങ്ങളുടെ വില 10 ശതമാനത്തോളം കുറച്ച് പരസ്യങ്ങൾ വന്നുകഴിഞ്ഞു.
കമ്പനികൾ തമ്മിലുള്ള മത്സരം ഇതിന് സാഹചര്യമൊരുക്കിയിട്ടുണ്ട്. ഉപഭോഗം വർധിക്കേണ്ടത് കമ്പനികളുടെ കൂടി ആവശ്യമായി വരുന്ന മുരടിപ്പിന്റെ പശ്ചാത്തലമാണ് ഇപ്പോൾ ഉള്ളത്. അതേസമയം, പിന്നീട് മോഡൽ മാറ്റിയും മറ്റു കുറുക്കുവഴികളിലൂടെയും കമ്പനികൾ വില വർധിപ്പിച്ച് നികുതി കുറഞ്ഞത് ലാഭമാക്കി മാറ്റാനിടയുണ്ട്. നികുതി കുറച്ച 25 സാധനങ്ങൾ മുൻനിർത്തി മുമ്പ് സംസ്ഥാന ജി.എസ്.ടി വകുപ്പ് പഠനം നടത്തിയപ്പോൾ വിപണിയിൽ വില കുറയുന്നില്ലെന്നാണ് ബോധ്യപ്പെട്ടത്.
സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം
ജി.എസ്.ടി പരിഷ്കാരത്തിലൂടെ നികുതി കുറക്കുമ്പോൾ കേരളത്തിന് 8000-10,000 കോടി രൂപയുടെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നത്. കേരളത്തിന്റെ തനത് വരുമാനത്തിന്റെ 46 ശതമാനം വരുന്നത് ജി.എസ്.ടിയിൽനിന്നാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് 2017ൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾതന്നെ വൻ വരുമാന നഷ്ടമുണ്ടായി. 28 ശതമാനം നികുതി പരിധിയിലുണ്ടായിരുന്ന 229 ഉൽപന്നങ്ങളിൽ 32 എണ്ണം ഒഴിച്ച് ബാക്കി 18 ശതമാനത്തിലേക്ക് കൊണ്ടുവന്നു.
ഇപ്പോൾ ജി.എസ്.ടി 2.0 നടപ്പാക്കുമ്പോൾ 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്കും 12 ശതമാനം സ്ലാബിലുള്ള 99 ശതമാനം ഉൽപന്നങ്ങളും അഞ്ചു ശതമാനത്തിലേക്കും മാറുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം പൊതുവിൽ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. വില കുറയുന്നതിലൂടെ ഉപഭോഗം വർധിക്കുമെന്നും അതുവഴി നികുതി വരുമാനം വർധിക്കുമെന്നും പ്രതീക്ഷയുണ്ട്. നോൺ ആൽക്കഹോളിക് പാനീയങ്ങൾ, ആഡംബര വാഹനങ്ങൾ, സിഗരറ്റ് -പാൻമസാല ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നികുതി 28 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്തുന്നതും വരുമാനം വർധിപ്പിക്കുന്നതാണ്. ആകത്തുകയിൽ നഷ്ടംതന്നെയാകും ബാക്കി.
പഴയ കവറുകൾ ഉപയോഗിക്കാം
വിവിധ ഉൽപന്നങ്ങളുടെ പാക്കിങ് മെറ്റീരിയൽ കമ്പനികൾ ദീർഘകാലത്തേക്ക് മൊത്തമായി വാങ്ങിവെക്കുകയോ തയാറാക്കുകയോ ചെയ്യാറുണ്ട്. സെപ്റ്റംബർ 22ന് ജി.എസ്.ടി 2.0 പ്രാബല്യത്തിലാകുമ്പോൾ എം.ആർ.പി പ്രിന്റ് ചെയ്ത പഴയ പാക്കറ്റുകൾ എന്തുചെയ്യുമെന്ന ചോദ്യമുയരുന്നു. 2026 മാർച്ച് 31 വരെ പഴയ കവറുകളും മെറ്റീരിയലും ഉപയോഗിക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാർഗനിർദേശമുണ്ട്. പക്ഷേ, പുതുക്കിയ വില മാത്രമേ ഈടാക്കാവൂ. കഴിയുമെങ്കിൽ ജി.എസ്.ടി ഇളവിന് ശേഷമുള്ള പുതിയ വിലയും പാക്കറ്റിൽ ചേർക്കാം.
പഴംപൊരിക്ക് വിലകുറയുമോ?
പഴംപൊരിയും വടയും ഉൾപ്പെടെയുള്ള ലഘുഭക്ഷണങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. വൻകിട ലഘുഭക്ഷണ നിർമാതാക്കൾ 10 ശതമാനം വില കുറക്കാൻ തയാറായിട്ടുണ്ട്. എന്നാൽ, ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകളിലും ചെറിയ സ്ഥാപനങ്ങളിലും പരിഷ്കാരത്തിന്റെ പേരിൽ വില കുറയുമെന്ന പ്രതീക്ഷയില്ല. അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നത് അവർക്കും നേട്ടമാണ്.
എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി അസംസ്കൃത വസ്തുക്കളിലുണ്ടായ വിലക്കയറ്റം പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഉൽപാദന മേഖലയിൽ 40 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവുള്ള കമ്പനികളേ ജി.എസ്.ടി പരിധിയിൽ വരുന്നുള്ളൂ. പാക്കറ്റ് പൊറോട്ടയുടെ 18 ശതമാനം നികുതി ഇല്ലാതാവും. എന്നാൽ, ഹോട്ടലുകളിൽ പോയി കഴിക്കുമ്പോൾ ഈ ഇളവ് പ്രതീക്ഷിക്കേണ്ട. മിക്സ്ചർ പോലെയുള്ള പാക്കറ്റ് ഭക്ഷണങ്ങളുടെ നികുതി 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാവുന്നു.
ബുള്ളറ്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്
350 സി.സി വരെ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളുടെ നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയും. വിപണിയിലിറങ്ങുന്ന 95 ശതമാനം ബൈക്കുകളും സ്കൂട്ടറുകളും ഈ ശ്രേണിയിൽപെട്ടതാണ്. 10 ശതമാനം വില കുറയാനാണ് സാഹചര്യമൊരുങ്ങിയത്. അതായത്, ഒരു ലക്ഷം രൂപ വിലയുള്ള ബൈക്കിന് 10,000 രൂപ കുറയും. റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രീമിയം മോഡലുകളായ ക്ലാസിക് 650, സ്ക്രാം 440, ഷോട്ട്ഗണ്‍ 650, സൂപ്പര്‍ മിറ്റിയോര്‍ 650, ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല് ജി.ടി തുടങ്ങിയവയും കെ.ടി.എമ്മിന്റെ 390 സീരിസ്, ബജാജ് പള്‍സര്‍ എന്‍.എസ് 400, ട്രയംഫ് സ്പീഡ് 400, സ്ക്രാംബ്ളര് 400 തുടങ്ങിയവയും എൻജിൻ ശേഷി 350 സി.സിയിൽ കൂടുതലാണ്. 25,000 മുതൽ 40,000 രൂപ വരെയാണ് ഇവയുടെ വില വർധിക്കുക.
എൻഫീൽഡ് ബുള്ളറ്റ് നികുതി വർധനയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പേരിൽ 350 എന്ന് ഉണ്ടെങ്കിലും റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350, ബുള്ളറ്റ് 350, മിറ്റിയോര്‍ 350 എന്നീ മോഡലുകള്‍ എന്നിവയുടെ ശേഷി 349 സി.സിയാണ്. ഹോണ്ട സി.ബി 350ന്റെ ശേഷി 348.66 സി.സി. ജി.എസ്.ടി നിരക്കിളവ് ലഭിക്കാനായി പ്രീമിയം ബൈക്ക് നിർമാതാക്കൾ ഇത്തരത്തിൽ 350 സി.സിക്ക് തൊട്ടുതാഴെയുള്ള മോഡലുകൾ പുതുതായി നിരത്തിലിറക്കാനും സാധ്യതയുണ്ട്.
പരാതി പരിഹാരത്തിന് പോർട്ടൽ
ജി.എസ്.ടി പരിഷ്കാരവുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനിന്റെ ‘ഇൻഗ്രാം’ (സംയോജിത പരാതി പരിഹാര സംവിധാനം) പോർട്ടലിൽ പ്രത്യേക വിഭാഗം ഏർപ്പെടുത്തിയതായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചു. ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനുമായി (എൻ.സി.എച്ച്) ‘നെക്സ്റ്റ് ജെൻ ജി.എസ്.ടി റിഫോംസ് 2025’ ബന്ധിപ്പിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ജി.എസ്.ടി നിരക്കുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനിലേക്ക് വരാനിടയുള്ള അന്വേഷണങ്ങൾക്കും പരാതികൾക്കും മറുപടി നൽകാനായി പ്രത്യേക വിഭാഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഓട്ടോ മൊബൈൽ, ബാങ്കിങ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഇ-കൊമേഴ്സ്, എഫ്.എം.സി.ജി, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചതിനാൽ പരാതികൾ എളുപ്പം രജിസ്റ്റർ ചെയ്യാനാകും.
ദേശീയ ഉപഭോക്തൃ ഹെൽപ് ലൈൻ
(https://consumerhelpline.gov.in/) രാജ്യത്ത് ഉപഭോക്താക്കൾക്ക്, ഉൽപന്ന, സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാനുള്ള സംവിധാനമാണിത്. മലയാളമടക്കം 17 ഭാഷകളിൽ ഇതുവഴി പരാതികൾ സമർപ്പിക്കാം. പോർട്ടലിലെ സംവിധാനമായ ‘INGRAM’ വഴി പരാതി നൽകാം: ഇതിൽ വാട്സ്ആപ്, എസ്.എം.എസ്, ഇമെയിൽ, എൻ.സി.എച്ച് ആപ്, വെബ് പോർട്ടൽ, UMANG ആപ് എന്നിങ്ങനെയെല്ലാം രജിസ്റ്റർ ചെയ്യാം. ടോൾഫ്രീ നമ്പറായ 1915 വഴിയും നൽകാം.
പെട്രോൾ, ഡീസൽ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയാലെന്താ!...
പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തി നികുതി കുറക്കണമെന്ന ആവശ്യത്തിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചെവികൊടുത്തില്ല. ജനങ്ങൾക്ക് ആശ്വാസം നൽകുകയാണ് ലക്ഷ്യമെങ്കിൽ പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുകയല്ലേ വേണ്ടത് എന്ന ചോദ്യം ബാക്കിയാവുന്നു. ഇന്ധനവില കുറയുകയാണെങ്കിൽ ചരക്കുനീക്കത്തിന്റെ ചെലവ് കുറയുകയും എല്ലാ സാധനങ്ങൾക്കും വില കുറയാൻ സാഹചര്യമൊരുങ്ങുകയും ചെയ്യും. സമീപഭാവിയിൽ പെട്രോളിനും ഡീസലിനും ജി.എസ്.ടി ബാധകമാക്കില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ എതിർപ്പും ഇതിനൊരു കാരണമാണ്. നിലവിൽ എല്ലാ സംസ്ഥാനങ്ങളും സ്വന്തം നിലക്കുള്ള മൂല്യവർധിത നികുതി (വാറ്റ്) ആണ് ഈടാക്കുന്നത്. കൂടാതെ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസൽ 10 രൂപയും ആണ് എക്സൈസ് ഡ്യൂട്ടിയായി കേന്ദ്രം ഈടാക്കുന്നത്. രണ്ടും ചേരുമ്പോൾ വിലയുടെ 45 മുതൽ 60 വരെ ശതമാനമാണ് നികുതി. ജി.എസ്.ടിയിലെ ഉയർന്ന സ്ലാബായ 28 ശതമാനം ഈടാക്കിയാൽ പോലും വില ഗണ്യമായി കുറയും. പെട്രോളിനും ഡീസലിനും ജി.എസ്.ടി ബാധകമാക്കിയാൽ പ്രതിവർഷം മൂന്ന് ലക്ഷം കോടിയുടെ വരുമാന നഷ്ടമെങ്കിലും എല്ലാ സംസ്ഥാനങ്ങൾക്കുമായി ഉണ്ടാകും. ഇവിടെ കേന്ദ്രത്തിന്റെ താങ്ങ് ലഭിക്കാതെ സംസ്ഥാനങ്ങൾക്ക് നിലനിൽക്കാൻ കഴിയില്ല. ഇന്ധന നികുതിയായി പ്രതിവർഷം കേരളം 25,000 കോടി രൂപയിലധികം നേടുന്നുണ്ട്. മദ്യത്തിന്റെ കാര്യത്തിലും ഇതേ സാഹചര്യമാണ്.
കാർ വിലയിൽ വരുന്ന കുറവ്
മഹീന്ദ്ര
ബൊലേറോ/നിയോ 1.27 ലക്ഷം
എക്സ്.യു.വി 3
എക്സ്.ഒ (പെട്രോൾ) 1.4 ലക്ഷം
ഥാർ 2 ഡബ്ല്യു.ഡി
(ഡീസൽ) 1.35 ലക്ഷം
ഥാര്‍ 4 ഡബ്ല്യു.ഡി
(ഡീസല്‍) 1.01 ലക്ഷം
സ്കോര്‍പിയോ
ക്ലാസിക് 1.01 ലക്ഷം
സ്കോര്‍പിയോ എൻ 1.45 ലക്ഷം
ഥാര്‍ റോക്സ് 1.33 ലക്ഷം
എക്സ്.യു.വി 700 1.43 ലക്ഷം
ടൊയോട്ട
ഗ്ലാന്‍സ ഹാച്ച്ബാക്ക് 85,300
ടൈസര്‍ 1.11 ലക്ഷം
റൂമിയണ്‍ 48,700
ഹൈറൈഡര്‍ 65,400
ഇന്നോവ ക്രിസ്റ്റ 1.8 ലക്ഷം
ഫോര്‍ച്യൂണര്‍ 3.49 ലക്ഷം
ലെജന്‍ഡര്‍ 3.34 ലക്ഷം
ഹൈലക്സ് 2.52 ലക്ഷം
കാംറി 1.01 ലക്ഷം
വെല്‍ഫയര്‍ 2.78 ലക്ഷം
ടാറ്റ മോട്ടോഴ്സ്
ടിയാഗോ 75,000
ആല്ട്രോ 1.10 ലക്ഷം
പഞ്ച് 85,000
നെക്സോൺ 1.55 ലക്ഷം
കർവ് 65,000
ഹാരിയർ 1.4 ലക്ഷം
സഫാരി 1.45 ലക്ഷം
മാരുതി സുസുകി
എസ്-പ്രെസോ 1,29,000
ആൾട്ടോ കെ10 1,07,600
സെലേറിയോ 94,000
വാഗണർ 79,000
സ്വിഫ്റ്റ് -84,000
ഡിസയർ 87,000
ബ്രെസ 1,12,000
എർട്ടിഗ 46,000
ഈക്കോ 68,000
ഹ്യൂണ്ടായ്
ഗ്രാൻഡ് ഐടെൻ
നിയോസ് 73,000
സെഡലാൻ ഓറ 78,000
എക്സ്റ്റർ നൈറ്റ് 89,000
ഹാച്ച്ബാക്ക് ഐ 20 98,000
ക്രോസ് ഹാച്ച് ഐ 20 1,08,000
വെന്യൂ 3 1,23,000
സെഡാൻ വെർന 60,000
ക്രെറ്റ 72,000
ക്രെറ്റ എൻ ലൈൻ 71,000
അൽക്കസർ 75,000
ട്യൂസോൺ 2.40 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

